Photo: facebook.com/mbrajeshofficial
ന്യൂഡല്‍ഹി: കേരള നിയമസഭയിലെ മാധ്യമ നിയന്ത്രണം പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ക്ക് സമാനമെന്ന വിമര്‍ശനം ഉയരുന്നു. പാര്‍ലമെന്റിലെ പ്രതിഷേധങ്ങളും മറ്റും ലോക്സഭാ, രാജ്യസഭാ ടി.വികള്‍ കാണിക്കാന്‍ പാടില്ലെന്ന് മോദി സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇന്നത്തെ കേരള സ്പീക്കര്‍ എം.ബി രാജേഷ് അന്ന് എം.പിയായിരുന്നപ്പോള്‍ മോദി സര്‍ക്കാരിന്റെ മാധ്യമ നിയന്ത്രണങ്ങള്‍ക്കെതിരേ നിലപാടെടുത്തിരുന്നു. കടുത്ത പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ഇന്ന് നിയമസഭാ സ്പീക്കര്‍ ആയിരിക്കുമ്പോഴാണ് കടുത്ത മാധ്യമ നിയന്തണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങിയപ്പോഴാണ് മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അതി ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രതിപക്ഷ പ്രതിഷേധം പുറത്തുവരാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നായിരുന്നു ഇതിനെതിരേ ഉയര്‍ന്നുവന്ന ആരോപണം. നിയമസഭാ സമുച്ചയത്തില്‍ പ്രവേശിക്കുന്നതിന് പാസ് കാണിക്കണമെന്നത് കാലങ്ങളായുള്ള കീഴ്വഴക്കമായിരുന്നു. എന്നാല്‍, സഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മീഡിയാ റൂമില്‍ മാത്രം ഇരിക്കണമെന്നതാണ് പുതിയ സാഹചര്യം. ഇവിടെ നിന്ന് ക്യാന്റീനിലേക്കോ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്കോ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കോ പോകുന്നതിനും വിലക്കുണ്ട്. ചായ കുടിക്കാനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതിന് അടക്കം വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നിയന്ത്രണമുണ്ട്
സാധാരണഗതിയില്‍ സഭ നിര്‍ത്തിവെച്ചാല്‍ അതിന്റെ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുക സ്പീക്കറുടെ ഓഫീസിലാണ്. ചര്‍ച്ചയ്ക്കായി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഇവിടേക്ക് എത്തുകയാണ് പതിവ്. ഇത്തരം സാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവിടെയെത്താന്‍ അവസരം നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കാരണം മീഡിയ റൂമില്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ കഴിയുന്നത്.
തിങ്കളാഴ്ച സഭ ആരംഭിച്ച ഉടനെ പ്രതിപക്ഷം ചോദ്യോത്തര വേളയില്‍ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സഭ ടി.വിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ കാണിച്ചില്ല. ഭരണപക്ഷ അംഗങ്ങളുടെ ദൃശ്യങ്ങള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്തത്. പ്രതിപക്ഷ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് സഭ ടി.വിക്ക് വാക്കാല്‍ നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍ സഭയില്‍ മാധ്യമ വിലക്കില്ലെന്നും മാധ്യമങ്ങളെ സഭയില്‍ പ്രവേശിപ്പിക്കുന്നില്ലെയെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. നിയഭസഭയിലെ ഒരു പ്രതിഷേധവും സഭാ ടി.വിയില്‍ ഇതുവരെ കാണിച്ചിട്ടില്ല. സഭാ നടപടികള്‍ കാണിക്കുകയെന്നതാണ് സഭാ ടി.വിയുടെ രീതിയെന്നും സ്പീക്കര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..