കോഴിക്കോട്:   കടത്തനാടന്‍ കളരി സംഘത്തില്‍ മീനാക്ഷിയമ്മ ചുവടുറപ്പിച്ച് തുടങ്ങിയത് ഏഴാമത്തെ വയസ്സമുതലാണ്. മക്കളും കൊച്ചുമക്കളുമായി ഇന്ന് വയസ്സ് എഴുപത്തി മൂന്ന് കഴിഞ്ഞിട്ടും ആ മെയ്‌വഴക്കത്തിനും ചുവടിനും ഇന്നും ഏഴാം വയസിന്റെ ആവേശവും ഊര്‍ജവുമുണ്ട്. ഒടുവില്‍ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുമ്പോഴും മീനാക്ഷിയമ്മ തന്റെ ശിഷ്യ ഗണങ്ങളുടെ ചുവടുകള്‍ പരിശോധിക്കുന്ന തിരക്കിലാണ്. പ്രായം പലതിനും തടസമാകുന്നുവെന്ന് പരാതിപ്പെടുന്നവരോട് മീനാക്ഷിയമ്മയ്ക്ക്‌ പറയാനുള്ളത് 73 വയസ്സിന് ശേഷവും ഉയര്‍ന്ന് ചാടി വെട്ടുന്ന തന്റെ കളരി ജീവിതം തന്നെയാണ്. 

കളരിയുടെ ഈറ്റില്ലമായ കടത്തനാട്ടില്‍ കളരി അഭ്യാസത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഉണ്ണിയാര്‍ച്ചയുടെ ഈ പിന്മുറക്കാരി. പുതുപ്പണം കരിമ്പനപ്പാലത്തെ കടത്തനാട് കളരി സംഘം സ്ഥാപകന്‍ വി.പി.രാഘവന്‍ഗുരുക്കളുടെ ഭാര്യയാണ് കായക്കണ്ടിയില്‍ മീനാക്ഷി. കുട്ടികളെ ഇവര്‍ കളരി അഭ്യസിപ്പിക്കും. നിത്യവും പരിശീലനം നടത്തും. പ്രദര്‍ശനങ്ങളില്‍ വാളും പരിചയും വടിയും ഉറുമിയുമായി ഇടറാതെ പോരാടും. ഏഴാം വയസ്സില്‍ ഇതേ കളരിയില്‍ പരിശീലനം തുടങ്ങിയതാണ് അവര്‍. അന്നും രാഘവന്‍ ഗുരുക്കളായിരുന്നു ഇവിടത്തെ ഗുരുക്കള്‍.പതിനേഴാം വയസ്സില്‍ വിവാഹം കഴിഞ്ഞ ശേഷം മീനാക്ഷിയമ്മ കളരി പരിശീലനം നിര്‍ത്തി. പിന്നീട് കുടുംബിനിയായി. പക്ഷേ, കളരി നടത്തിപ്പില്‍ ഭര്‍ത്താവിന് പിന്തുണയുമായി കൂടെയുണ്ടായിരുന്നു.

വടകരയ്ക്കടുത്ത് കോട്ടക്കടവിലാണ് മീനാക്ഷിയമ്മയുടെ വീട്. വീടിനടുത്താണ് കളരി. പേര് 'കടത്തനാടന്‍ കളരിസംഘം'.പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുമിച്ചാണ് പരിശീലനം. പല പ്രായത്തിലുള്ളവരും പല ദേശത്തു നിന്നുള്ളവരുമുണ്ട്. ഇവരെയെല്ലാം പഠിപ്പിക്കാനായി മീനാക്ഷിയമ്മയും കളരിയിലുണ്ടാകും. 

മൂന്ന് ബാച്ചുകളായി രാവിലെ ഏഴിനുതുടങ്ങി രാത്രി പതിനൊന്നുവരെ നീണ്ടു നില്‍ക്കാറുണ്ട് ക്ലാസുകള്‍. വെയില്‍ കനക്കുന്നതോടെ കളരിയൊഴിയും. ആ നേരമാണ് മീനാക്ഷിയമ്മയുടെ വിശ്രമസമയം. പിന്നീട് വൈകുന്നേരം വരെ കുടുംബത്തിലെ ഗൃഹനാഥയുടെ റോളിലാണ്. മുംബൈ, ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ മഹാനഗരങ്ങളിലടക്കം ഒട്ടേറെ വേദികളില്‍ ഇവര്‍ പ്രകടനം നടത്തിയിട്ടുണ്ട്. 

