ആക്ട് ഓഫ് ഗോഡില്‍ തുടങ്ങി കെഎസ്ആർടിസി വരെ; പോരടിച്ച് എംബി രാജേഷും ശ്രീജിത്ത് പണിക്കരും


28 min read
Read later
Print
Share

എ.ബി.രാജേഷ്, ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ കെടുതികളുടെ ഉത്തരവാദികളെ ചൊല്ലി സിപിഎം നേതാവ് എം.ബി.രാജേഷും സാമൂഹിക നിരീക്ഷകനെന്ന പേരിലറിയപ്പെടുന്ന ശ്രീജിത്ത് പണിക്കരും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് യുദ്ധം നടക്കുകയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞ 'കോവിഡ് ഈസ് ഏന്‍ ആക്ട് ഓഫ് ഗോഡ് (covid is an act of god)' പ്രസ്താവനയില്‍ തുടങ്ങിയ പോരാണ് മുറുകിയിരിക്കുന്നത്.

കോവിഡ് ദൈവം വരുത്തിയതാണ്, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല' എന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞതായി കോവിഡ് മരണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റില്‍ രാജേഷ് പറഞ്ഞിരുന്നു.

എന്നാല്‍ രാജേഷിന്റെ വാദം തെറ്റാണെന്നാണ് ശ്രീജിത്ത് പറയുന്നത്. ശ്രീജിത്ത് ഇതിന് നല്‍കുന്ന അര്‍ത്ഥം ഇങ്ങനെ' ആക്ട് ഓഫ് ഗോഡ് എന്നത് നിയമപരമായി നിലനില്‍പുള്ള ഒരു പ്രയോഗമാണ്. ദൈവം വരുത്തിയത് എന്നല്ല അതിന്റെ നിയമപരമായ അര്‍ത്ഥം. മനുഷ്യ നിയന്ത്രണത്തിന്‌ അതീതമായ സംഭവങ്ങളെ സൂചിപ്പിക്കാന്‍ പൊതുവായി ഉപയോഗിക്കുന്ന പ്രയോഗമാണ് act of god. ഭൂകമ്പം, പ്രളയം, മഹാമാരി, ദുരന്തങ്ങള്‍ ഒക്കെയും act of god ആണ്. സംശയമുണ്ടെങ്കില്‍ ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയോട് ചോദിച്ചു നോക്കൂ' ശ്രീജിത്ത് രാജേഷിന് മറുപടി എന്നോണം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതിനു ശേഷം ആസൂത്രണ ബോര്‍ഡ് അംഗവും സാമ്പത്തക ശാസ്ത്രജ്ഞനുമായ ആര്‍.രാംകുമാറുമായി മാതൃഭൂമി ഡോട്ട് കോം നടത്തിയ അഭിമുഖത്തെ ചൂണ്ടിക്കാട്ടി ശ്രീജിത് പണിക്കര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങൾക്ക് എംബി രാജേഷ് മറുപടി നൽകിയിരുന്നു.ജനങ്ങളുടെ നികുതിപ്പണം കൊണ്ടുണ്ടാക്കിയ വാക്‌സിന്, ജനംതന്നെ വീണ്ടും കാശ് മുടക്കുന്നു, ഇത് കൊള്ള ......എന്ന തലക്കെട്ടിൽ വന്ന അഭിമുഖത്തിൽ രാംകുമാർ പറഞ്ഞ അഭിപ്രായത്തിനെതിരായി വാക്സിനെ കെഎസ്ആർടിസി ബസ്സുമായി ഉപമിച്ച ശ്രീജിത്ത പണിക്കർ പോസ്റ്റിട്ടിരുന്നു. ഇതിനും പിന്നീട് എംബി രാജേഷ് തന്റെ പോസ്റ്റിലൂടെ മറുപടി നൽകി.

"പാന്‍ഡെമിക് ആണ്. ദശ ലക്ഷങ്ങള്‍ രോഗബാധിതരാണ്. ആയിരങ്ങള്‍ പ്രതിദിനം മരിക്കുകയാണ്.10 ശതമാനത്തിനു പോലും വാക്‌സിന്‍ ലഭിച്ചിട്ടില്ല. ദരിദ്ര ജന കോടികള്‍ക്ക് വില താങ്ങില്ല. വാക്‌സിനേഷന്‍ മാത്രമാണ് ഈ മനുഷ്യ ജീവനുകള്‍ രക്ഷിക്കാനും ദുരന്തത്തെ നേരിടാനുള്ള ആത്യന്തിക പോംവഴി.അപ്പോഴാണ് ജീവന്‍ രക്ഷാ വാക്‌സിന്‍ സൗജന്യമാക്കണമെന്ന മനുഷ്യത്വപരവും ജനാധിപത്യപരവുമായ ആവശ്യം KSRTC ടിക്കറ്റുമായി താരതമ്യം ചെയ്യുന്നത്. മിനിമം ബോധമുള്ളവരാരെങ്കിലും ഈ വിഡ്ഡിച്ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടുമോ?" എന്നായിരുന്നു എംബി രാജേഷിന്റെ മറുപടി.

ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ പോരാളികളും ഇരുപക്ഷം പിടിച്ച് ചര്‍ച്ചയ്ക്ക് മൂര്‍ച്ച കൂട്ടുന്നുണ്ട്. രാജേഷ് സംസ്ഥാന സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോള്‍ ശ്രീജിത്ത് കേന്ദ്ര സര്‍ക്കാരിന് വേണ്ടിയാണ് വാദിക്കുന്നത്.

ഇരുവരുടേയും പോസ്റ്റുകള്‍ ഇങ്ങനെ....

ഏപ്രില്‍ 24-ന് എംബി രാജേഷ് ഇട്ട പോസ്റ്റ്

വെറും മരണങ്ങളല്ല കൂട്ടക്കൊലകളാണ്

രാവിലെ ദില്ലിയില്‍ നിന്നുള്ള ഒരു ഫോണ്‍ കാളാണ് എന്നെ വിളിച്ചുണര്‍ത്തിയത്. അത് ഒരു സഹായ അഭ്യര്‍ത്ഥനയായിരുന്നു. വെറും 28 വയസ്സു പ്രായമുള്ള എന്റെ ഒരു സുഹൃത്ത് കോ വിഡ് ബാധിച്ച് അവിടെ ഗുരുതരാവസ്ഥയിലാണ്.ഒരു ആശുപത്രിയിലും ബെഡ് കിട്ടാനില്ല. എന്തെങ്കിലും വ്യക്തി ബന്ധം ഉപയോഗിച്ച് ഒരു ആശുപത്രിയില്‍ പ്രവേശനം തരപ്പെടുത്താനാവുമോ എന്നാണ് ചോദ്യം. എല്ലാ വാതിലുകളും മുട്ടി ഫലമില്ലാതായപ്പോഴുള്ള അവസാന ശ്രമമാണ്. പാലക്കാട്ടിരിക്കുന്ന ഞാന്‍ ഡല്‍ഹിയിലേയും കേരളത്തിലേയും എല്ലാ ബന്ധങ്ങളും ഓര്‍ത്തെടുത്ത് വിളിച്ചു നോക്കി.പ്രത്യേകിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെ. രണ്ടര മണിക്കൂര്‍ എന്നെപ്പോലെ പല സുഹൃത്തുക്കളും സാദ്ധ്യമായ ശ്രമങ്ങളെല്ലാം നടത്തി.ഞാന്‍ പലര്‍ മുഖേന ബന്ധപ്പെട്ട ഡല്‍ഹിയിലെ 12ആശുപത്രികളില്‍ 10 ഇടത്തും രക്ഷയുണ്ടായില്ല.. ഒരു സ്വകാര്യ ആശുപത്രിയില്‍ ബെഡ് തരാം പക്ഷേ വെന്റിലേറ്ററില്ല. മറ്റൊരിടത്ത് മുന്‍കൂര്‍ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ! വേറെ മാര്‍ഗ്ഗമില്ലെങ്കില്‍ അതാവാം എന്ന് നിശ്ചയിക്കാനിരിക്കുമ്പോള്‍ RML ല്‍ എങ്ങിനെയോ ഒരു ബെഡ് ലഭിച്ചുവെന്ന വിവരം വന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത് ! ആ ചെറുപ്പക്കാരന്‍ അവിടെ ചികിത്സയിലിരിക്കുന്നു.
ഹൃദയഭേദകമാണ് കാഴ്ചകള്‍. ഓക്‌സിജന്‍ കിട്ടാതെ ആശുപത്രി മുറ്റത്തും വരാന്തകളിലും മരിച്ചു വീഴുന്ന മനുഷ്യജീവികള്‍.കണ്‍മുന്നില്‍ ശ്വാസം കിട്ടാതെ പിടയുന്ന ഉറ്റവര്‍ക്ക് സഹായം തേടിയുള്ള ബന്ധുക്കളുടെ കരള്‍ പിളരുന്ന അലറിക്കരച്ചിലുകള്‍. കൂട്ടിയിട്ട മൃതശരീരങ്ങള്‍. ആംബുലന്‍സില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് റോഡില്‍ അനാഥമായി കിടക്കുന്ന ജഡം. ശ്മശാനങ്ങളില്‍ കത്തിയമരുന്ന കൂട്ടച്ചിതകള്‍.
ഇതിന് ആര്‍ക്കും ഉത്തരവാദിത്തമില്ലേ? ഇത് വെറും മരണങ്ങളല്ല. കൂട്ടക്കൊലകളാണ്.ദില്ലി വാഴുന്ന മനുഷ്യ വിരുദ്ധരായ ഒരു ഭരണകൂടമാണ് ഇതിന് ഉത്തരവാദികള്‍. എന്തുകൊണ്ട്?

