എം.ബി. രാജേഷ് ,രാജേഷിന്റെ കയിലിയാട് മാമ്പറ്റപ്പടിയിലെ വീട്
ഷൊര്‍ണൂര്‍: ചളവറയ്ക്കിന്ന് അഭിമാനത്തിന്റെയും അതിരറ്റ ആനന്ദത്തിന്റെയും ദിനമാണ്. ഈ പാര്‍ട്ടിഗ്രാമത്തില്‍നിന്ന് ആദ്യമായി മന്ത്രിസഭയിലേക്ക് ചുവടുവെക്കുകയാണ് എം.ബി. രാജേഷ്. കമ്യൂണിസ്റ്റാശയങ്ങള്‍ ആഴത്തില്‍ വേരോടിയ ചളവറയിലെയും കയിലിയാട് ഗ്രാമത്തിലെയും വഴിത്താരകളില്‍നിന്ന് മനസിലുറച്ച ആശയാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചാണ് രാജേഷ് ചൊവ്വാഴ്ച മന്ത്രിസ്ഥാനത്തേക്ക് ചുവടുവെക്കുന്നത്.
ആദ്യകാല ഇടതുനേതാവായിരുന്ന ഐ.സി.പി. നമ്പൂതിരിയുടെ ഇട്ട്യാമ്പറമ്പത്തുമന സ്ഥിതിചെയ്യുന്ന ചളവറ, ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രം കൂടിയായിരുന്നു. പാര്‍ട്ടി നിരോധിച്ചകാലത്ത് എ.കെ.ജി., ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്നിവരുള്‍പ്പടെയുള്ള നേതാക്കളുടെ ഒളിത്താവളം എന്നഖ്യാതിയും ചളവറയ്ക്കുണ്ട്. ഇടതുപക്ഷത്തോടുള്ള അതിരറ്റ കൂറിനുള്ള അംഗീകാരംകൂടിയായാണ് എം.ബി. രാജേഷിന്റെ മന്ത്രിസ്ഥാനത്തെ ഗ്രാമവാസികള്‍ കാണുന്നത്.
സി.പി.എമ്മിന് ഏറെ സ്വാധീനമുള്ള പ്രദേശമാണ് കയിലിയാട് മാമ്പറ്റപ്പടിയിലെ എം.ബി. രാജേഷിന്റെ വീടും പരിസരവുമെല്ലാം. ഇവിടെ കളിച്ചും പഠിച്ചും വളര്‍ന്ന രാജേഷ് മന്ത്രിയായതിന്റെ അഭിമാനം കയിലിയാട്ടുകാരും പങ്കുവെക്കുന്നു. മുമ്പ് എം.പി.യായിരുന്നപ്പോഴും നിയമസഭാസ്പീക്കറായിരുന്നപ്പോഴും ഗ്രാമത്തിന്റെ ഓരോ സ്പന്ദനങ്ങളിലും പങ്കുചേരാന്‍ രാജേഷ് ഓടിയെത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ എന്നതിനാല്‍ ടി.വി.യിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും കാണാനാണ് നാട്ടുകാരുടെയും പ്രവര്‍ത്തകരുടെയും തീരുമാനം. രാജേഷിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍നായര്‍, അമ്മ രമണി, ഭാര്യ ആര്‍. നിനിത, മകള്‍ പ്രിയദത്ത, സഹോദരന്‍ ബ്രിജേഷ് എന്നിവരടക്കമുള്ള കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
'ചൊവ്വാഴ്ച സത്യപ്രതിജ്ഞയ്ക്കുശേഷം രാജേഷിനൊപ്പം തിരിച്ച് വീട്ടിലെത്താനാണ് ഇപ്പോഴത്തെ തീരുമാനം. ബുധനാഴ്ച തൃത്താലയില്‍ നടക്കുന്ന പരിപാടിയില്‍ രാജേഷ് പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. തിരുവോണത്തിന് ഞങ്ങള്‍ക്കൊപ്പം വീട്ടിലുണ്ടാകും' ബാലകൃഷ്ണന്‍നായര്‍ പറഞ്ഞു.
