പത്തനംതിട്ട: വയോധികയുടെ പരാതി സംബന്ധിച്ച് ചോദിക്കാന്‍ വിളിച്ച വ്യക്തിയോട് കയര്‍ത്ത് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. 89 വയസുള്ള വയോധികയുടെ പരാതി എന്തിനാണ് വനിതാ കമ്മിഷന് നല്‍കുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങ്ങിന് എത്തണമെന്ന് എം.സി. ജോസഫൈന്‍ പറഞ്ഞു. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. 

പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശി ലക്ഷ്മിക്കുട്ടിഅമ്മയെ മദ്യലഹരിയില്‍ അയല്‍വാസി മര്‍ദിച്ച കേസില്‍  പരാതിക്കാരിയുടെ ബന്ധുവായ ഉല്ലാസ് ആണ് വനിത കമ്മീഷന്‍ അധ്യക്ഷയെ വിളിച്ചത്. പരാതിക്കാരിയോട് അടൂരില്‍ വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ 89 വയസ്സായ സ്ത്രീ ആയതിനാല്‍ പറഞ്ഞസ്ഥലത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും, എന്തു ചെയ്യണമെന്നാണ് ഉല്ലാസ് വനിതാ കമ്മിഷന്‍ അധ്യക്ഷയോട് ചോദിച്ചത്. 

എന്നാല്‍ എന്തിനാണ് വനിതാ കമ്മിഷനില്‍ പരാതി കൊടുക്കാന്‍ പോയതെന്നും പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടാല്‍ പോരേ എന്നുമാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ തിരിച്ചുചോദിക്കുന്നത്. '89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരാണ് പറഞ്ഞത്. പരാതി കൊടുത്താല്‍ വിളിപ്പിക്കുന്നിടത്ത് എത്തണം.' എന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ ഉല്ലാസിനോട് കയര്‍ക്കുകയായിരുന്നു. 

കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയായ ആദര്‍ശ് ലക്ഷ്മിക്കുട്ടിയെ മദ്യലഹരിയില്‍ മര്‍ദിക്കുകയായിരുന്നു. പെരുമ്പട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും ആരോപണവിധേയനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ വനിതാ കമ്മിഷനിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. 

ജനുവരി 28-ന് അടൂരില്‍ നടക്കുന്ന ഹിയറിങ്ങിന് ഹാജരാവണമെന്നായിരുന്നു വനിതാ കമ്മിഷനില്‍ നിന്ന് ലഭിച്ച നോട്ടീസ്. എന്നാല്‍ പരാതിക്കാരിക്ക് വീട്ടില്‍ നിന്ന് 50 കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് അറിയിച്ചാണ് ബന്ധുവായ ഉല്ലാസ് വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഫോണിലൂടെ ബന്ധപ്പെട്ടത്.