1. ഓക്‌സിജന്‍ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിറവേറ്റാത്ത ക്രിമിനല്‍ നെഗ്ലിജന്‍സിന് ഉത്തരവാദികള്‍ മോദി സര്‍ക്കാരാണ്. വെറും ആറ് മാസം മുമ്പ് 2020 ഒക്ടോബറില്‍ മാത്രമാണ് ഇന്ത്യയിലാകെ വെറും 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ തുഛമായ 201 കോടി രൂപ പി എംകെ യേഴ്‌സ് ഫണ്ടില്‍ നിന്ന് അനുവദിച്ചത്. ആയിരക്കണക്കിന് കോടി രൂപ പിരിച്ച്, കണക്കുകള്‍ പുറത്തു വിടാതെ പൂഴ്ത്തിവെച്ചതില്‍ നിന്നാണ് പിശുക്കി ഈ നിസ്സാരമായ തുക നല്‍കിയത്. എന്നിട്ട് 6 മാസം കൊണ്ട് ആരംഭിച്ചതോ? വെറും 33 എണ്ണം മാത്രം! ബാക്കിയുള്ളവയുടെ ടെന്‍ഡര്‍ പോലും ആയിട്ടില്ല ! യു.പി യില്‍ പണം അനുവദിച്ച 14 ല്‍ ഒന്നുപോലും തുടങ്ങിയിട്ടില്ല ഒരു മഹാദുരന്തത്തെ നേരിടാനുള്ള നടപടികളുടെ വേഗം നോക്കൂ. ഒച്ചിഴയുന്നതു പോലും മോദി സര്‍ക്കാരിനേക്കാള്‍ വേഗത്തിലാണ്.

2. ഇനി വാക്‌സിന്റെ കാര്യമെടുക്കാം. അമേരിക്കന്‍ സര്‍ക്കാര്‍ 2020 ആഗസ്റ്റില്‍ 44700 കോടി വാക്‌സിന്‍ ഉല്‍പ്പാദനത്തിന് നിക്ഷേപിച്ചപ്പോള്‍ ഇന്ത്യയോ? ചില്ലിക്കാശ് നിക്ഷേപിച്ചില്ല. ഏറ്റവുമൊടുവില്‍ ആയിരങ്ങള്‍ മരിച്ചു വീഴാന്‍ തുടങ്ങിയപ്പോള്‍, എട്ട് മാസത്തിനു ശേഷം ഈ ഏപ്രില്‍ 19 ന് മാത്രമാണ് 4500 കോടി രൂപ അനുവദിച്ചത്.അതും ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള അമേരിക്ക നിക്ഷേപിച്ചതിന്റെ പത്തിലൊന്ന് മാത്രം!

3. മറ്റ് രാജ്യങ്ങള്‍ ആവശ്യമായ ഡോസ് വാക്‌സിന്‍ നേരത്തേ ബുക്ക് ചെയ്തപ്പോള്‍ മോദി സര്‍ക്കാര്‍ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചത്. അമേരിക്ക 2020 ആഗസ്റ്റില്‍ 400 ദശലക്ഷം ഡോസും യൂറോപ്യന്‍ യൂണിയന്‍ 2020 നവംബറില്‍ 800 ദശലക്ഷം ഡോസും മുന്‍കൂട്ടി ബുക്ക് ചെയ്തപ്പാള്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ അനങ്ങാതിരുന്നു. ഒടുവില്‍ ഈ ജനുവരിയില്‍ ബുക്ക് ചെയ്തത് വെറും 16 ദശലക്ഷം ഡോസ് മാത്രം.

4. ഇതിനു പുറമേയാണ് ലോകത്ത് ഒരിടത്തുമില്ലാത്ത വിലക്ക് വാക്‌സിന്‍ വിറ്റ് കൊള്ളലാഭം കൊയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ഇന്നത്തെ ദി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയനുസരിച്ച് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലുള്‍പ്പെടെ ലോകത്തെല്ലായിടത്തേക്കാള്‍ കൂടുതലാണ് മോദിയുടെ ഇന്ത്യയില്‍ വാക്‌സിന്റെ വില.
എന്തൊരു കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, പാചകവാതകം, ഇപ്പോഴിതാ വാക്‌സിനും വില കൂട്ടിയിരിക്കുന്നു. വില കൂട്ടാന്‍ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂ. മോദിയുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ ഇതുവരെ ശവപ്പെട്ടി ഉല്‍പ്പാദിപ്പിക്കാത്തത് ഭാഗ്യം. ഉണ്ടെങ്കില്‍ അതിലും കൊള്ളലാഭം താങ്കള്‍ അവര്‍ക്ക് ഉറപ്പാക്കുമായിരുന്നു.

5.സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ട എല്ലാം വിപണി ചെയ്‌തോളും എന്ന ബി.ജെ.പി.യുടെ ഉദാരവല്‍ക്കരണ സാമ്പത്തിക ദര്‍ശനവും മാനുഷികത തീരെയില്ലാത്ത വര്‍ഗ്ഗീയ പ്രത്യയശാസ്ത്രവും ചേര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ ആഴവും ആഘാതവും കൂടിയത്. നിര്‍മ്മല സീതാരാമന്‍ നേരത്തേ തന്നെ പറഞ്ഞതോര്‍മ്മയില്ലേ? covid is an act of god, gov--t has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് .ഒടുവിലെ പ്രസംഗത്തില്‍ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സര്‍ക്കാറിനെ പ്രതീക്ഷിക്കേണ്ട എന്നര്‍ത്ഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയില്‍ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്‌നേഹികള്‍?

6. എന്നാല്‍ എല്ലാം വിപണിയെ ഏല്‍പ്പിക്കുകയല്ല ഇടപെടുകയാണ് ചെയ്യേണ്ടത് എന്ന് തെളിയിച്ച ഒരു സര്‍ക്കാരുണ്ട് ഇവിടെ കേരളത്തില്‍.ഒരു വര്‍ഷത്തിനിടയില്‍ പിഴയ്ക്കാത്ത ആസുത്രണവും കരുതലും കാര്യക്ഷമതയും പുലര്‍ത്തി വരാനിരിക്കുന്ന മഹാദുരന്തത്തെ നേരിടാന്‍ തയ്യാറെടുപ്പു നടത്തിയ LDF സര്‍ക്കാര്‍.ഒരു വര്‍ഷത്തിനിടയില്‍ ഓക്‌സിജന്‍ ഉല്‍പ്പാദനം ഒരു മിനിറ്റില്‍ 50 ലിറ്ററില്‍ നിന്ന് 1250 ലിറ്ററായി, ഇരുപത്തിയഞ്ചിരട്ടിയാക്കി കുട്ടിയ സര്‍ക്കാര്‍.9735 ICU കിടക്കകളും 3776 വെന്റിലേറ്ററുകളും സജ്ജമാക്കിയ സര്‍ക്കാര്‍. (അതില്‍ യഥാക്രമം 999 ഉം 277 ഉം മാത്രമേ ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്നോര്‍ക്കണം. ) മരണ നിരക്ക് ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിലയില്‍ പിടിച്ചു നിര്‍ത്തി ആയിരക്കണക്കിന് മനുഷ്യ ജീവന്‍ രക്ഷിച്ച ഒരു സര്‍ക്കാര്‍. വാക്‌സിന്റെ പേരില്‍ ജനങ്ങളെ പിഴിയില്ല എന്ന ധീരമായ നിലപാട് എടുത്ത ഒരു സര്‍ക്കാര്‍. അതുകൊണ്ടാണ് ഗുജറാത്തിലേയും യു പി യിലേയും ദല്‍ഹിയിലേയും ഹൃദയഭേദകമായ കാഴ്ചകളൊന്നും കേരളത്തില്‍ കാണാത്തത്.

രണ്ടു സര്‍ക്കാരുകള്‍ തമ്മില്‍ മാത്രമല്ല രണ്ടിനേയും നയിക്കുന്ന രാഷ്ട്രീയം തമ്മിലാണ് മൗലികമായ വ്യത്യാസം. നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ആയുസ്സ് നിര്‍ണയിക്കുന്നത്, ജീവിതത്തേയും മരണത്തേയും നിര്‍ണയിക്കുന്നത് രാഷ്ട്രീയമാണ് എന്ന പാഠമാണ് ഇന്ത്യയും കേരളവും ഈ മഹാമാരിയില്‍ പഠിപ്പിക്കുന്നത്.

ഏപ്രില്‍ 25-ന് ശ്രീജിത്ത് പണക്കര്‍ ഇതിന് മറുപടി നല്‍കിയ പോസ്റ്റ്

പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്ത ആയതായി കണ്ടു. ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉതകുന്ന അനേകം കാര്യങ്ങള്‍ അതിലുണ്ട്. അതിനാല്‍ ഓരോ പോയിന്റും തിരുത്താന്‍ ശ്രമിക്കാം.
(1) //ഓക്സിജന്‍ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിറവേറ്റാത്ത ക്രിമിനല്‍ നെഗ്ലിജന്‍സിന് ഉത്തരവാദികള്‍ മോദി സര്‍ക്കാരാണ്.//

തെറ്റ്. ഇന്നലെ ഡല്‍ഹി ഹൈക്കോടതി കണ്ടെത്തിയത് കേന്ദ്രസര്‍ക്കാര്‍ ഓക്‌സിജന്‍ ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ട് ദിവസങ്ങള്‍ ആയെങ്കിലും റൂര്‍ക്കേല, കലിംഗനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാന്റുകളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറുകള്‍ വിട്ടില്ലെന്നും, സമീപ സ്ഥലങ്ങളിലെ പ്ലാന്റുകളിലേക്ക് മതിയായ അളവില്‍ ക്രയോജനിക് ടാങ്കറുകള്‍ എത്തിച്ചില്ലെന്നുമാണ്. എല്ലാ കാര്യങ്ങളും ഡല്‍ഹിയുടെ പടിയ്ക്കല്‍ എത്തിക്കാന്‍ സാധ്യമല്ലെന്നും, മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഡല്‍ഹി ചെയ്യാത്തതിനു ന്യായീകരണം ഇല്ലെന്നുമാണ്. അനുവദിക്കപ്പെട്ട് മൂന്നു ദിവസങ്ങള്‍ക്കു ശേഷവും ഓക്‌സിജന്‍ വാങ്ങാന്‍ ടാങ്കറുകള്‍ അയയ്ക്കാത്തതും റെയില്‍വെയെ സമീപിക്കാത്തതും ഗുരുതരമായ വീഴ്ചയായാണ് കോടതി നിരീക്ഷിച്ചത്. അനുവദിക്കപ്പെട്ട ഓക്‌സിജന്‍ കരിഞ്ചന്തയില്‍ പോകുന്നു എന്ന് തിരിച്ചറിഞ്ഞ ബംഗാള്‍ സര്‍ക്കാര്‍ അതിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ സര്‍ക്കുലര്‍ ഇറക്കിയത് അങ്ങ് അറിഞ്ഞോ ആവോ!

