കൊച്ചി: സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയില്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനത്ത് ടി.പി.ആര്‍ അനുസരിച്ചുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ഇത് പിന്‍വലിക്കാനുള്ള നിര്‍ദേശമുണ്ടാകണമെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. 

ലോക്ഡൗണ്‍ കാരണം കടകള്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ വ്യാപാരികള്‍ ദുരിതത്തിലാണെന്നും അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം ഇളവുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണ് വ്യാപാരികള്‍. ബക്രീദിന് ശേഷം ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതോടെ ഓഗസ്റ്റ് രണ്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്താനും ഓഗസ്റ്റ് ഒന്‍പത് മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുമാണ് തീരുമാനം.

നിയന്ത്രണങ്ങളുടെ ഭാഗമായി കൂടുതല്‍ ദിവസം കടകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നുവെന്നും ഇത് രോഗവ്യാപനം വര്‍ധിപ്പിക്കുന്നുവെന്നുമാണ് മറ്റൊരു ആരോപണം. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലാണെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അഭിപ്രായപ്പെടുന്നത്. മുന്‍പ് കടുത്ത നിലപാടിലേക്ക് പോകാത്തത് മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണെന്നും എന്നാല്‍ അദ്ദേഹം വാക്ക് പാലിച്ചില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.

Content Highlights: merchants approached High court in shop reopening issue