തിരുവനന്തപുരം: 21 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട പിടികിട്ടാപ്പുള്ളിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. മടത്തറ വേങ്കോല ബ്ലോക്ക് നമ്പർ 186 ശ്രീലത ഭവനത്തിൽ ഗോപാലന്‍റെ മകൻ സജിമോൻ ( 44 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ 21 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് നാടുവിട്ട ഇയാളെ വടക്കാഞ്ചേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2000-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. വേങ്കോലയിൽ കടകൾ ആക്രമിച്ചതിനാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. ഒളിവിൽ പോയ ഇയാൾ വിചാരണക്കായി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

നാടുവിട്ടതിനു ശേഷം പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ പല സ്ഥലങ്ങളിലായി താമസിച്ചു. ഇവിടെ നിന്നുതന്നെ വിവാഹം ചെയ്ത് വടക്കാഞ്ചേരിയിൽ താമസിച്ചു വരികയായിരുന്നു.

പാലോട് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജ്, എഎസ്ഐ അനിൽകുമാർ, സിപിഒ വിനീത്, ഡാൻസാഫ് അംഗങ്ങളായ ജിഎസ്ഐ ഷിബു കുമാർ, എഎസ്ഐ സജു എന്നിവരടങ്ങിയ സംഘമാണ് നിരന്തരമായ നിരീക്ഷണത്തിലൂടെ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.

Content Highlights: Men arrested after 21 years in wadakkanchery