(2) //വെറും ആറ് മാസം മുമ്പ് 2020 ഒക്ടോബറില്‍ മാത്രമാണ് ഇന്ത്യയിലാകെ വെറും 162 ഓക്സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ തുഛമായ 201 കോടി രൂപ പി എംകെ യേഴ്സ് ഫണ്ടില്‍ നിന്ന് അനുവദിച്ചത്. ആയിരക്കണക്കിന് കോടി രൂപ പിരിച്ച്, കണക്കുകള്‍ പുറത്തു വിടാതെ പൂഴ്ത്തിവെച്ചതില്‍ നിന്നാണ് പിശുക്കി ഈ നിസ്സാരമായ തുക നല്‍കിയത്.//

തെറ്റ്. ഈ തുക തുച്ഛമല്ല. അനുവദിക്കപ്പെട്ടത് വായുവിനെ തണുപ്പിച്ച് ഓക്‌സിജന്‍ വേര്‍തിരിക്കുന്ന PSA പ്ലാന്റുകളാണ്. അതിനുള്ള ചെലവ് ഒന്നിന് ഏതാണ്ട് ഒന്നേകാല്‍ കോടി രൂപയാണ്.

(3) //എന്നിട്ട് 6 മാസം കൊണ്ട് ആരംഭിച്ചതോ? വെറും 33 എണ്ണം മാത്രം! ബാക്കിയുള്ളവയുടെ ടെന്‍ഡര്‍ പോലും ആയിട്ടില്ല ! യു.പി യില്‍ പണം അനുവദിച്ച 14 ല്‍ ഒന്നുപോലും തുടങ്ങിയിട്ടില്ല ഒരു മഹാദുരന്തത്തെ നേരിടാനുള്ള നടപടികളുടെ വേഗം നോക്കൂ. ഒച്ചിഴയുന്നതു പോലും മോദി സര്‍ക്കാരിനേക്കാള്‍ വേഗത്തിലാണ്.//

ഭാഗികമായി ശരിയാണ്. പ്രവര്‍ത്തനക്ഷമമായ പ്ലാന്റുകളുടെ എണ്ണം കുറവു തന്നെയാണ്. ടെന്‍ഡറുകള്‍ ഒക്കെ ആയതാണ്. ചില സ്ഥലങ്ങളില്‍ വെന്‍ഡര്‍മാര്‍ പ്രവര്‍ത്തനം വൈകിപ്പിച്ചു. ചില സ്ഥലങ്ങളില്‍ പ്രവര്‍ത്തനം വൈകിപ്പിച്ചത് സംസ്ഥാനങ്ങളാണ്. വെന്‍ഡര്‍മാരുടെ ചുമതല പ്ലാന്റ് സ്ഥാപിക്കല്‍ മാത്രമാണ്. പ്ലാന്റില്‍ നിന്നും കോപ്പര്‍ പൈപ്പ്‌ലൈന്‍ ഉണ്ടാക്കി ഓക്‌സിജന്‍ കിടക്കകളിലേക്ക് എത്തിക്കേണ്ടത് സംസ്ഥാനങ്ങളാണ്. കേരളത്തിന്റെ കാര്യം നോക്കൂ. കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ അനുവദിക്കപ്പെട്ട പ്ലാന്റുകളുടെ പണി പൂര്‍ത്തിയായി. എന്നാല്‍ കോപ്പര്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാകാത്തതു മൂലം അവ പ്രവര്‍ത്തനക്ഷമമല്ല. രാജേഷ് സംസ്ഥാന ആരോഗ്യവകുപ്പിനെ ഒന്ന് കുറ്റപ്പെടുത്തൂ, കാണട്ടെ.

(4) //ഇനി വാക്സിന്റെ കാര്യമെടുക്കാം. അമേരിക്കന്‍ സര്‍ക്കാര്‍ 2020 ആഗസ്റ്റില്‍ 44700 കോടി വാക്സിന്‍ ഉല്‍പ്പാദനത്തിന് നിക്ഷേപിച്ചപ്പോള്‍ ഇന്ത്യയോ? ചില്ലിക്കാശ് നിക്ഷേപിച്ചില്ല. ഏറ്റവുമൊടുവില്‍ ആയിരങ്ങള്‍ മരിച്ചു വീഴാന്‍ തുടങ്ങിയപ്പോള്‍, എട്ട് മാസത്തിനു ശേഷം ഈ ഏപ്രില്‍ 19 ന് മാത്രമാണ് 4500 കോടി രൂപ അനുവദിച്ചത്. അതും ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള അമേരിക്ക നിക്ഷേപിച്ചതിന്റെ പത്തിലൊന്ന് മാത്രം! മറ്റ് രാജ്യങ്ങള്‍ ആവശ്യമായ ഡോസ് വാക്സിന്‍ നേരത്തേ ബുക്ക് ചെയ്തപ്പോള്‍ മോദി സര്‍ക്കാര്‍ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചത്. അമേരിക്ക 2020 ആഗസ്റ്റില്‍ 400 ദശലക്ഷം ഡോസും യൂറോപ്യന്‍ യൂണിയന്‍ 2020 നവംബറില്‍ 800 ദശലക്ഷം ഡോസും മുന്‍കൂട്ടി ബുക്ക് ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ അനങ്ങാതിരുന്നു. ഒടുവില്‍ ഈ ജനുവരിയില്‍ ബുക്ക് ചെയ്തത് വെറും 16 ദശലക്ഷം ഡോസ് മാത്രം. //

തെറ്റ്. ഉല്പാദനച്ചെലവ് കൂടുതലുള്ള രാജ്യത്തിലേതുപോലെ മറ്റു രാജ്യങ്ങളും പണം നിക്ഷേപിക്കണമെന്നത് തെറ്റായ വാദമാണ്. ചന്ദ്രയാന്‍, മംഗല്‍യാന്‍ പോലെയുള്ള പദ്ധതികളിലും ഇത് ഇന്ത്യ തെളിയിച്ചതാണ്. മുടക്കുന്ന പണമല്ല, കാര്യക്ഷമതയും സമയവുമാണ് പ്രധാനം. കുറച്ചു പണം മുടക്കിയിട്ടു പോലും ലോകത്തില്‍ അതിവേഗം 14 കോടി ആള്‍ക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യം ഇന്ത്യയാണ്. അമേരിക്കയും ചൈനയുമൊക്കെ നൂറും നൂറ്റിപ്പത്തും ദിവസങ്ങള്‍ എടുത്തപ്പോള്‍ ഇന്ത്യ ഈ നേട്ടം കൈവരിച്ചത് 99 ദിവസം കൊണ്ടാണ്. തന്നെയുമല്ല ഇന്ത്യ ലക്ഷക്കണക്കിനു ഡോസ് വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. മഴു ഉണ്ടാക്കാന്‍ എത്ര സമയം എടുത്തെന്നോ എത്ര പണം മുടക്കിയെന്നതോ അല്ല കാര്യം, അതിവേഗം മരം മുറിക്കാന്‍ കഴിഞ്ഞോ എന്നതാണ്.

(5) //ഇതിനു പുറമേയാണ് ലോകത്ത് ഒരിടത്തുമില്ലാത്ത വിലക്ക് വാക്സിന്‍ വിറ്റ് കൊള്ളലാഭം കൊയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ഇന്നത്തെ ദി ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയനുസരിച്ച് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലുള്‍പ്പെടെ ലോകത്തെല്ലായിടത്തേക്കാള്‍ കൂടുതലാണ് മോദിയുടെ ഇന്ത്യയില്‍ വാക്സിന്റെ വില.//

തെറ്റ്. വാക്‌സിന്‍ ഉല്പാദനഘട്ടത്തിലെ ഉദ്ദേശവിലയാണ് ഈ പ്രചരിക്കുന്നത്. ആ പട്ടികയില്‍ ഇന്ത്യയിലെ വാക്‌സിന്റെ വില എത്ര ഡോളര്‍ ആണെന്ന് നോക്കുക. അല്ലാതെ വാക്‌സിന്റെ ഇന്ത്യയിലെ ഇന്നത്തെ പൊതുവിപണി വിലയെ മറ്റു രാജ്യങ്ങളില്‍ വാക്‌സിന്റെ ഉല്പാദനഘട്ടത്തില്‍ സര്‍ക്കാരിനു കൊടുക്കുന്ന വിലയുമായിട്ടല്ല താരതമ്യം ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ ആവര്‍ത്തിച്ച കാര്യമാണ് ഏറ്റവും ചെലവു കുറഞ്ഞ വാക്‌സിനാണ് അവര്‍ നല്‍കുന്ന കോവിഷീല്‍ഡ് എന്നത്.

