മേപ്പാടി: എളമ്പിലേരിയിലെ റിസോര്‍ട്ടിന്റെ ടെന്റില്‍ കഴിയുകയായിരുന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത നടപടി. മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുടമകള്‍ക്കും താത്കാലിക സ്റ്റോപ്പ് മെമ്മോ നല്‍കി. എല്ലാ റിസോര്‍ട്ടുകളുടെയും ലൈസന്‍സുകള്‍ പരിശോധിക്കും. ലൈസന്‍സുള്ളവയ്ക്ക് മാത്രമേ പിന്നീട് പിന്നീട് പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ. അല്ലാത്തവയെല്ലാം പൂട്ടാന്‍ നിര്‍ദേശിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

യുവതി കാട്ടാനയുടെ ആക്രമണത്തിനിരയായ എളമ്പിലേരിയിലെ റിസോര്‍ട്ടിന് പഞ്ചായത്തിന്റെ ലൈസന്‍സില്ല. ഗ്രാമപ്പഞ്ചായത്തിലെ മിക്ക റിസോര്‍ട്ടുകളും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നിയമപരമായ മുഴുവന്‍ രേഖകളും ഹാജരാകുന്നവര്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂവെന്നും പ്രസിഡന്റ് ഓമന രമേഷ് പറഞ്ഞിരുന്നു.

കാട്ടാനയുടെ ആക്രമണത്തില്‍ അധ്യാപികയായ കണ്ണൂര്‍ ചേലേരി കല്ലറപുരയില്‍ ഷഹാനയാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. റിസോര്‍ട്ടിലെ ടെന്റിലായിരുന്നു ഷഹാനയും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ടെന്റിനു പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനയെ ആന ആക്രമിക്കുകയായിരുന്നു.

വനാതിര്‍ത്തിയോടു ചേര്‍ന്ന ടെന്റുകള്‍ അനധികൃതമാണെന്നു കണ്ടെത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയുമാണ് വിനോദസഞ്ചാരികളെ ടെന്റുകളില്‍ പാര്‍പ്പിച്ചിരുന്നത്. ടെന്റുകള്‍ സ്ഥാപിച്ചിരുന്ന പുഴയോരം പതിവായി കാട്ടാനകള്‍ ഇറങ്ങുന്ന ഇടമാണ്.

Content Highlights: Meppadi elephant attack: Stop memo for all resorts in Wayanad Meppadi Panchayath