മന്ത്രി ആർ. ബിന്ദു | ഫോട്ടോ മനീഷ് ചേമഞ്ചേരി
തിരുവനന്തപുരം: ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക-ശാരീരിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്താവാവധി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് നല്കുന്ന ആശ്വാസം ചെറുതാവില്ല. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ സംസ്ഥാന നേതൃത്വം നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആര്‍ത്തവകാലം പലര്‍ക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്. ദേഷ്യവും സങ്കടവുമൊക്കെ വന്നുകേറുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടേതുകൂടിയായ കാലം. ആ ദിനങ്ങളില്‍ പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക - ശാരീരിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എസ് എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയന് ആവശ്യമായുന്നയിച്ച് നേടിയെടുത്ത ആര്‍ത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കും.
ആദ്യമായാണ് കേരളത്തില്‍ ഒരു വിദ്യാഭ്യാസകേന്ദ്രം വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവാവധി നല്‍കിയിരിക്കുന്നത്. ഇതിനു മുന്‍കയ്യെടുത്ത വിദ്യാര്‍ത്ഥി യൂണിയനും തീരുമാനം കൈക്കൊണ്ട കുസാറ്റ് അധികൃതരും പ്രശംസ അര്‍ഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുന്‍കൈയില്‍ നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച ഒരു തുടര്‍ച്ചയുണ്ടാക്കാന്‍ വിദ്യാര്‍ത്ഥിനേതൃത്വവും സര്‍വ്വകലാശാലാനേതൃത്വവും യോജിച്ചു വിജയം കണ്ടതില്‍ ഏറ്റവും സന്തോഷം.
വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് നല്കുന്ന ആശ്വാസം ചെറുതാവില്ല. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ സംസ്ഥാന നേതൃത്വം നിവേദനം സമര്‍പ്പിച്ചിട്ടുമുണ്ട്.
ആര്‍ത്തവചക്രത്തിലെ പ്രയാസപ്പെടുന്ന നാളുകളില്‍ ഇനി പെണ്‍കുട്ടികള്‍ വിശ്രമിക്കട്ടെ.
Content Highlights: menstrual leave will be considered in all universities; minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..