(6) //എന്തൊരു കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, പാചകവാതകം, ഇപ്പോഴിതാ വാക്സിനും വില കൂട്ടിയിരിക്കുന്നു. വില കൂട്ടാന്‍ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂ. മോദിയുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ ഇതുവരെ ശവപ്പെട്ടി ഉത്പാദിപ്പിക്കാത്തത് ഭാഗ്യം. ഉണ്ടെങ്കില്‍ അതിലും കൊള്ളലാഭം താങ്കള്‍ അവര്‍ക്ക് ഉറപ്പാക്കുമായിരുന്നു.//

ശരി. പെട്രോള്‍, ഡീസല്‍ വിലയും പാചകവാതക വിലയും കൂടുന്നതിനു ന്യായമില്ല. പെട്രോളിയം ഉല്പന്നങ്ങളുടെ വില ഡീറെഗുലേറ്റ് ചെയ്യുന്ന പദ്ധതിയുടെ ഉദ്ദേശം തന്നെ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലയ്ക്ക് ആനുപാതികമായി ഇന്ത്യയിലെ വിലയും ക്രമീകരിക്കുക എന്നതാണ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ പെട്രോളിയം കമ്പനികള്‍ ഇവിടെ വില കുറയ്ക്കുമെങ്കിലും കേന്ദ്രം എക്‌സൈസ് തീരുവയുടെ വിവിധ ഇനങ്ങള്‍ വഴി വില വീണ്ടും കൂട്ടും. ഫലത്തില്‍ ജനങ്ങള്‍ക്ക് കുറഞ്ഞ വില ലഭ്യമാകുന്നില്ല. പക്ഷെ ഇതൊരു സ്‌ട്രോമാന്‍ വാദമാണ്. വാക്‌സിനുമായി ബന്ധമില്ലാത്ത മറ്റൊരു വിഷയത്തിലെ വിലയെ വാക്‌സിന്‍ വിലയും മോദിയുടെ ചങ്ങാത്തവുമായി ബന്ധിപ്പിക്കാനാണ് രാജേഷ് ശ്രമിക്കുന്നത്. വാക്‌സിന്‍ വിലയെ കുറിച്ച് മുകളിലെ പോയിന്റില്‍ പറഞ്ഞിട്ടുണ്ട്. കോര്‍പ്പറേറ്റ് ശവപ്പെട്ടി എന്നത് രാഷ്ട്രീയ ആരോപണം ആയതിനാല്‍ അത് ഞാന്‍ വിടുന്നു.

(7) //സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ട എല്ലാം വിപണി ചെയ്തോളും എന്ന ബി.ജെ.പി.യുടെ ഉദാരവത്കരണ സാമ്പത്തിക ദര്‍ശനവും മാനുഷികത തീരെയില്ലാത്ത വര്‍ഗ്ഗീയ പ്രത്യയശാസ്ത്രവും ചേര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ ആഴവും ആഘാതവും കൂടിയത്.//
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് സമ്പദ്ഘടനാ ചിന്ത രാജ്യം ഉപേക്ഷിച്ചിട്ട് മൂന്ന് പതിറ്റാണ്ടായി. അതിനു നന്ദി പറയേണ്ടത് നരസിംഹ റാവുവിനും മന്മോഹന്‍ സിങ്ങിനുമാണ്. അതിന്‍പ്രകാരം സര്‍ക്കാരിന്റെ ചുമതല വിപണിക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വളര്‍ത്തുക എന്നതാണ്. അത് ലോകത്ത് പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള നയമാണ്. ഇപ്പോഴും 45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉള്‍പ്പടെയുള്ള മുന്നണി പോരാളികള്‍ക്കും രോഗങ്ങള്‍ ഉള്ളവര്‍ക്കുമുള്ള വാക്‌സിന്‍ കേന്ദ്ര സൗജന്യമായാണ് നല്‍കുന്നത്. ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന വാക്‌സിന്റെ 50% വാങ്ങുന്നത് കേന്ദ്രമാണ്. വാക്‌സിനേഷന്‍ അതിവേഗമാക്കാനും കാത്തിരിക്കാന്‍ വയ്യാത്തവര്‍ക്ക് അത് ലഭ്യമാക്കാനുമാണ് മൂന്നാം ഘട്ടത്തില്‍ കേന്ദ്രത്തിന്റെ ശ്രമം. പുതിയ ജനിതക വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും വാക്‌സിന്‍ വികസനത്തിന് കൂടുതല്‍ ഗവേഷണവും പണവും ആവശ്യമാണ്. പൊതുവിപണിയില്‍ ലഭ്യമാക്കുന്ന വാക്‌സിനില്‍ നിന്ന് കിട്ടുന്ന പണം ഇതിലേക്ക് ഉള്ള നിക്ഷേപം കൂടിയാണ്.

എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്ക നിക്ഷേപിച്ചതിനേക്കാള്‍ കുറവ് പണമാണ് ഇന്ത്യ നിക്ഷേപിച്ചത് എന്നു പറഞ്ഞപ്പോള്‍ താങ്കള്‍ക്കു തന്നെ പണത്തിന്റെ ആവശ്യത്തെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നല്ലോ. അമേരിക്കയിലെ അത്ര വേണ്ടെങ്കിലും ഇവിടെയും ഗവേഷണത്തിനു പണം വേണ്ടേ? വാക്‌സിന്‍ ഉല്പാദനത്തോടെ ഇവിടത്തെ ലാബുകള്‍ ഒക്കെ അടച്ചുപൂട്ടിയെന്നൊന്നും ധരിക്കരുത്. ഫെഡറല്‍ സംവിധാനത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്നവര്‍ക്ക് 50% വാക്‌സിന്‍ വാങ്ങാന്‍ കഴിവില്ലെങ്കില്‍ വീട്ടില്‍ ഇരിക്കുന്നതാണ് നല്ലത്. 2000 കോടി വന്നാലും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ തോമസ് ഐസക്കിനെയും അദ്ദേഹത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെയും ചോദ്യം ചെയ്യാത്തത് എന്തേ? സംസ്ഥാനത്തിനു ഖജനാവില്‍ ബാക്കിയുള്ള 5000 കോടി എവിടെയെന്ന് ധനമന്ത്രിയോട് ചോദിക്കുമോ? എന്തിനാണ് ഇപ്പോള്‍ സംഭാവന വേണമെന്ന് പറയുന്നതെന്ന് ചോദിക്കുമോ? ബജറ്റില്‍ സൗജന്യ വാക്‌സിന്‍ വെറും പ്രഖ്യാപനം മാത്രം ആയിരുന്നെന്ന് സമ്മതിക്കുമോ?

(8) //നിര്‍മ്മല സീതാരാമന്‍ നേരത്തേ തന്നെ പറഞ്ഞതോര്‍മ്മയില്ലേ? covid iട an act of god, govt has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് .ഒടുവിലെ പ്രസംഗത്തില്‍ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സര്‍ക്കാറിനെ പ്രതീക്ഷിക്കേണ്ട എന്നര്‍ത്ഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയില്‍ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്നേഹികള്‍?//

തെറ്റ്. താങ്കള്‍ക്ക് ഇത്ര വിവരമില്ലേ? Act of God എന്നത് നിയമപരമായി നിലനില്പുള്ള ഒരു പ്രയോഗമാണ്. ദൈവം വരുത്തിയത് എന്നല്ല അതിന്റെ നിയമപരമായ അര്‍ത്ഥം. മനുഷ്യ നിയന്ത്രണത്തിന്‍ അതീതമായ സംഭവങ്ങളെ സൂചിപ്പിക്കാന്‍ പൊതുവായി ഉപയോഗിക്കുന്ന പ്രയോഗമാണ് Act of God. ഭൂകമ്പം, പ്രളയം, മഹാമാരി, ദുരന്തങ്ങള്‍ ഒക്കെയും Act of God ആണ്. സംശയമുണ്ടെങ്കില്‍ ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയോട് ചോദിച്ചു നോക്കൂ. കോവിഡ് ഒരു മഹാമാരിയാണ് എന്നതില്‍ താങ്കള്‍ക്ക് ഇനിയും സംശയമുണ്ടോ? സ്വന്തം കാര്യം സ്വയം നോക്കണം എന്നു പറയുന്നതിന് അര്‍ത്ഥം സര്‍ക്കാരിനെ പ്രതീക്ഷിക്കേണ്ട എന്നാണോ? എല്ലാവരും ജാഗ്രത പുലര്‍ത്തണം എന്ന് മുഖ്യമന്ത്രി ഇവിടെ പറഞ്ഞതിന്റെ അര്‍ത്ഥവും അതുതന്നെയാണോ? സാമൂഹിക അകലം, മാസ്‌ക് ധാരണം, കൈകഴുകല്‍ എന്നിവയൊക്കെ സ്വയം ശ്രദ്ധിക്കേണ്ട സ്വന്തം കാര്യങ്ങള്‍ തന്നെയാണ്. സംശയമുണ്ടോ? കോവിഡ് കാലത്ത് മരിച്ച ആയിരങ്ങളെ മരണത്തിന് എറിഞ്ഞു കൊടുത്തത് ഭരണകൂടം ആണെങ്കില്‍ കേരളത്തില്‍ മരിച്ച 5000 പേരെ സംസ്ഥാന ഭരണകൂടം മരണത്തിനെറിഞ്ഞു കൊടുത്ത് കരയ്ക്കിരുന്ന് കണ്ടു എന്നും മനസ്സിലാക്കണോ?

(9) //എന്നാല്‍ എല്ലാം വിപണിയെ ഏല്‍പ്പിക്കുകയല്ല ഇടപെടുകയാണ് ചെയ്യേണ്ടത് എന്ന് തെളിയിച്ച ഒരു സര്‍ക്കാരുണ്ട് ഇവിടെ കേരളത്തില്‍.ഒരു വര്‍ഷത്തിനിടയില്‍ പിഴയ്ക്കാത്ത ആസുത്രണവും കരുതലും കാര്യക്ഷമതയും പുലര്‍ത്തി വരാനിരിക്കുന്ന മഹാദുരന്തത്തെ നേരിടാന്‍ തയ്യാറെടുപ്പു നടത്തിയ ഘഉഎ സര്‍ക്കാര്‍.//

തെറ്റ്. സ്വകാര്യമേഖലയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ കേരളത്തിലെ നിരക്ക് എത്രയെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് എത്രയെന്നും പറയാനുള്ള ആര്‍ജവം താങ്കള്‍ക്കുണ്ടോ? വിപണിയെ ഒന്നും ഏല്പിച്ചില്ലത്രേ! കേരളത്തിലെ കോവിഡ് നിരക്ക് ജനസംഖ്യാനുപാതികമായി നോക്കൂ, വ്യാപനം മനസ്സിലാകും. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കൂട്ടി ആന്റിജന്‍ ടെസ്റ്റ് മറ്റ് സംസ്ഥാനങ്ങള്‍ കുറച്ചപ്പോള്‍ ഇവിടെ ഇപ്പോഴും തിരിച്ചാണ് കഥ. മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന് സംസ്ഥാനത്തിന്റെ തന്നെ വിദഗ്ധസമിതിയല്ലേ കണ്ടെത്തിയത്. പൂന്തുറയിലെ പാവങ്ങളെ തോക്ക് കാട്ടി ഭയപ്പെടുത്തിയതില്‍ ഇപ്പോഴും താങ്കള്‍ക്ക് അഭിമാനം ഉണ്ടോ? മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാഞ്ഞതിനെ കുറിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല.

