Photo: Screengrab
തിരുവനന്തപുരം: എം.ജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കുന്നതിനെതിരെ നവമാധ്യമങ്ങളിൽ ഇടതുപക്ഷ അനുഭാവികളുടെ രൂക്ഷ വിമർശനം. ശ്രീകുമാർ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടാണ് ഇടതുപക്ഷ അനുഭാവികൾ ഉൾപ്പെടെയുള്ളർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ സർക്കാർ തലത്തിൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിച്ച വി. മുരളീധരന്റെ ഫെയ്സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള എം.ജി ശ്രീകുമാറിന്റെ വീഡിയോയാണ് വിമർശകർ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. കഴക്കൂട്ടത്ത് താമര വിരിയാൻ ആഗ്രഹിച്ച ഗായകനെത്തന്നെ ചെയർമാനാകാൻ തീരുമാനിച്ചത് ശരിയോ എന്നാണ് സമൂഹ മാധ്യമങ്ങളിലെ ഇടത് കൂട്ടായ്മയിലെ ഇപ്പോഴത്തെ ചർച്ച.
പാർട്ടി അച്ചടക്കം പാലിക്കേണ്ടതിനാൽ ചർച്ചകളിൽ ഭൂരിഭാഗവും സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പുകളിലാണ്. എങ്കിലും പാർട്ടി അനുഭാവികളായി തുടരുന്നവർ ഫെയ്സ്ബുക്കിലും പ്രതികരിക്കുന്നുണ്ട്. തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തുന്നതാകും നല്ലത് എന്നാണ് വിമർശകർ പറയുന്നത്. പാർട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്ന പുതിയ വർഗത്തിലെ പ്രതിനിധികൾക്കാണ് ഇപ്പോൾ നിയമനം ലഭിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞയാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ചലച്ചിത്ര പിന്നണി ഗായകൻ എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിശ്ചയിച്ചത്. ബിജെപി നേതാക്കളുമായി അടുപ്പം സൂക്ഷിക്കുന്ന എം.ജി ശ്രീകുമാറിന് നിയമനം ലഭിച്ചത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സർക്കാർ ആരേയും ചെയർമാനായി നിയമിച്ചിട്ടില്ലെന്നായിരുന്നു സാംസ്കാരിക വകുപ്പിന്റെ മറുപടി.
Content Highlights: MG Sreekumar is CPM choice to head Kerala Sangeetha Nataka Akademi - Controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..