തിരുവനന്തപുരം: വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്തെ വ്യാപാരികള്‍ നാളെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്തത് വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

അമ്പലപ്പുഴ ചിത്ര സ്റ്റോഴ്‌സ് ഉടമ ആര്‍ ശ്രീകുമാറാണ് മരിച്ചത്. 16 ലക്ഷംരൂപ നികുതിയടയ്ക്കാന്‍ നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്നാണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ശ്രീകുമാറിന്റെ മൃതദേഹവുമായി വ്യാപാരികള്‍ ആലപ്പുഴ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. കടയടപ്പ് സമരത്തില്‍ പങ്കെടുക്കുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ്‌സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.