(10) //ഒരു വര്‍ഷത്തിനിടയില്‍ ഓക്സിജന്‍ ഉല്‍പ്പാദനം ഒരു മിനിറ്റില്‍ 50 ലിറ്ററില്‍ നിന്ന് 1250 ലിറ്ററായി, ഇരുപത്തിയഞ്ചിരട്ടിയാക്കി കുട്ടിയ സര്‍ക്കാര്‍.9735 ICU കിടക്കകളും 3776 വെന്റിലേറ്ററുകളും സജ്ജമാക്കിയ സര്‍ക്കാര്‍. (അതില്‍ യഥാക്രമം 999 ഉം 277 ഉം മാത്രമേ ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്നോര്‍ക്കണം. )//

തെറ്റായ വാദം. ഡല്‍ഹിയിലെ ഓക്‌സിജന്‍ ലഭ്യതക്കുറവിനു കാരണം കേന്ദ്രമാണെങ്കില്‍ കേരളത്തിലെ ലഭ്യതക്കൂടുതലിനും കാരണം കേന്ദ്രമല്ലേ? ഇനി കേരളത്തിലെ ലഭ്യതക്കൂടുതലിനു കാരണം കേരള സര്‍ക്കാര്‍ ആണെങ്കില്‍ ഡല്‍ഹിയിലെ ലഭ്യതക്കുറവിനു കാരണം ഡല്‍ഹി സര്‍ക്കാര്‍ അല്ലേ? ഓക്‌സിജന്‍ ഉല്പാദനവും വിതരണവും നിയന്ത്രിക്കുന്നത് സംസ്ഥാനങ്ങളല്ല, കേന്ദ്രമാണ് എന്നെങ്കിലും മനസ്സിലാക്കുക. ലഭ്യതയ്ക്ക് ടാങ്കറുകള്‍ തയ്യാറാക്കുകയാണ് സംസ്ഥാനങ്ങള്‍ ചെയ്യേണ്ടത്.

(11) //മരണ നിരക്ക് ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിലയില്‍ പിടിച്ചു നിര്‍ത്തി ആയിരക്കണക്കിന് മനുഷ്യ ജീവന്‍ രക്ഷിച്ച ഒരു സര്‍ക്കാര്‍. വാക്സിന്റെ പേരില്‍ ജനങ്ങളെ പിഴിയില്ല എന്ന ധീരമായ നിലപാട് എടുത്ത ഒരു സര്‍ക്കാര്‍. അതുകൊണ്ടാണ് ഗുജറാത്തിലേയും യു പി യിലേയും ദല്‍ഹിയിലേയും ഹൃദയഭേദകമായ കാഴ്ചകളൊന്നും കേരളത്തില്‍ കാണാത്തത്. രണ്ടു സര്‍ക്കാരുകള്‍ തമ്മില്‍ മാത്രമല്ല രണ്ടിനേയും നയിക്കുന്ന രാഷ്ട്രീയം തമ്മിലാണ് മൗലികമായ വ്യത്യാസം. നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ആയുസ്സ് നിര്‍ണയിക്കുന്നത്, ജീവിതത്തേയും മരണത്തേയും നിര്‍ണയിക്കുന്നത് രാഷ്ട്രീയമാണ് എന്ന പാഠമാണ് ഇന്ത്യയും കേരളവും ഈ മഹാമാരിയില്‍ പഠിപ്പിക്കുന്നത്.//

തെറ്റ്. ഐഎംഎ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇവിടെ കൂടുതലായി നടക്കുന്നത് ആര്‍ടിപിസിആര്‍ ടെസ്റ്റല്ല. ഏറ്റവും കൂടുതല്‍ ഫോള്‍സ് പോസിറ്റീവ് വരുന്ന ആന്റിജന്‍ ടെസ്റ്റാണ്. ഫലം? പോസിറ്റീവ് കേസുകളുടെ എണ്ണം കൂടും. മരണം ഉണ്ടാവില്ല. മരണ നിരക്ക് കുറയും. ഇതാണ് സര്‍ക്കാരിന്റെ പദ്ധതി. പിടിച്ചു നിര്‍ത്തി എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? കോവിഡിന് കേരളത്തില്‍ മരുന്നുണ്ടോ? വാക്‌സിന്റെ പേരില്‍ ജനങ്ങളെ പിഴിയില്ലെന്നും വാക്‌സിന്‍ സൗജന്യമെന്നും ആവശ്യമായത് 2000 കോടി മുടക്കി വാങ്ങുമെന്നും തിരഞ്ഞെടുപ്പിനു മുന്‍പ് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ സ്വന്തം വാക്ക് വിഴുങ്ങി. കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കത്തയച്ചു. ആള്‍ക്കാരോട് സംഭാവന ചെയ്യാന്‍ പറയുന്നു. സ്വന്തം നിലയ്ക്ക് വാങ്ങിയാല്‍ ബജറ്റിലെ മറ്റ് ചെലവുകള്‍ കുറയ്‌ക്കേണ്ടി വരുമെന്ന് പറയുന്നു. പ്രിയ രാജേഷ്, താങ്കള്‍ക്ക് ഒരേയൊരു കാര്യം ചെയ്യാന്‍ കഴിയുമോ? കഴിഞ്ഞ ബജറ്റില്‍ വാക്‌സിന്‍ സൗജന്യമെന്ന് പറഞ്ഞപ്പോള്‍ എത്ര തുകയാണ് അതിനു വകയിരുത്തിയതെന്ന് ഒന്നു പറയാമോ? അറിയില്ലെങ്കില്‍ ഞാന്‍ പറയാം. പൂജ്യം രൂപ. അതുകൊണ്ടാണ് പണം കണ്ടെത്തേണ്ടി വന്നാല്‍ മറ്റ് ചിലവുകള്‍ കുറയ്‌ക്കേണ്ടിവരുമെന്ന് ധനമന്ത്രി പറയുന്നത്.
അതെങ്ങനെ, ഖജനാവില്‍ ബാക്കിയുള്ള 5000 കോടിയുടെ ഒറ്റനോട്ട് കൊടുത്താല്‍ 1400 കോടി കഴിഞ്ഞ് ബാക്കിക്ക് ചില്ലറ കിട്ടില്ലല്ലോ, അല്ലേ?

ഏറ്റവും അവസാനമായി രാജേഷ് ചൊവ്വാഴ് ഇട്ട പോസ്റ്റ്

ഇന്ന് തന്നെ രൊക്കം

ഇന്നലെ രാത്രി 'യാരോ ഒരാള്‍ ' ടൈം ഔട്ട് വിളിച്ചിരുന്നുവത്രേ. സൂര്യാസ്തമയം കഴിഞ്ഞാല്‍ പോസ്റ്റിടരുതത്രേ. സൂര്യോദയവും സൂര്യനമസ്‌കാരവും കഴിഞ്ഞ് പകല്‍ വെളിച്ചത്തിലേ ടിയാന് പറയാന്‍ പാങ്ങുള്ളൂവത്രേ. ഗൂഗിളില്‍ തപ്പി രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് കാണാതെ പഠിക്കാനായിരിക്കും വോളിബോളിലെപ്പോലെ ടൈം ഔട്ട് വിളിച്ചത്. അതോ രാത്രി പത്തു മണി കഴിഞ്ഞപ്പോഴേക്കും 'രായേഷ് 'എന്നൊക്കെ അക്ഷരങ്ങള്‍ വഴുക്കി തുടങ്ങിയതുകൊണ്ടായിരിക്കുമോ?

ആ എന്തെങ്കിലുമാവട്ടെ. നല്ല പകല്‍ വെളിച്ചത്തില്‍, പ്രാതലിനു ശേഷം ഊണാവും മുമ്പ് തന്നെ ഇതിരിക്കട്ടെ.
വിവരക്കേടിന്റെ ഉത്തുംഗശൃംഗത്തിലാണ് സ്ഥിരവാസം .പൊങ്ങച്ചവും പരപുഛവുമാണ് സ്ഥായീഭാവം. പറയുന്നത് വിവരക്കേടാണെന്ന് പോലും തിരിച്ചറിയാനാവാത്ത അന്തമെഴാത്തതാം ആത്മവിശ്വാസമാണ് കൈമുതല്‍. അവഗണിക്കേണ്ടതാണ്. സഹതപിക്കേണ്ടതുമാണ്. വാക്‌സിന്‍ കണ്ടു പിടിച്ചിട്ടില്ലാത്ത വെളിവുകേടിനോട് തര്‍ക്കിക്കല്‍ പാഴ്വേലയാണെന്ന് പലരും പറയുന്നത് കേള്‍ക്കാത്തതല്ല. പക്ഷേ ഈ ഒറ്റത്തവണ തീര്‍പ്പാക്കലോടു കുടി നിര്‍ത്തിയേക്കാം.