ആവേശത്തോടെ നാടും വീടും
കയിലിയാട്, ചളവറ, മുണ്ടക്കോട്ടുകുറിശ്ശി, വേമ്പലത്തുപാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് എം.ബി. രാജേഷിന്റെ പാത പിന്തുടര്‍ന്ന് പാര്‍ട്ടിയുടെ ഭാഗമായ യുവാക്കളും പ്രിയപ്പെട്ട രാജേഷേട്ടന്‍ മന്ത്രിയാവുന്നതിന്റെ ആഹ്ലാദത്തിലാണ്. മാമ്പറ്റപ്പടിയില്‍നിന്ന് പാലക്കാട്ട് കരിങ്കരപ്പുള്ളി എ.കെ.ജി. നഗറിലെ വീട്ടിലേക്ക് താമസം മാറ്റിയപ്പോഴും കയിലിയാട്ടും ചളവറയിലുമുള്ള യുവ പാര്‍ട്ടിപ്രവര്‍ത്തകരുമായുള്ള അടുത്തബന്ധം നിലനിര്‍ത്താന്‍ എം.ബി. രാജേഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒറ്റപ്പാലം കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴും രാഷ്ട്രീയംതന്നെയായിരുന്നു എം.ബി. രാജേഷെന്ന നേതാവിന്റെ ഉള്ളില്‍. അര്‍പ്പണബോധത്തിനുലഭിച്ച അംഗീകാരംതന്നെയാണ് രാജേഷിന്റെ മന്ത്രിസ്ഥാനമെന്ന് അന്നത്തെ സഹപ്രവര്‍ത്തകരും അനുസ്മരിക്കുന്നു.
തങ്ങളുടെ തൊട്ടടുത്ത് ഒരുമന്ത്രിയെത്തുന്നതിന്റെ അതിരറ്റ ആഹ്‌ളാദത്തിലാണ് കരിങ്കരപ്പുള്ളി എ.കെ.ജി. നഗര്‍ കോളനിവാസികളും. കോളനി വാസികള്‍ക്ക് എന്തുപ്രശ്‌നങ്ങള്‍ക്കും ഏതുനേരത്തും കയറിച്ചെല്ലാവുന്ന ഇടമാണ് രാജേഷിന്റെ നളിനകാന്തി വീട്.
സ്പീക്കര്‍പദവി ഒഴിയുന്നത് നിയമസഭയ്ക്ക് ജനകീയമുഖം നല്‍കി
തിരുവനന്തപുരം: നിയമസഭയ്ക്ക് ആധുനികവും ജനകീയവുമായ മുഖംപകര്‍ന്ന സ്പീക്കര്‍ പദവിക്കുശേഷം എം.ബി. രാജേഷ് ചൊവ്വാഴ്ച മന്ത്രിപദത്തിലേക്കു പ്രവേശിക്കുന്നു. എം.വി. ഗോവിന്ദനു പകരം തദ്ദേശസ്വയംഭരണ-എക്‌സൈസ് മന്ത്രിയായി രാവിലെ 11-ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ.
നിയമസഭാ ലൈബ്രറി പൊതുജനങ്ങള്‍ക്കും തുറന്നുകൊടുക്കാന്‍ തത്ത്വത്തില്‍ അനുമതി നല്‍കിയാണ് സ്പീക്കര്‍സ്ഥാനത്തുനിന്ന് രാജേഷിന്റെ മടക്കം. നിലവില്‍ എം.എല്‍.എ.മാര്‍ക്കും ഗവേഷകര്‍ക്കും മാത്രമേ ലൈബ്രറി ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. അതു ജനകീയമാക്കാന്‍ അവസരമൊരുക്കണമെന്ന് എം.ബി. രാജേഷ് നിര്‍ദേശംനല്‍കിയതായി അധികൃതര്‍ പറഞ്ഞു.
ഭരണഘടനാനിര്‍മാണസഭയുടെ ചര്‍ച്ചകളും സംവാദങ്ങളും മുഴുവന്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതാണ് മറ്റൊരു യജ്ഞം. ഒരു തദ്ദേശഭാഷയിലേക്ക് രാജ്യത്ത് ആദ്യമായാണ് ഈ മൊഴിമാറ്റം. ഇതിനു പ്രത്യേകസംഘത്തെ നിയോഗിച്ചു. 12 വാല്യങ്ങളുള്ള പരിഭാഷാഗ്രന്ഥങ്ങള്‍ 2025-ല്‍ പുറത്തിറങ്ങും.
പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരിക്കെ ഇ-നിയമസഭയ്ക്ക് മുന്‍കൈയെടുത്തിരുന്നു. അതു പൂര്‍ത്തീകരിച്ചത് രാജേഷും. നിയമസഭയിലെ ഫയല്‍നീക്കം പൂര്‍ണമായി കടലാസുരഹിതമാക്കി. സഭാനടപടികള്‍ ജനങ്ങള്‍ക്കു വീക്ഷിക്കാന്‍ പാകത്തില്‍ സഭാ ടി.വി. സമ്പൂര്‍ണ തത്സമയസംപ്രേഷണത്തിലേക്കുമാറ്റി. നേരത്തേ ചോദ്യോത്തരവേള മാത്രമേ ഇങ്ങനെ ഉണ്ടായിരുന്നുള്ളൂ. രേഖകളെല്ലാം സീറ്റിനുമുന്നിലെ സ്‌ക്രീനില്‍ ലഭ്യമാക്കി സഭാനടപടികളും ഡിജിറ്റലാക്കി. നിയമസഭാമ്യൂസിയത്തിന്റെ നവീകരണത്തിനും തുടക്കവുമിട്ടു.
Content Highlights: MB Rajesh swearing in today


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..