കടത്തനാടന്‍ ചിട്ടപ്രകാരമാണ് ഇവിടത്തെ പരിശീലനം. ടൂറിസത്തിനായി കാണിച്ചു കൂട്ടുന്നത് ശാസ്ത്രീയമായ മുറകളല്ലെന്ന് മീനാക്ഷിയമ്മ പറയുന്നു. മെയ്പ്പയറ്റാണ് പഠനത്തിന്റെ ആദ്യ ഘട്ടം. മൂന്നുവര്‍ഷമാണ് ഇത് പഠിക്കാനെടുക്കുന്ന സമയം. പിന്നീട് കോല്‍ത്താരിയും അങ്കത്താരിയുമാണ്. ഇത് കോല്‍ കൊണ്ടും ആയുധങ്ങളേന്തിയുമുള്ള അഭ്യാസങ്ങളാണ്. ഒടുവില്‍ വെറുംകൈ. ശരീരം മുഴുവന്‍ എണ്ണ തേച്ചാണ് പരിശീലനം. കഴിഞ്ഞാല്‍ കുരുമുളകുവെള്ളം കുടിക്കും. പ്രതിരോധശേഷി വര്‍ധിക്കാനാണ് കുരുമുളകില്‍ മധുരമിട്ട ഈ പാനീയം. 

സുരക്ഷിതരായി നടക്കാനുള്ള ആത്മവിശ്വാസം കളരിപ്പയറ്റ് സ്ത്രീകള്‍ക്ക് നല്‍കും. തന്റെ ശിഷ്യകള്‍ രാത്രി പരിശീലനം കഴിഞ്ഞ് ഒറ്റയ്ക്ക് നടന്നു പോകുന്നത് ഈ ആയോധനകല നല്‍കുന്ന ധൈര്യത്തിന് തെളിവാണെന്നു മീനാക്ഷിയമ്മ പറയുന്നു. 

ഇവരുടെ നാല് മക്കളും കളരി അഭ്യസിച്ചിട്ടുണ്ട്. മകന്‍ സജീവ്കുമാര്‍ ഷാര്‍ജയില്‍ കളരി നടത്തുന്നു. മറ്റു മക്കളായ ചന്ദ്രപ്രഭ, റൂബി, പ്രദീപ്കുമാര്‍ എന്നിവരും വര്‍ഷങ്ങളോളം കളരി പഠിച്ചു.മക്കളെപ്പോലെതന്നെ പ്രിയപ്പെട്ട രണ്ടു ശിഷ്യരുണ്ട് മീനാക്ഷിയമ്മയ്ക്ക്- സജില്‍ ഗുരുക്കളും മജില്‍ ഗുരുക്കളും. സഹോദരങ്ങളായ ഇവരാണ് കളരിയിലെ പ്രധാനശിഷ്യരും നടത്തിപ്പുകാരും.

മീനാക്ഷിയമ്മ കളരിയില്‍ സക്രിയമായതോടെ കളരി പഠിക്കാനെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടി. തന്റെ ചെറുപ്പത്തില്‍ നിരവധി പെണ്‍കുട്ടികള്‍ കളരി പഠിച്ചിരുന്നതായി മീനാക്ഷിയമ്മ പറഞ്ഞു. ഇപ്പോള്‍ ഇവരാരും ഈ രംഗത്തില്ല.

കോഴിക്കോട് വടകരയിലെ കടത്തനാട് കളരി സംഘത്തിനുമുണ്ട് പ്രത്യേകത. ഫീസൊന്നും വാങ്ങാതെയാണ് കളരി അഭ്യസിപ്പിക്കുന്നത്. അഭ്യാസം പൂര്‍ത്തിയായാല്‍ കുട്ടികള്‍ ദക്ഷിണ നല്‍കും. ഉഴിച്ചിലുമുണ്ട് ഇവിടെ. 60 വര്‍ഷം ഒരേ സ്ഥലത്ത് കളരി നടന്നുവെന്ന പ്രത്യേകതയും ഈ കളരിക്കുണ്ട്. ഒരു പ്രദേശം മുഴുവന്‍ ഒരുമയോടെയാണ് കളരിയുടെ 60-ാം വാര്‍ഷികം ആഘോഷിച്ചത്.

വീഡിയോ - പ്രവീഷ് ഷൊര്‍ണൂര്‍