1. നികുതിപ്പണം കൊണ്ടുണ്ടാക്കുന്ന വാക്‌സിന്‍ സൗജന്യമാക്കണമെങ്കില്‍ പിന്നെ ഗടഞഠഇ യില്‍ ടിക്കറ്റ് എടുക്കുന്നത് എന്തിനാ എന്നൊക്കെയുള്ള തനി തറ താര്‍ക്കിക കുയുക്തിയാണ് കയ്യിലുള്ളത്.അതു കേട്ട് കിടുവേ എന്ന് അഭിനന്ദിക്കുന്ന ചാണകവരട്ടിത്തലകളാണ് ശക്തി. ആ തലകള്‍ തിങ്ങിയ സംഘി രാജ്യത്തെ മുറിമൂക്കനാണ് കക്ഷി.
പാന്‍ഡെമിക് ആണ്. ദശ ലക്ഷങ്ങള്‍ രോഗബാധിതരാണ്. ആയിരങ്ങള്‍ പ്രതിദിനം മരിക്കുകയാണ്.10 ശതമാനത്തിനു പോലും വാക്‌സിന്‍ ലഭിച്ചിട്ടില്ല. ദരിദ്ര ജന കോടികള്‍ക്ക് വില താങ്ങില്ല. വാക്‌സിനേഷന്‍ മാത്രമാണ് ഈ മനുഷ്യ ജീവനുകള്‍ രക്ഷിക്കാനും ദുരന്തത്തെ നേരിടാനുള്ള ആത്യന്തിക പോംവഴി.അപ്പോഴാണ് ജീവന്‍ രക്ഷാ വാക്‌സിന്‍ സൗജന്യമാക്കണമെന്ന മനുഷ്യത്വപരവും ജനാധിപത്യപരവുമായ ആവശ്യം KSRTC ടിക്കറ്റുമായി താരതമ്യം ചെയ്യുന്നത്. മിനിമം ബോധമുള്ളവരാരെങ്കിലും ഈ വിഡ്ഡിച്ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടുമോ?

2.ജീവന്‍ രക്ഷാ മരുന്നുകളുടെ വില്‍പ്പനയിലൂടെ കൊള്ളലാഭമുണ്ടാക്കുന്നത് പൈശാചിക നടപടിയാണെന്ന് പറഞ്ഞത് സുപ്രീം കോടതിയാണ്.( സൈനയിഡ് ഇന്ത്യാ കേസ് 1997) വല്ലതും കേട്ടിട്ടുണ്ടോ പണ്ഡിത മൂഢന്‍? ഉണ്ടെങ്കില്‍ ആ പൈശാചിക നടപടിയെ ന്യായീകരിക്കുമോ?

3. ഔഷധവില നിയന്ത്രണ ഉത്തരവ് (2013) അറിയുമോ കോമള കളേബര വദനന്? (അഭിനന്ദനം കേട്ട് ഒന്ന് പുളകിത ഗാത്രനായിക്കോട്ടെ ) അസാധാരണ സാഹചര്യങ്ങളില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി വിപണിയില്‍ ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രണം ഉറപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ആ അധികാരം മുമ്പ് പലപ്പോഴും പ്രയോഗിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാരുകള്‍. ആടെന്തറിഞ്ഞു അങ്ങാടി വാണിഭം?

4. ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി 2003 ല്‍ വിധിച്ചതറിയുമോ? (KS Gopinath vs Union of India). പോട്ടെ ദുരന്തനിവാരണ നിയമം (2005) പ്രകാരം ഏത് ചട്ടങ്ങളിലും മാറ്റം വരുത്തി ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നെങ്കിലുമറിയാമോ? കോവിഡ് ഒരു ദേശീയ ദുരന്തമാണെന്നെങ്കിലും നിരീക്ഷക ധുരന്ധരന്‍ മനസ്സിലാക്കിയിട്ടുണ്ടോ?

5. വാക്‌സിന് ലോകത്തേറ്റവും ഉയര്‍ന്ന വില ഇന്ത്യയിലാണെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള ദേശീയ മാദ്ധ്യമങ്ങളും ആരോഗ്യ വിദഗ്ദ്ധരും പട്ടിക സഹിതം ചൂണ്ടിക്കാണിച്ച ദിവസം തന്നെ ഇന്ത്യയില്‍ വില കൂടുതലല്ല എന്ന കല്ലുവെച്ച നുണ തട്ടിവിടാന്‍ തൊലിക്കട്ടിയുടെ ബലമല്ലാതെ എന്തെങ്കിലും ഡേറ്റയുടെ പിന്‍ബലമുണ്ടോ?

6. എന്നിട്ടിപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് തന്നെ വാക്‌സിന്‍ വില കുറക്കാന്‍ കമ്പനികളോട് ആവശ്യപ്പെടേണ്ടി വന്നതായി വാര്‍ത്ത. ഇപ്പോഴിതാ സുപ്രീം കോടതിയും വാക്‌സിന്‍ വിലയിലെ പൊരുത്തക്കേട് ചോദ്യം ചെയ്യുന്നു.എന്തുകൊണ്ട്? വില കൂടുതലല്ല എന്ന ബസ് ടിക്കറ്റ് ന്യായീകരണവുമായി വന്നവന്‍ നീളന്‍ നാവ് തിരിച്ച് ചുരുട്ടി മടക്കി വായില്‍ തിരുകും മുമ്പേ കേന്ദ്രന്‍ വില കുറക്കാമോ എന്ന് ചോദിക്കുന്നതിനെപ്പറ്റി മിണ്ടാട്ടമുണ്ടോ?

7.18 -45 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രം വാക്‌സിനേഷന്‍ എന്ന സര്‍വത്ര പ്രതിഷേധമുണ്ടാക്കിയ കേന്ദ്ര നിലപാടിനെ ന്യായീകരിക്കാന്‍ ആറ്റിലേക്ക് എടുത്തു ചാടിയ അച്യുതന്‍ തിരിച്ചു കയറും മുമ്പ് കേന്ദ്രം ആദ്യ മാര്‍ഗ്ഗ നിര്‍ദ്ദേശം തിരുത്തിയതോ?

8. ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമമില്ല എന്ന്, ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചവരെ ക്രൂരമായി പരിഹസിച്ചു കൊണ്ട് ന്യായീകരിച്ച, രാജാവിനേക്കാള്‍ വലിയ രാജഭക്തന്‍ അറിയുന്നുണ്ടോ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ യു.എസ്, യു.കെ മുതല്‍ സൗദി അറേബ്യ വരെയുള്ള ലോക രാജ്യങ്ങളുടെ മുഴുവന്‍ സഹായം തേടി പരക്കം പായുന്ന കാര്യം? പത്രം വായനയെങ്കിലും വേണ്ടേ മിനിമം?

9. കേരളം മാത്രം ഓക്‌സിജന്‍ മിച്ചമായത് പിണറായിയുടെ പ്രാഗത്ഭ്യമല്ല മോദിയുടെ മിടുക്കാണെന്നും മോദിയുടെ മൂക്കിന് താഴെ ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാത്തത് കേജ്രിവാളിന്റെ കുഴപ്പമാണെന്നുമൊക്കെ തരാതരം മലക്കം മറയാന്‍ മാത്രം നാണമുക്തനായവനെ നിരീക്ഷകനെന്നോ വിദൂഷകനെന്നോ വിളിക്കേണ്ടൂ?

10. യുപിയില്‍ കേന്ദ്രം അനുവദിച്ചു എന്നു പറയുന്ന 14 ഓക്‌സിജന്‍ പ്ലാന്റില്‍ ഒന്നു പോലും ആറു മാസമായിട്ടും തുടങ്ങാത്തതിന്റെ ഉത്തരവാദി യോഗിയോ മോദിയോ എന്ന സ്‌ട്രെയിറ്റ് ക്വസ്റ്റ്യന് വായില്‍ കോലിട്ട് കുത്തിയാലും ചിറിയില്‍ തോണ്ടിയാലും മറുപടി പറയില്ലെന്ന് ശപഥമെടുത്ത നിര്‍ഗുണനെ നിഷ്പക്ഷനെന്ന് വിളിക്കണോ?

11 .കേരളത്തിലെ ഓക്‌സിജന്‍ മിച്ചം സ്വകാര്യ മേഖലയുള്ളതുകൊണ്ടാണെന്ന മഹാ കണ്ടു പിടുത്തം നടത്തിയ ഗവേഷണ പടുമരം യുപിയിലും ഗുജറാത്തിലും മോദിയുടെ ഇന്ത്യയിലുമൊന്നും സ്വകാര്യ മേഖലയെ കണ്ടെത്തിയില്ലേ? ങേ?
ഗുജറാത്തിലെ IMA ഇന്നലെ മുഖ്യമന്ത്രിയോട് പറഞ്ഞത് ഉടന്‍ ഓക്‌സിജന്‍ ലഭ്യമാക്കിയില്ലെങ്കില്‍ 4000 രോഗികളുടെ ജീവന്‍ അപകടത്തിലാവുമെന്നാണ്.(The Hindu, 27.4) എന്നേക്കാളും വലിയ IMAയോ എന്നായിരിക്കും നിരീക്ഷകഭാവം. മരിച്ചു വീഴുന്ന മനുഷ്യരുടെ ശ്വാസത്തിന് കുഴപ്പമില്ലെന്ന നിരീക്ഷണവും പ്രജാപതിയുടെ അധോവായുവിനെന്ത് സുഗന്ധം എന്ന പ്രകീര്‍ത്തനവും ഒരേ സമയം നടത്തുന്ന തൊമ്മിക്കെന്ത് മറുപടി?

