ഗവേഷക വിദ്യാർഥി സമരപന്തലിൽ | Screengrab: മാതൃഭൂമി ന്യൂസ്
കോട്ടയം: ഉന്നത് വിദ്യാഭ്യാസമന്ത്രി ആര് ബിന്ദുവിനും സിപിഎമ്മിനുമെതിരേ എം.ജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി. എസ്.സി എസ്.ടി കേസ് അട്ടിമിറിച്ചത് സിപിഎം ഇടപെട്ടാണെന്നാണ് ദീപയുടെ ആരോപണം. സിപിഎമ്മിന്റെ ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്നും നന്ദകുമാറിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിയാണെന്നും വിദ്യാര്‍ഥി ആരോപിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു ഇതിന് കൂട്ടുനില്‍ക്കുകയാണെന്നാണ് ആരോപണം. പാര്‍ട്ടി സംസ്ഥാന നേതാവിന്റെ ഭാര്യയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും വിദ്യാര്‍ഥി വിമര്‍ശനം ഉന്നയിച്ചു. കോട്ടയത്ത് വന്നിട്ടും ഗവര്‍ണര്‍ സമരപന്തല്‍ സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നാണ് ഗവേഷക വിദ്യാര്‍ഥിയുടെ ആരോപണം. ഗവര്‍ണര്‍ നന്ദകുമാറിനെ വിശ്വസിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഇടപെലുണ്ടാകണമെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.
മന്ത്രി വി.എന്‍ വാസവന് നന്ദകുമാറിനായി ഇടപെട്ട് മുന്‍ വി.സിയെ വിളിച്ചുവെന്നാണ് ഗവേഷകയുടെ ആരോപണം. അതേസമയം ജാതി വിവേചന വിഷയത്തില്‍ വിദ്യാര്‍ഥിക്ക് ഗവേഷണം തുടരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും നന്ദകുമാറിനെ മാറ്റിനിര്‍ത്തണമെന്നും മന്ത്രി ആര് ബിന്ദു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നാനോ സെന്ററിൽ നിന്ന് മാറ്റിനിര്‍ത്തി ഉത്തരവും ഇറങ്ങി.
എന്നാല്‍ പഴയ ഡിപാര്‍ട്മെന്റ് ആയ ഫിസിക്സിലേക്ക് മാറ്റണം എന്ന ആവശ്യം ഉന്നയിച്ച് സമരം തുടരുകയായിരുന്നു. അതിനിടെയാണ് സിപിഎമ്മിനേയും മന്ത്രി ആര് ബിന്ദുവിനേയും കടന്നാക്രമിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. സര്‍വകലാശാല സമിതി നടത്തിയ കണ്ടെത്തലുകളെ സിപിഎം അട്ടിമറിച്ചുവെന്നും ഗവേഷക വിദ്യാര്‍ഥി ആരോപിക്കുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമരു പോസ്റ്റ് ഇട്ടതെന്ന് വ്യക്തമല്ല. എന്നാല്‍ വിവാദമാകുമെന്ന് കണ്ടതോടെ അരമണിക്കൂറിന് ശേഷം ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
Content Highlights: mg university scholar against cpm and governor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..