
പ്രതീകാത്മക ചിത്രം
കോഴിക്കോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് സൊസൈറ്റിക്ക് കീഴിലെ റിസോഴ്സ് പേഴ്സണർമാർക്ക് അഞ്ച് മാസമായി വേതനം ലഭിക്കുന്നില്ലെന്ന് പരാതി. ജില്ലാ, ബ്ലോക്ക്, വില്ലേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന ഏകദേശം 2500-ഓളം റിസോഴ്സ് പേഴ്സൺമാരാണ് അഞ്ച് മാസത്തെ വേതനം ലഭിക്കാതെ പ്രയാസത്തിലായിരിക്കുന്നത്.
ലോക്ഡൗൺ കാലത്ത് വേതനം ലഭിക്കാതായതോടെ പലരും വൻ സാമ്പത്തികബുദ്ധിമുട്ടിലാണ്. മരുന്ന് വാങ്ങാനും ചികിത്സാ ആവശ്യത്തിനും പണമില്ലാതെ വലയുകയാണ്. മുടങ്ങികിടക്കുന്ന വേതനം ലഭിക്കാനായി നിരന്തരം അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിൽനിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് വേതനം മുടങ്ങാൻ കാരണമെന്നാണ് വിശദീകരണം. കേന്ദ്രത്തിൽനിന്നുള്ള പണം ഇനിയും വൈകുകയാണെങ്കിൽ സംസ്ഥാന സർക്കാർ ഇടപെട്ട് മറ്റു സാമ്പത്തിക ഉറവിടങ്ങൾ കണ്ടെത്തി വേതനം നൽകണമെന്നാണ് റിസോഴ്സ് പേഴ്സൺമാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾക്കും ഇവർ നിവേദനം നൽകിയിട്ടുണ്ട്.
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ വിവിധ പ്രവർത്തികൾ സോഷ്യൽ ഓഡിറ്റ് ചെയ്യുന്നതിനായാണ് കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ സ്വതന്ത്ര സോഷ്യൽ ഓഡിറ്റ് സൊസൈറ്റി രൂപവത്കരിച്ചത്. ഇതിന് കീഴിൽ ജില്ലാതലങ്ങളിലും ബ്ലോക്ക് തലങ്ങളിലും വില്ലേജ് തലങ്ങളിലും റിസോഴ്സ് പേഴ്സൺമാരെയും നിയമിച്ചിരുന്നു.
ജില്ലാതലങ്ങളിലെ റിസോഴ്സ് പേഴ്സണ്‍ മാസം 20,000 രൂപയാണ് വേതനം. ബ്ലോക്ക് തലത്തിൽ 15,000 രൂപയും. വില്ലേജ് റിസോഴ്സ് പേഴ്സണ്‍ 350 രൂപയാണ് ദിവസവേതനം. പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ളവരും ബി.പി.എൽ, കുടുംബങ്ങളിൽ ഉൾപ്പെട്ടവരും തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുടെ കുടുംബാംഗങ്ങളുമാണ് വില്ലേജ് റിസോഴ്സ് പേഴ്സൺമാരിൽ ഭൂരിഭാഗവും. ഇവരിൽ പലരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. എന്നാൽ നേരത്തെ ലഭിച്ചിരുന്ന വേതനം കൂടി മുടങ്ങിയതോടെ ഇവരെല്ലാം കടുത്ത സാമ്പത്തികപ്രയാസമാണ് അനുഭവിക്കുന്നതെന്ന് കോഴിക്കോട് ജില്ലാ റിസോഴ്സ് പേഴ്സൺ ആയ ചിംന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാരിൽനിന്ന് പണം ലഭിക്കാത്തതാണ് റിസോഴ്സ് പേഴ്സൺമാരുടെ വേതനം മുടങ്ങാൻ കാരണമെന്ന് സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഡയറക്ടർ ഇ. ശ്രീകുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. സോഷ്യൽ ഓഡിറ്റിന് കേന്ദ്രസർക്കാരാണ് പണം നൽകുന്നത്. ഘട്ടംഘട്ടമായാണ് ഇത് അനുവദിക്കാറുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ എല്ലാരേഖകളും കഴിഞ്ഞ നവംബറിൽതന്നെ സമർപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിൽനിന്ന് പണം ലഭിച്ചില്ല. പണം ലഭിക്കാതിരുന്നാൽ കേരളത്തിലെ സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങൾ താളംതെറ്റുമെന്ന് ഗവേണിങ് ബോഡി ചൂണ്ടിക്കാട്ടിയതിനാൽ അഡീ. ചീഫ് സെക്രട്ടറി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു. പണം വൈകുന്നത് സംബന്ധിച്ചും ഇക്കാര്യങ്ങളിലും തുടരന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്''- അദ്ദേഹം പറഞ്ഞു.
Content Highlights:mgnrega kerala social audit resource persons salary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..