
അലിഫിനെ തോളിലേറ്റി പോകുന്ന സുഹൃത്തുക്കളായ ആര്യയും അർച്ചനയും. ഫോട്ടോഗ്രാഫറായ ജഗത്ത് ലാൽ പകർത്തിയ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
'യഥാര്‍ത്ഥ ചങ്ങാതിമാര്‍ക്കൊപ്പം ഒരുമിച്ചു വെള്ളം കുടിക്കുന്നത് പോലും മധുരമാണ്..', ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത തന്നെ സുഹൃത്തുക്കള്‍ തോളിലേറ്റി ക്യാംപസിലൂടെ കൊണ്ടുപോവുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് അലിഫ് മുഹമ്മദ് കുറിച്ച വാക്കുകളാണിത്. വീഡിയോ നിമിഷങ്ങള്‍ക്കുളളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.. ആലിഫിന്റെ സൗഹൃദത്തണലിനെ ആളുകള്‍ സ്നേഹവും അഭിനന്ദനവും കൊണ്ട് മൂടി.. വീഡിയോയും ചിത്രങ്ങളും വൈറലായതിന്റെ ത്രില്ലിലാണ് ശാസ്താംകോട്ട ഡി.ബി കോളേജിലെ വിദ്യാര്‍ഥിയായ അലിഫ് മുഹമ്മദ്. താന്‍ പകര്‍ത്തിയ ചിത്രം കേരളം നെഞ്ചേറ്റിയ സന്തോഷം ഫോട്ടോഗ്രാഫറായ ജഗത്ത് തുളസീധരനും പങ്കുവെച്ചു.
ജന്മനാ ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത അലിഫ് സൗഹൃദങ്ങളുടെ താങ്ങിലാണ് കോളേജിലെത്തുന്നത്. ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അലിഫിനെ കോളേജിലെത്തിക്കുന്നതും തിരികെ വീട്ടിലെത്തിക്കുന്നതും സഹപാഠികള്‍ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലേറിയോ ചിലപ്പോള്‍ ബസ്സിലോ കയറിയാണ് കോളേജില്‍ വരിക. ബസ്സില്‍ കയറ്റാനും ഇറക്കാനും ക്യാംപസിലൂടെ കൊണ്ടുനടക്കാനും ചങ്ക് ചങ്ങായിമാര് എപ്പോഴും റെഡി. ഒരു കുറവും അറിയിക്കാതെ പഠനം മുന്നോട്ടുകൊണ്ടുപോകാനാവുന്നത് ഈ സുഹൃത്തുക്കള്‍ കാരണമാണ്, സൗഹൃദങ്ങളും കുടുംബവുമാണ് എല്ലാമെല്ലാം. അവര്‍ ഇല്ലായിരുന്നെങ്കില്‍ പഠനം പോലും മുടങ്ങിയേനേയെന്ന് അലിഫ് പറയുന്നു.
കോളേജില്‍ വരാനും പോകാനും മാത്രമല്ല സുഹൃത്തുക്കള്‍ക്കൊപ്പം നിരവധി സ്ഥലങ്ങളിലേക്ക് യാത്രയും അലിഫ് നടത്തിയിട്ടുണ്ട്. വീടിനുള്ളില്‍ വീല്‍ചെയര്‍ ഉപയോഗിക്കുമെങ്കിലും പുറത്തേക്കുള്ള യാത്രകളില്‍ വീല്‍ചെയര്‍ കൊണ്ടുപോവാറില്ല. അടുത്തിടെ ഡല്‍ഹിയിലും ആഗ്രയിലുമെല്ലാം സുഹൃത്തുക്കള്‍ക്കൊപ്പവും ബന്ധുക്കള്‍ക്കൊപ്പവും അലിഫ് യാത്രചെയ്തു. ഇന്‍സ്റ്റഗ്രാം റീല്‍സിലും അലിഫ് വളരെ സജീവമാണ്. സുഹൃത്തുക്കൊപ്പം ചെയ്ത നിരവധി റീല്‍സ് വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ അലിഫ് പങ്കുവെച്ചിട്ടുണ്ട്.
.jpg?$p=a80322e&w=610&q=0.8)
ശാരീരിക പരിമിതികള്‍ സന്തോഷങ്ങളുടെ പിന്നാലെ പോകുന്നതിന് ഒരിക്കലും തടസമാവുന്നില്ലെന്നാണ് അലിഫ് പറയുന്നത്. സ്വയം പ്രചോദിപ്പിക്കണം. നമ്മള് തയ്യാറായാല്‍ കൂടെ നില്‍ക്കാനും ആളുകളുണ്ടാവും. കാലിന് സ്വാധീനമില്ലെന്ന് പറഞ്ഞ് വീട്ടിലിരുന്നാല്‍ നഷ്ടമാവുന്നത് പുറത്തുള്ള വലിയ ലോകത്തെ കാഴ്ചകളും അനുഭവങ്ങളുമാണ്. പരിമിതികളെ അതിജീവിച്ച് പുറത്തിറങ്ങാന്‍ തന്നെപ്പോലെയുള്ളവര്‍ ശ്രമിക്കണമെന്നും അലിഫ് പറഞ്ഞു.
ഡി.ബി കോളേജിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് അലിഫ്. പരീക്ഷാചൂടിന്റെ ഇടയ്ക്കാണെങ്കിലും വൈറല്‍ ചൂടിന്റെ ത്രില്ലിനും സന്തോഷത്തിനും ഒട്ടും കുറവില്ല. 'പി.സി വിഷ്ണുനാഥ്, ശബരീനാഥ്, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. വളരെയധികം സന്തോഷം തോന്നുന്നു. സ്നേഹവും അഭിനന്ദനങ്ങളും അറിയിച്ച എല്ലാവര്ക്കും നന്ദി, ചിത്രം പകര്‍ത്തിയ ജഗത്തേട്ടന് പ്രത്യേക നന്ദി', അലിഫ് പറഞ്ഞു.
കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമ മന്‍സിലില്‍ ഷാനവാസിന്റേയും സീനത്തിന്റേയും മൂത്ത മകനാണ് അലിഫ്. പത്തിലും നാലിലും പഠിക്കുന്ന അനിയത്തിയും അനിയനുമുണ്ട്. പിതാവ് ഷാനവാസ് വിദേശത്താണ്.
ഡി.ബി കോളേജ് ആര്‍ട്സ് ഡേ ദിവസത്തിലാണ് വൈറലായ ആ ചിത്രം ഫോട്ടോഗ്രാഫറായ ജഗത്ത് പകര്‍ത്തിയത്. ക്യാംപസിലെ സമരമരത്തിന് സമീപത്തുനിന്ന് സഹപാഠികളായ ആര്യയുടേയും അര്‍ച്ചനയുടേയും തോളിലേറി കോളേജിനകത്തേക്ക് പോവാന്‍ ഒരുങ്ങുന്നതിനിടെ ഈ സൗഹൃദകൂട്ടത്തെ ജഗത്തിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയായിരുന്നു. വീഡിയോയും ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ വൈറലായി. ഡിബി കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് ജഗത്ത് തുളസീധരന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..