
റേഞ്ചില്‍ പുലിയെ പിടിക്കാന്‍ എത്തിച്ച
കുരങ്ങ്കൂട്. കൂട് പൊളിച്ച്പുലിപോയഭാഗവും
കാണാം (വൃത്തത്തിനുള്ളില്‍)
മേട്ടുപ്പാളയം: ആളും ആരവുമായി കൂടൊരുക്കിയവര്‍, ആടിനെയും കെട്ടിയിട്ട് കാത്തിരുന്നു. പുലര്‍ച്ചേതന്നെ കൂട് പരിശോധിക്കാന്‍ എത്തിയവര്‍ അന്തിച്ച് നിന്നു. കൂടിന്റെ പൂട്ട് പൊളിച്ചിട്ടില്ല, പക്ഷെ ആടിനെ കെട്ടിയ സ്ഥലത്ത് അതിന്റെ ചെറിയ ഭാഗങ്ങള്‍ മാത്രം. പരസ്പരം മുഖം നോക്കിയവര്‍ അവിശ്വാസത്തോടെ വീണ്ടും കൂട് പരിശോധിച്ചപ്പോഴാണ് കൂടിനടിയിലെ ദ്വാരത്തിലൂടെ കഥയിലെ വില്ലന്‍ കടന്നുകളഞ്ഞ വിവരമറിഞ്ഞത്.
കോയമ്പത്തൂര്‍ ജില്ല മേട്ടുപ്പാളയത്തിനടുത്തുള്ള കാരമട റേഞ്ചിലാണ് സംഭവം. ഈ റേഞ്ചിലെ മേടുര്, മുട്ട്കല്ലൂര് ഭാഗങ്ങളില്‍ പുലിയുടെ ശല്യമുള്ളതായി നിരന്തരം പരാതി ഉയര്‍ന്നിരുന്നു. മേടുര് ഗ്രാമത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് പത്തോളം ആടുകളെ പുലി കടിച്ച്കൊന്നതായാണ് പരാതി. മുട്ട്കല്ലൂര് ഭാഗത്ത് രണ്ട് ആടുകളും നാല് നായ്ക്കളുമാണ് ചത്തത്. ജൂണ്‍ 22ന് ഈ ഭാഗത്ത് രണ്ട് ക്യാമറകള്‍ വെച്ച് പരിശോധിച്ചതില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്നാണ് പുലിയെ പിടിക്കാന്‍ കൂട് എത്തിക്കാന്‍ വനപാലകര്‍ പോയത്. വാള്‍പാറ, മേട്ടുപ്പാളയം, സത്യമംഗലം തുടങ്ങി കോയമ്പത്തൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പുലിശല്യത്തിന് കൂട് വെച്ചത് കാരണം സമയത്തിന് കൂട് കിട്ടിയില്ല.
വെച്ചത് കുരങ്ങ്കൂട്
പുലിക്കൂട് ഇല്ലാത്തതിനാല്‍ തല്കാലം കുരങ്ങിനെ പിടിക്കാനുള്ള കൂട് കൊണ്ടുവരാന്‍ ധാരണയായി. നാട്ടുകാരും വനപാലകരും ആഘോഷമായി കൂടെത്തിച്ചു. ജൂണ്‍ 29ന് സമീപത്തെ ബൊമ്മനായക്കര് തോട്ടത്തില്‍ നിന്ന് ആടിനെയും എത്തിച്ച് ക്യാമറയും വെച്ച് കാത്തിരുന്നവര്‍ക്കാണ് അമളി പിണഞ്ഞത്. ആടിനെ ഉള്ളില്‍ കെട്ടിയിട്ട ശേഷം താത്കാലികകൂടില് അന്നുതന്നെ പുലിവരുമെന്ന് അവരാരും പ്രതീക്ഷിച്ചില്ല എന്നുവേണം കരുതാണെന്ന് ആടിനെ കൊടുത്ത തോട്ടമുടമ വിലപിച്ചു.
അകത്ത് കയറിയ പുലി ആടിനെ കൊന്നശേഷം കൂടിനടിയിലെ പ്ലൈവുഡ്പലക തകര്‍ത്ത് അടിയിലെ മണ്ണ്മാന്തി മാറ്റിയശേഷം കടന്നുകളഞ്ഞ കാഴ്ചയാണ് പിന്നീട് ക്യാമറയിലൂടെ വനപാലകരോപ്പം നാട്ടുകാരും കണ്ടത്. സംഭവം പുറത്തറിഞ്ഞ നാണക്കേടില്‍ ഉടന്‍തന്നെ കോയമ്പത്തൂരില്‍ നിന്ന് 'പുലിക്കൂട്' തന്നെ എത്തിച്ച് പുലിയെ കാത്തിരിക്കുകയാണ് കാരമടയിലെ വനപാലകര്‍.