12. ഗുജറാത്താണല്ലോ മനോരാജ്യത്തിലെ മാതൃക. ഇന്നത്തെ ദി ഹിന്ദു (27.04.2021)പ്രസിദ്ധീകരിച്ച കണക്കു നോക്കുക. ഞായറാഴ്ച (25.04.2021) ഗുജറാത്ത് സര്‍ക്കാരിന്റെ കണക്കില്‍ സംസ്ഥാനത്താകെ കോവിഡ് ബാധിച്ച് മരിച്ചത് 157 പേര്‍ മാത്രം. എന്നാല്‍ അഹമ്മദാബാദിലേയും സൂറത്തിലേയും മൂന്ന് കോവിഡ് ആശുപത്രികളില്‍ മാത്രം അന്ന് മരിച്ചത് 226 പേര്‍ ! സന്ദേശും ന്യൂയോര്‍ക്ക് ടൈംസുമെല്ലാം സമാനമായ കണക്കൊളിപ്പിക്കല്‍ നേരത്തേ തുറന്നു കാട്ടിയില്ലേ?വസ്തുതകളേയും സത്യത്തേയും ഇങ്ങനെ കുഴിച്ചുമൂടാന്‍ പരിശീലിച്ച ഒരു പരിവാരത്തില്‍ പെട്ടവനോട് മനഃസാക്ഷിയില്ലേ, ലജ്ജയില്ലേ എന്നൊക്കെ ചോദിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?
എന്തായാലും ഒരു ഗുണമുണ്ടായി. ഞാന്‍ പേര് പറയാതിരുന്ന അപ്രഖ്യാപിത സംഘികളിലൊരാള്‍ പേരു സ്വയം വെളിപ്പെടുത്തി ! സംഘി സ്വത്വം ഇതാദ്യമായി സമ്മതിച്ചു നാട്ടുകാര്‍ക്ക് പകല്‍ വെളിച്ചത്തില്‍ തന്നെ അത് തിരിച്ചറിയാനായി.

സംഘിയാണ്. വിവരക്കേടും അഹന്തയുമാണ് അലങ്കാരം.ഗൂഗിള്‍ മാത്രമാണശ്രയം. അതു വെച്ചുള്ള ലാട വൈദ്യം മാത്രമേ കയ്യിലിരുപ്പായിട്ടുള്ളൂ. അധികമായി ദുഷിച്ചു നീണ്ട ഒരു നാവും ചെളി തെറിപ്പിക്കാനുള്ള ജൈവിക ചോദനയുമുണ്ട്. എന്നാലോ നാട്യ പ്രമാണിയാണ്. WHO മുതല്‍ മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി വരെയുള്ളവരുടെ കണക്കുകളും വിമര്‍ശനങ്ങളുമല്ല താന്‍ പറയുന്നതാണ് ശരി എന്നൊക്കെയാണ് ഭാവം.ഭജന സംഘത്തിന്റെ വാഴ്ത്തു പാട്ടിലും പിന്നെ സ്വയം അഭിനന്ദിക്കുന്നതിലുമാണ് ആത്മഹര്‍ഷം.മാനായും മാരീചനായും (രാക്ഷസന്‍ ) പ്രത്യക്ഷപ്പെട്ട് കബളിപ്പിക്കുന്നവനെന്ന് കളിയാക്കിയാല്‍ അതുമെന്റെ കഴിവാണെന്ന് ഊറ്റം കൊള്ളുന്നവനാണ്. മുറി മൂക്കന്‍ രാജാവെന്ന് പരിഹസിച്ചാല്‍ അവിടേയും രാജാവാണല്ലോ എന്ന് അഭിമാനിച്ചു കളയും. എവിടെ മുളച്ച ആലാണെങ്കിലും അതില്‍ ഊഞ്ഞാലുകെട്ടിയാടുന്നവനാണ്. ശ്രദ്ധ പിടിച്ചുപറ്റാന്‍ അടങ്ങാത്ത അഭിവാഞ്ഛയാണ്. പബ്ലിസിറ്റി നെഗറ്റീവായാലും സന്തോഷമേയുള്ളു. അതിനുള്ള വാനരക്രിയകളിലാണ് താല്‍പര്യമെപ്പോഴും. അല്ലാതെ അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ക്കൊന്നും ഉതകുന്ന അറിവിന്റെയോ മര്യാദയുടേയോ സഹിഷ്ണുതയുടേയോ സംസ്‌കാരത്തിന്റെയോ ഭാഷയുടേയോ മൂലധനമൊന്നുമില്ലാത്ത വെറും വാചാടോപക്കാരന്‍. അത്തരക്കാര്‍ക്ക് പറ്റിയ ഭാഷയും ശൈലിയും തല്‍ക്കാലം സ്വീകരിക്കേണ്ടി വന്നു. വിവേകമതികള്‍ ഇത്തവണത്തേക്ക് കൂടി ക്ഷമിക്കുമല്ലോ. ചെളിയില്‍ പുളക്കാന്‍ ഇഷ്ടപ്പെടുന്നവരുമായുള്ള മല്‍പ്പിടുത്തം നിര്‍ത്തി. മനുഷ്യര്‍ ഈയാംപാറ്റകളെപ്പോലെ മരിച്ചു വീഴുന്ന ഒരു മഹാദുരന്തത്തിന്റെ കാലത്ത് പറയാനും ചെയ്യാനും വേറെ ഒരു പാട് കാര്യങ്ങളുണ്ടല്ലോ.
-എം.ബി.രാജേഷ്

ശ്രീജിത്ത് അതിന് നല്‍കിയ മറുപടി ഇങ്ങനെ...


ആത്മാര്‍ത്ഥ സ്‌നേഹിതനും പാലക്കാട്ടെ സിപിഎം അംഗവുമായ എം ബി രാജേഷ് ഇട്ട പോസ്റ്റ് നന്നായി. വാട്ടെബൗട്ടറിയില്‍ എംഎ എന്നൊരു ബിരുദാനന്തരബിരുദ കോഴ്‌സ് മരമടി, സോറി, കാലടി സംസ്‌കൃത സര്‍വകലാശാല എത്രയും പെട്ടെന്ന് തുടങ്ങണം.

(1) //ഇന്നലെ രാത്രി 'യാരോ ഒരാള്‍ ' ടൈം ഔട്ട് വിളിച്ചിരുന്നുവത്രേ. സൂര്യാസ്തമയം കഴിഞ്ഞാല്‍ പോസ്റ്റിടരുതത്രേ. സൂര്യോദയവും സൂര്യനമസ്‌കാരവും കഴിഞ്ഞ് പകല്‍ വെളിച്ചത്തിലേ ടിയാന് പറയാന്‍ പാങ്ങുള്ളൂവത്രേ. ഗൂഗിളില്‍ തപ്പി രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് കാണാതെ പഠിക്കാനായിരിക്കും വോളിബോളിലെപ്പോലെ ടൈം ഔട്ട് വിളിച്ചത്. അതോ രാത്രി പത്തു മണി കഴിഞ്ഞപ്പോഴേക്കും 'രായേഷ് 'എന്നൊക്കെ അക്ഷരങ്ങള്‍ വഴുക്കി തുടങ്ങിയതുകൊണ്ടായിരിക്കുമോ?//

ഇന്നലെ താങ്കള്‍ ടൈം ഔട്ട് വിളിച്ചത് താങ്കള്‍ മറന്നുവല്ലേ? 'Don't wrestle with pigs. You both get dirty and the pig likes it എന്നൊരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍. അതു മാനിക്കുന്നു. നിര്‍ത്തുന്നു,'' എന്നു പറഞ്ഞത് താങ്കളാണ്. ഇന്നലെ രാത്രി 10.43ന്. പത്തുമണി കഴിഞ്ഞപ്പോഴേക്കും അക്ഷരങ്ങളും ഓര്‍മ്മയും വഴുക്കി തുടങ്ങിയതു കൊണ്ടാണോ രാവിലെ ആയപ്പോള്‍ ആ ഓര്‍മ്മ പോയതെന്ന് സ്വയം വിലയിരുത്തുക. സൂര്യാസ്തമയം കഴിഞ്ഞത് കൊണ്ടല്ല ഞാന്‍ ഇന്നലെ രാത്രി പോസ്റ്റ് ഇടാതിരുന്നത്. ആ സമയത്ത് വഴുക്കി തുടങ്ങുന്നവര്‍ ആ പോസ്റ്റ് ശ്രദ്ധിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ്. ചിലര്‍ ആ സമയത്ത് പൊലീസ് സ്റ്റേഷനില്‍ പോയി പീഡനക്കേസ് പ്രതികളെ ഊരുന്നതില്‍ തിരക്കിലാവും. എല്ലാ വിഭാഗം ജനങ്ങളും എന്റെ പോസ്റ്റ് വായിക്കണമെന്നുള്ള ആഗ്രഹം ഉള്ളതുകൊണ്ടാണ് പോസ്റ്റ് രാവിലെ ആക്കിയത്. തലേ രാത്രിയിലെ വഴുക്കല്‍ കാരണം പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ വൈകി എത്തിയതും, വിശദീകരണം ആവശ്യപ്പെട്ട നേതാവിനെ കുടുക്കാന്‍ തീവ്രത അളക്കാന്‍ ആളെ വിട്ടതും ഞാന്‍ അല്ലല്ലോ.

(2) //ആ എന്തെങ്കിലുമാവട്ടെ. നല്ല പകല്‍ വെളിച്ചത്തില്‍, പ്രാതലിനു ശേഷം ഊണാവും മുമ്പ് തന്നെ ഇതിരിക്കട്ടെ.
വിവരക്കേടിന്റെ ഉത്തുംഗശൃംഗത്തിലാണ് സ്ഥിരവാസം .പൊങ്ങച്ചവും പരപുഛവുമാണ് സ്ഥായീഭാവം. പറയുന്നത് വിവരക്കേടാണെന്ന് പോലും തിരിച്ചറിയാനാവാത്ത അന്തമെഴാത്തതാം ആത്മവിശ്വാസമാണ് കൈമുതല്‍. അവഗണിക്കേണ്ടതാണ്. സഹതപിക്കേണ്ടതുമാണ്. വാക്‌സിന്‍ കണ്ടു പിടിച്ചിട്ടില്ലാത്ത വെളിവുകേടിനോട് തര്‍ക്കിക്കല്‍ പാഴ്വേലയാണെന്ന് പലരും പറയുന്നത് കേള്‍ക്കാത്തതല്ല. പക്ഷേ ഈ ഒറ്റത്തവണ തീര്‍പ്പാക്കലോടു കുടി നിര്‍ത്തിയേക്കാം.//

ഇതാ വീണ്ടും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പോലും. രണ്ടാമത്തെ തീര്‍പ്പാക്കല്‍ അല്ലേ? എന്താണ് പൊങ്ങച്ചം? 'ആഹാ കുലുക്കി ബാഹാ കുലിക്കി പാലക്കാടും പിടിച്ചടക്കി' എന്നു പാടുന്നതാണോ? അതോ 'എന്റെ തല, എന്റെ ഫുള്‍ഫിഗര്‍' അവിഞ്ഞ വിഡിയോ പേജില്‍ പിന്‍ഡ് പോസ്റ്റ് ആയി കീച്ചുന്നതാണോ? 'അന്തമെഴാത്തതാം' എന്നതില്‍ എല്ലാമുണ്ട് അന്തം. എന്തായാലും വെളിവുകേടിനോട് തര്‍ക്കിക്കുന്നത് പാഴ്വേലയാണെന്ന് അറിവുള്ളയാള്‍ വീണ്ടും തര്‍ക്കത്തിനു മുതിര്‍ന്നാല്‍ അപ്പുറത്തുള്ളവന് വെളിവുണ്ടെന്നാണല്ലോ അര്‍ത്ഥം. പ്രശംസയ്ക്ക് നന്ദി. എന്തായാലും മുന്‍പ് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന് മനസ്സിലായി. ആക്ട് ഓഫ് ഗോഡ് മെഴുകലും നിര്‍ത്തിയെന്ന് മനസ്സിലായി. ഇനി എന്നോടുള്ള ചോദ്യങ്ങളാണ്. മറുപടി തരാം.

