തിരുവനന്തപുരം: കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ജൂണ്‍ 10, 11, 12 തീയതികളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ജൂണ്‍ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും ജൂണ്‍ 11 ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും ജൂണ്‍ 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മി.മീ വരെ മഴ) അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.
ജൂണ്‍ 8ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ജൂണ്‍ 9 ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും ജൂണ്‍ 10ന് കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ജൂണ്‍ 11 ന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ജൂണ്‍ 12ന് ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കുന്നത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നു. കാലാവസ്ഥാ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലര്‍ട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Content Highlights: Meteorological Department, red alert in kerala, kerala mansoon