ന്യൂഡല്‍ഹി: നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്‍റെ നേട്ടങ്ങളെ പരാമര്‍ശിച്ച് ബിബിസി. ബിബിസി ഇന്ത്യയുടെ 'വര്‍ക്ക് ലൈഫ് ഇന്ത്യ' എന്ന ചര്‍ച്ചയിലാണ് പരാമര്‍ശം. ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ അവതാരക ദേവിന ഗുപ്തയാണ് വൈറസ് രോഗങ്ങളെ കേരളം നേരിട്ടത് ചൂണ്ടിക്കാണിച്ചത്. 

കേരളത്തില്‍ മൂന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അവര്‍ക്ക് രോഗം ഭേദമായി. നിപ, സിക വൈറസുകള്‍ക്കെതിരെയും കേരളം പോരാടുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് ദേവിന ഗുപ്ത ചുണ്ടിക്കാണിച്ചു. ഈ മാതൃകകളില്‍ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ദേവിനയുടെ ചോദ്യം. 

പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടര്‍ ഷഹീദ് ജമീലാണ് ഇതിന് മറുപടി നല്‍കിയത്. ആരോഗ്യ മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഷഹീദ് ജമീല്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയിലെ  സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. 

'ആശുപത്രികള്‍ മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍. അതാണ് ജനങ്ങള്‍ ആദ്യം എത്തുന്ന ഇടം. ഒരു വശത്ത് അവ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരു വശത്ത് രോഗനിര്‍ണയം വളരെ ഫലപ്രദമായി ചെയ്യുന്നു. ഈ വൈറസുകളെയും അതിന്റെ വ്യാപനത്തെയും അവര്‍ മികച്ച രീതയില്‍ പിന്തുടരുന്നു', ഡോ. ഷാഹിദ് ജമാല്‍ ചൂണ്ടിക്കാണിച്ചു.

Content Highlights: Mention of Kerala's health benefits in the BBC program