ആലപ്പുഴ:  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ വലിയൊരു ശതമാനം ഡോക്ടര്‍മാര്‍ നോണ്‍ പ്രാക്ടീസിങ് അലവന്‍സ് കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ് നടത്തുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍, പള്‍മണറി മെഡിസിന്‍ വിഭാഗം പ്രൊഫ. ഡോ. പി. വേണുഗോപാല്‍, ജനറല്‍ മെഡിസിന്‍ അസി. പ്രൊഫ. ഡോ. അബ്ദുള്‍ സലാം തുടങ്ങിയവരാണ് നോണ്‍ പ്രാക്ടീസിങ് അലവന്‍സ് കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. 

ഡോ. ആര്‍.വി. രാംലാലിന്റെയും ഡോ. വേണുഗോപാലിന്റെയും സ്വകാര്യ പരിശോധന കേന്ദ്രങ്ങളില്‍ രോഗികളെന്ന പേരിലാണ് മാതൃഭൂമി ന്യൂസ് വാര്‍ത്താസംഘം എത്തിയത്. ആശുപത്രിയിലെക്കാള്‍ രോഗികളുടെ തിരക്കുണ്ടായിരുന്നു ഇവിടെ. ഇരുന്നൂറ് രൂപയാണ് ഇവരുടെ പരിശോധന ഫീസ്. 

അതേസമയം, നോണ്‍പ്രാക്ടീസിങ് അലവന്‍സായി അടിസ്ഥാനശമ്പളത്തിന്റെ നിശ്ചിതശതമാനം കൈപ്പറ്റിയ ശേഷമാണ് ഇവരെല്ലാം സ്വകാര്യ പ്രാക്ടീസ് നടത്തുന്നതെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 200 ഡോക്ടര്‍മാരാണ് നോണ്‍ പ്രാക്ടീസിങ് അലവന്‍സ് കൈപ്പറ്റുന്നത്. ഇതിനായി കഴിഞ്ഞമാസം മാത്രം ആകെ 22,20540 രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനിടെയാണ് നോണ്‍ പ്രാക്ടീസിങ് അലവന്‍സും കൈപ്പറ്റി വലിയൊരു ശതമാനം ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. 

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ കഴിഞ്ഞമാസം പതിമൂവായിരം രൂപയോളം ഈയിനത്തില്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് വിവരാവകാശരേഖകളില്‍ പറയുന്നു. ഈ തുക മാസംതോറം വാങ്ങിയ ശേഷമാണ് ഇവര്‍ വീടുകളില്‍ സ്വകാര്യ പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ ഒരു കോടിയോളം രൂപയാണ് നോണ്‍ പ്രാക്ടീസിങ് അലവന്‍സിനായി സര്‍ക്കാര്‍ ചിലവിടുന്നത്. 

മാതൃഭൂമി ന്യൂസ് അന്വേഷണം പുറത്തുവന്നതോടെ ഇത്തരത്തില്‍ നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു.

Content Highlights: medical college doctors engaged with private practice and accepting non practicing allowance