കെ-റെയില്‍: കേരളത്തിന്റെ വികസനമെന്നത് മോദി മോഡലാവരുത് - മേധാ പട്ക്കര്‍


കെ.പി നിജീഷ് കുമാര്‍

വേഗതമാത്രം ലക്ഷ്യമിട്ട് എങ്ങനെ മറ്റുള്ളവയെ നമുക്ക് മറക്കാന്‍ കഴിയും. കേവലം കുറച്ച് മണിക്കൂറുകള്‍ ലഭിക്കാന്‍ വേണ്ടി നമുക്ക് നാശമുണ്ടാക്കുന്നതിനെ ഇഷ്ടപ്പെടാന്‍ കഴിയില്ല.

മേധാ പട്ക്കർ.ഫോട്ടോ:ലതീഷ് പൂവത്തൂർമാതൃഭൂമി

കെ-റെയില്‍ പാക്കേജുകളും സ്ഥലമെടുപ്പും സമരവുമെല്ലാം വലിയ ചര്‍ച്ചയാവുകയാണ് കേരളത്തില്‍. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ-റെയില്‍ പദ്ധതിയെ കാണുന്നത്. പദ്ധതി ഏത് വിധേനയും നടപ്പിലാക്കാന്‍ സി.പി.എം വഴി വീട് കയറിയുള്ള കാമ്പയിനുകള്‍ക്കും തുടക്കമിട്ട് കഴിഞ്ഞു. പക്ഷെ കെ-റെയിലിനെതിരേയുള്ള സമരവും ഒരു ഭാഗത്ത് ശക്തമാവുകയാണ്. കേരളത്തിന്റെ വികസനമെന്നത് മോദി മോഡലാവരുതെന്ന് പറയുന്നു പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേധാ പട്ക്കര്‍. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കെ.റെയില്‍ സമരപന്തല്‍ സന്ദര്‍ശിക്കാനെത്തിയ മേധാ പട്ക്കര്‍ മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.

കെ-റെയില്‍ ചര്‍ച്ചകളും വിവാദങ്ങളുമെല്ലാം കൊഴുക്കുകയാണ്. എന്താണ് താങ്കളുടെ ഉത്കണ്ഠ​ ?

ഉത്കണ്ഠ എന്റേത് മാത്രമല്ല. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിക്ക് എതിരാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഏതെങ്കിലും സംഘടനകളോ, പരിസ്ഥി പ്രവര്‍ത്തകരോ മാത്രമല്ല പദ്ധതി വേണ്ടെന്ന് പറയുന്നത്. ഇതിന് പ്രത്യേക കാരണവുമുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് പദ്ധതിയുടെ പേരില്‍ നേരിട്ടും അല്ലാതെയും വഴിയാധാരമാവുക. വികസനത്തിന്റെ പേരില്‍ പ്രകൃതിയേയും കേരളത്തിന്റെ സ്വാഭാവികതേയുമെല്ലാം സര്‍ക്കാര്‍ മറക്കുകയാണ്. ജനങ്ങളുടെ താത്പര്യത്തിനപ്പുറം ലാഭമുണ്ടാക്കുക എന്നത് മാത്രമാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം. ഒരു പദ്ധതി തുടങ്ങുമ്പോള്‍ അതിനെ ബാധിക്കുന്ന ജനങ്ങളുടെ അഭിപ്രായം തേടുക എന്നതാണ് ജനാധിപത്യ മര്യാദ. പക്ഷെ അതുണ്ടാകുന്നില്ല. ഡി.പി.ആര്‍ പോലും പുറത്ത് വിടാത്തത് ദുരൂഹമാണ്. പിന്നില്‍ ഇത്രയും പ്രശ്‌നമുള്ളത് കൊണ്ടാണ് സമരങ്ങള്‍ ഉയര്‍ന്ന് വരുന്നത്.

കേരളം കെ-റെയിലിലൂടെ പുതിയ മാതൃകയിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത് എന്ന് കരുതുന്നുണ്ടോ ?

ഹൈസ്പീഡ് ട്രെയിന്‍ ഉണ്ടെങ്കില്‍ മാത്രമാണ് വികസനം എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. കേരളം സ്വയംപര്യാപ്തമായ ഒരു ഭക്ഷ്യ സംസ്ഥാനമാവുകയാണ് ആദ്യം വേണ്ടത്. അതിന് പകരം ഇത്തരം വമ്പന്‍ പദ്ധതികള്‍ മുന്നോട്ട് വെച്ച് കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇപ്പോള്‍ തന്നെ കേരളം ഒരു പ്രളയ സംസ്ഥാനമാണ്. പ്രകൃതിയില്‍ മനുഷ്യനുണ്ടാക്കിയ വിപത്തുകള്‍ വലിയ രീതിയില്‍ തിരിച്ചടിച്ച് തുടങ്ങിയിരിക്കുന്നു. ഇത് നമ്മളെ നിര്‍ബന്ധപൂര്‍വം ചിന്തിപ്പിക്കുന്നത് പ്രകൃതിയ തിരിച്ച് കൊണ്ടുവരുന്നതിനെ കുറിച്ചാണ്. ഈ സമയത്താണ് പ്രകൃതിയേയും കൃഷിഭൂമിയേയും കീറി മുറിച്ച് കൊണ്ടുള്ള വികസനത്തെ മുന്നോട്ട് വെക്കുന്നത്. ഇവിടെയാണ് ആളുകള്‍ ചോദ്യം ചോദിക്കുന്നത്. അതിനെ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. വികസനം എന്നത് മോദി മോഡല്‍ ആവരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട്
നിന്നും തിരുവനന്തപുരത്ത് എത്താനാവുമെന്നതാണ് നേട്ടം?

