തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 500ലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്നും തീര്‍ച്ചയായും ഒഴിവാക്കേണ്ടുന്ന ഒന്നുതന്നെയായിരുന്നു തിരുവാതിര കളിയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
 
അതേസമയം, കോവിഡ് കണക്കുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത്‌ കോവിഡ് കേസുകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യമുണ്ടെങ്കിലും കുട്ടികളെ ഇത് വലുതായി ബാധിച്ചിട്ടുള്ളതായി കാണുന്നില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണ്.

വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ശേഷം സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

Content Highlights: Mega thiruvathira should have been avoided says Minister V. Sivankutty