പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
കൊരട്ടി: നിര്‍ത്തിയിട്ട ലോറി തട്ടിയെടുത്ത് 27 കിലോമീറ്റര്‍ ഓടിച്ച് മാനസികവെല്ലുവിളി നേരിടുന്നയാള്‍. ദീര്‍ഘദൂര ഓട്ടത്തിനിടെ മൂത്രമൊഴിക്കാനായാണ് ഡ്രൈവര്‍ പാലിയേക്കരയില്‍ ലോറി നിര്‍ത്തിയത്. ഡ്രൈവര്‍ ഇറങ്ങിയ ഉടനെ ഇയാള്‍ ലോറിയില്‍ കയറുകയും വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു. അപ്പോഴും ലോറിയിലെ മറ്റൊരു ഡ്രൈവര്‍ ഇതില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
പിന്നാലെവന്ന വാഹനത്തിലുള്ളവര്‍ വിവരം നല്‍കിയതനുസരിച്ച് പോലീസ് കോരട്ടിയില്വെച്ച് ലോറി തടഞ്ഞശേഷമാണ് ഉറക്കത്തിലായിരുന്ന ഡ്രൈവര്‍ ഉണര്‍ന്നത്. ഡല്‍ഹിയില്‍നിന്ന് ലോഡുമായി വരുകയായിരുന്ന ലോറിയാണ് അപകടകരമായ രീതിയില്‍ ഓടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ ഇറങ്ങുമ്പോള്‍ വാഹനത്തിന്റെ കീ എടുത്തിരുന്നില്ല. മാനസികവെല്ലുവിളി നേരിടുന്നയാള്‍ മധ്യപ്രദേശ് സ്വദേശിയാണ്. ഇയാള്‍ നാട്ടില്‍ വാഹനങ്ങള്‍ ഓടിക്കാറുള്ളതായി ബന്ധുക്കള്‍ പറയുന്നു. എറണാകുളത്തുള്ള ബന്ധുവിന്റെ അടുത്തേക്ക് വന്നതാണ്. കൊടകര വരെ ഇയാള്‍ കുഴപ്പമില്ലാതെ വാഹനം ഓടിച്ചു. അതിനുശേഷം വാഹനം തലങ്ങും വിലങ്ങും നീങ്ങുകയായിരുന്നു.
പുലര്‍ച്ചെയായതിനാല്‍ അധികം വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. മുരിങ്ങൂര്‍ മുതല്‍ പിന്നാലെ വന്ന ബസിനെ മറികടക്കാന്‍ അനുവദിച്ചില്ല. ഡ്രൈവിങ്ങില്‍ പ്രശ്നം തോന്നിയ ബസ് ഡ്രൈവറും ലോറി നിര്‍ത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ യഥാര്‍ത്ഥ ഡ്രൈവര്‍ ലോറി നഷ്ടപ്പെട്ട കാര്യം പുതുക്കാട് പോലീസില്‍ അറിയിച്ചു. പിന്നിലുണ്ടായിരുന്ന ബസിലുള്ളവര്‍ കൊരട്ടി സ്റ്റേഷനിലും വിവരമറിയിച്ചിരുന്നു.
തുടര്‍ന്ന് പോലീസ് മറ്റൊരു വഴിയിലൂടെയെത്തി ലോറി തടയുകയായിരുന്നു. ഈ ബഹളത്തിനിടയിലാണ് ലോറിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ ഉണര്‍ന്നത്. മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് ചോദ്യംചെയ്യലില്‍ മനസ്സിലായി. ലോറി ഡ്രൈവര്‍ പരാതിയില്ലെന്ന് അറിയിച്ചു. തട്ടിയെടുത്തയാളെ കോടതിയില്‍ ഹാജരാക്കി.
Content Highlights: mentally challenged man drove the lorry 27 km koratty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..