വേഗതമാത്രം ലക്ഷ്യമിട്ട് എങ്ങനെ മറ്റുള്ളവയെ നമുക്ക് മറക്കാന്‍ കഴിയും. കേവലം കുറച്ച് മണിക്കൂറുകള്‍ ലഭിക്കാന്‍ വേണ്ടി നമുക്ക് നാശമുണ്ടാക്കുന്നതിനെ ഇഷ്ടപ്പെടാന്‍ കഴിയില്ല. നമ്മുടെ ജീവിതത്തേയും ഭാവി തലമുറയുടെ ജീവിതത്തേയുമാണ് വികസനത്തിന്റെ പേരില്‍ മറന്ന് പോവുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തേയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തേയുമാണ് വേഗതയുടെ പേരില്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. ഏത് തരത്തിലുള്ള നാശനഷ്ടമാണ് ഓരോ വ്യക്തിക്കും ഉണ്ടാവുക എന്നത് ഇതുവരെ പൂര്‍ണമായും കണക്ക് കൂട്ടാന്‍ പോലും കഴിഞ്ഞിട്ടില്ല. അപ്പോള്‍ ലാഭത്തെകുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയാവില്ല. ഇരകളേയും കാണുക തന്നെ വേണം.

വലിയ നഷ്ടപരിഹാരമാണ്
ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് നല്‍കുന്നത്?

വലിയ നഷ്ടപരിഹാരമെന്നൊക്കെയുള്ള വാഗ്ദാനത്തെ ജനങ്ങള്‍ വിശ്വസിച്ചുവെന്നാണോ കരുതുന്നത്. എന്താണ് മുന്‍പ് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റേയും പുനരധിവാസത്തിന്റേയുമൊക്കെ അവസ്ഥ. പലര്‍ക്കും ഇന്നും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ചിലര്‍ക്ക് കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. കാര്‍ഷിക ഭൂമി മുഴുവന്‍ ഇല്ലാതാക്കാനാണോ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളം പോലുള്ള പ്രകൃതി അനുഗ്രഹിച്ച സ്ഥലത്ത് ഇപ്പോള്‍ തന്നെ കൃഷികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നെല്‍വയലുകള്‍ കുറഞ്ഞ് വരുന്നു. മൂന്നോ നാലോ ഭീമന്‍ ഹൈവേകള്‍ ഇപ്പോള്‍ തന്നെ വരാനിരിക്കുന്നു. ഭൂമികള്‍ താമസിക്കുവാനല്ലാതെ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകള്‍ വാങ്ങിക്കൂട്ടുകയാണ്. സംസ്ഥാനം വെട്ടി മുറിച്ച് കഴിഞ്ഞിരിക്കുന്നു. ഇത് സുനാമി പോലുള്ള അവസ്ഥയ്ക്കാണ് വഴിവെക്കുന്നത്. കേരളത്തിന്റെ വികസനം വെറും വേഗതയെ അടിസ്ഥാനമാക്കി മാത്രമാവരുത്.

കെ റെയില്‍ നന്ദിഗ്രാം മോഡല്‍ ആവുമോ?

അങ്ങനെ ആവരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. കര്‍ഷകസമരത്തേയും മറ്റും വലിയ രീതിയില്‍ പിന്തുണച്ചവരാണ് കേരളത്തിലെ ഇടതുപക്ഷം. അവര്‍ ജനങ്ങളെ കേള്‍ക്കുക തന്നെ വേണം. നിലവിലുള്ള ട്രെയിന്‍യാത്രാ സൗകര്യം വികസിപ്പിച്ചാല്‍ തന്നെ കേരളത്തിന്റെ യാത്രാ പ്രശ്‌നത്തിന് വലിയ പരിഹാരമാവും. ഇപ്പോള്‍ രാജധാനിയിലല്ലാതെ മൊബൈല്‍ ചാര്‍ജിംഗ് സംവിധാനം പോലും കാര്യമായി ഇല്ല. നിലവിലെ ട്രെയിനുകളില്‍ മാറ്റം വരുത്താനുള്ള ശ്രമാണ് ആദ്യം നടത്തേണ്ടത്. അല്ലാതെ വലിയ കുടിയിറക്കലുകള്‍ക്ക് നേതൃത്വം കൊടുക്കുകയല്ല വേണ്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented