എൽസിയിൽനിന്ന് വിജിലൻസ് സംഘം തെളിവെടുപ്പ് നടത്തുന്നു | Photo: Screengrab
കോട്ടയം: മാര്‍ക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയതിന് പിടിയിലായ എം.ജി സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ എല്‍സി അടക്കമുള്ളവരുടെ നിയമനത്തില്‍ ഇടത് സംഘടന ഇടപെട്ടതിന്റെ രേഖകള്‍ പുറത്ത്. തസ്തിക മാറ്റം വഴിയുള്ള അസിസ്റ്റന്റ് നിയമനത്തിലെ മാനദണ്ഡം മാറ്റാന്‍ എംപ്ലോയീസ് അസോസിയേഷന്‍ വി.സിക്ക് നല്‍കിയ കത്ത് പുറത്തുവന്നു.
രണ്ട് ദിവസം മുന്‍പാണ് എം.ബി.എ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് എല്‍സിയെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയത്. ഒന്നരലക്ഷം രൂപയാണ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി ഇവര്‍ ആവശ്യപ്പെട്ടത്.
2016ലാണ് സര്‍വകലാശാലയ്ക്ക് കീഴിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത്. രണ്ട് ശതമാനം താഴ്ന്ന തസ്തികയില്‍ നിന്ന് പ്രമോഷനായി വരുന്നവര്‍ക്ക് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നല്‍കണമെന്ന ഉത്തരവും അന്ന് നിലവിലുണ്ടായിരുന്നു. പിന്നീട് സര്‍വീസ് സംഘടനകളുടെ നിര്‍ബന്ധം കാരണം രണ്ട് ശതമാനം എന്നത് നാല് ശതമാനമായി ഉയര്‍ത്തി.
അതിനിടെ എല്‍.സിയുടെ ബിരുദത്തെ കുറിച്ചും അന്വേഷിക്കാന്‍ വിജിലന്‍സ് നീക്കം ആരംഭിച്ചിട്ടുണ്ട്. 2010 ല്‍ പ്യൂണ്‍ തസ്തികയിലാണ് എല്‍സി സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ഇവര്‍ എസ്.എസ്.എല്‍.സി പോലും പാസായിട്ടില്ലായിരുന്നു. എന്നാല്‍ 2016 ല്‍ താഴ്ന്ന തസ്തികയിലുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവര്‍ എസ്.എസ്.എല്‍.സി പ്ലസ് ടു തുല്യത പരീക്ഷകളും എം.ജിയില്‍ നിന്ന് റെഗുലറായി ഡിഗ്രിയും പാസായിട്ടുണ്ടായിരുന്നു.
2017ല്‍ അസിസ്റ്റന്റായി ജോലിക്ക് പ്രവേശിക്കുമ്പോള്‍ വേണ്ടുന്ന യോഗ്യതകളെല്ലാം ഇവര്‍ക്കുണ്ടായിരുന്നു. ഇതില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന കാര്യവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
Content Highlights: MG university assistant bribe case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..