[3] //നികുതിപ്പണം കൊണ്ടുണ്ടാക്കുന്ന വാക്‌സിന്‍ സൗജന്യമാക്കണമെങ്കില്‍ പിന്നെ KSRTC യില്‍ ടിക്കറ്റ് എടുക്കുന്നത് എന്തിനാ എന്നൊക്കെയുള്ള തനി തറ താര്‍ക്കിക കുയുക്തിയാണ് കയ്യിലുള്ളത്.അതു കേട്ട് കിടുവേ എന്ന് അഭിനന്ദിക്കുന്ന ചാണകവരട്ടിത്തലകളാണ് ശക്തി. ആ തലകള്‍ തിങ്ങിയ സംഘി രാജ്യത്തെ മുറിമൂക്കനാണ് കക്ഷി. പാന്‍ഡെമിക് ആണ്. ദശ ലക്ഷങ്ങള്‍ രോഗബാധിതരാണ്. ആയിരങ്ങള്‍ പ്രതിദിനം മരിക്കുകയാണ്.10 ശതമാനത്തിനു പോലും വാക്‌സിന്‍ ലഭിച്ചിട്ടില്ല. ദരിദ്ര ജന കോടികള്‍ക്ക് വില താങ്ങില്ല. വാക്‌സിനേഷന്‍ മാത്രമാണ് ഈ മനുഷ്യ ജീവനുകള്‍ രക്ഷിക്കാനും ദുരന്തത്തെ നേരിടാനുള്ള ആത്യന്തിക പോംവഴി.അപ്പോഴാണ് ജീവന്‍ രക്ഷാ വാക്‌സിന്‍ സൗജന്യമാക്കണമെന്ന മനുഷ്യത്വപരവും ജനാധിപത്യപരവുമായ ആവശ്യം KSRTC ടിക്കറ്റുമായി താരതമ്യം ചെയ്യുന്നത്. മിനിമം ബോധമുള്ളവരാരെങ്കിലും ഈ വിഡ്ഡിച്ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടുമോ?//

പാന്‍ഡമിക് ആണെന്ന് താങ്കള്‍ക്ക് മാത്രമല്ലല്ലോ അറിവുള്ളത്. ദരിദ്രജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്ന കാര്യത്തിലും സംശയമില്ല. കേരള ജനതയ്ക്ക് 2000 കോടി മുടക്കി വാക്‌സിന്‍ വാങ്ങുമെന്ന് പ്രഖ്യാപനം നടത്തിയത് ധനമന്ത്രി തോമസ് ഐസക്കാണ്. തിരഞ്ഞെടുപ്പിനു മുന്‍പ്. കയ്യിലിരിക്കുന്ന പണം കൊടുത്ത് അത് വാങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞതും ഐസക്കാണ്. തിരഞ്ഞെടുപ്പിനു ശേഷം. നാണമുണ്ടോ എന്ന് ചോദിക്കുന്നില്ല. സര്‍ക്കാരിന്റെ കയ്യില്‍ ബാക്കിയുണ്ടെന്ന് പറഞ്ഞ 5000 കോടി ഇപ്പോള്‍ 3000 കോടിയായി. അതില്‍ നിന്നും 1300 കോടി എടുത്തുവീശാന്‍ എന്തേ വയ്യെന്ന് താങ്കള്‍ അദ്ദേഹത്തോട് ചോദിച്ചില്ലേ? ഐസക് പറയുന്നത് കേട്ട് കിടുവേ എന്നു പറയാന്‍ അങ്ങയുടേത് ചാണകവരട്ടിത്തല അല്ലല്ലോ. കഴിഞ്ഞ ബജറ്റില്‍ വാക്‌സിന്‍ സൗജന്യമെന്ന് പറഞ്ഞിട്ടും ഒരു രൂപ നീക്കിവക്കാഞ്ഞത് എന്തേ സഖാവേ എന്നെങ്കിലും ചോദിക്കാന്‍ അങ്ങേയ്ക്ക് കഴിഞ്ഞില്ലല്ലോ. കേന്ദ്രം 50% വാക്‌സിന്‍ വാങ്ങി സൗജന്യമായി നല്‍കുന്നു. അതോ അതെല്ലാം മോദിക്ക് മാത്രം നാലുനേരം വെച്ച് കുത്തിവെക്കുകയാണെന്നാണോ സഖാവ് കരുതുന്നത്? കണക്കിന്‍ പ്രകാരം കേന്ദ്രം സൗജന്യമായി കേരളത്തിനു നല്‍കിയത് ഇന്നലെ വരെ 67 ലക്ഷം വാക്‌സിന്‍. കേരളം പട്ടിണിപ്പാവങ്ങള്‍ക്ക് നല്‍കിയത് ആനമൊട്ട. വാക്‌സിന്‍ കമ്പനികളുമായി അഞ്ചുദിവസം മുന്‍പ് തുടങ്ങിയ ചര്‍ച്ച ഇപ്പോഴും തുടരുകയാണത്രേ! കഷ്ടം. കെഎസ്ആര്‍ടിസി ടിക്കറ്റുമായി താരതമ്യം ചെയ്തത് ഒരു പൊട്ടയുക്തിയെയാണ്. പൊതുജനങ്ങളുടെ പണം മുടക്കി വാങ്ങുന്ന വസ്തുവിന് വീണ്ടും പൊതുജനം പണം മുടക്കരുതെന്ന പൊട്ടയുക്തിയെ. സാധാരണ മനുഷ്യര്‍ക്കൊപ്പം, പോത്തിന്‍കാട്ടം വരട്ടിയ തലകളുമായി നടക്കുന്നവര്‍ക്കും ഇതൊക്കെ മനസ്സിലാകാനാണ്.

(4) //ജീവന്‍ രക്ഷാ മരുന്നുകളുടെ വില്‍പ്പനയിലൂടെ കൊള്ളലാഭമുണ്ടാക്കുന്നത് പൈശാചിക നടപടിയാണെന്ന് പറഞ്ഞത് സുപ്രീം കോടതിയാണ്.( സൈനയിഡ് ഇന്ത്യാ കേസ് 1997) വല്ലതും കേട്ടിട്ടുണ്ടോ പണ്ഡിത മൂഢന്‍? ഉണ്ടെങ്കില്‍ ആ പൈശാചിക നടപടിയെ ന്യായീകരിക്കുമോ?//

താങ്കളുടേത് സ്‌ട്രോമാന്‍ വാദമാണ്. അതായത് ഞാന്‍ പറയാത്ത ഒരു കാര്യം ഞാന്‍ പറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കിയിട്ട് ആ വാദത്തെ ആക്രമിക്കുക. വാക്‌സിന്‍ വില്പനയിലൂടെ കൊള്ളലാഭം ഉണ്ടാക്കണമെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പറഞ്ഞെന്ന തോന്നല്‍ ഉണ്ടാക്കി ആക്രമിക്കാന്‍ ശ്രമിക്കുകയാണ് താങ്കള്‍. 1997ലെ സയനൈഡ് കേസ് എന്റെ അറിവില്‍ ഒരു ക്രിമിനല്‍ കേസാണ്. അതുമായി താങ്കള്‍ പറഞ്ഞ ഭാഗത്തിന് ബന്ധമില്ല. ഇനി വേറെ കേസ് ഉണ്ടെങ്കില്‍ ആ കേസിന്റെ ടൈറ്റിലും സൈറ്റേഷനും നല്‍കൂ. വാക്‌സിന്‍ ഒരു ജീവന്‍ രക്ഷാ മരുന്നല്ല എന്നെങ്കിലും മനസ്സിലാക്കുക. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നാണ് വാക്‌സിന്‍. ഇനി വാക്‌സിന്‍ ഒരു ജീവന്‍ രക്ഷാ മരുന്ന് ആണെങ്കില്‍ക്കൂടി അതില്‍ നിന്ന് കൊള്ളലാഭാം ഉണ്ടാക്കണമെന്ന് ഞാന്‍ എങ്ങും പറഞ്ഞില്ലല്ലോ. വാക്‌സിന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കണമെങ്കിലും ജനിതക വ്യതിയാനം വരുന്ന മുറയ്ക്ക് ഗവേഷണം നടത്തണമെങ്കിലും പണം ആവശ്യമാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനൊന്നും ബക്കറ്റ് പിരിവ് വഴിയല്ലല്ലോ വരുമാനം. പ്രളയഫണ്ട് തട്ടിക്കാനും അവര്‍ക്ക് കഴിയില്ല. അടര്‍ പൂനാവാലയുടെ മരിച്ചുപോയ അങ്കിള്‍ ചെങ്ങന്നൂര്‍ മുന്‍ എമ്മെല്ലെ അല്ലാത്തതുകൊണ്ട് ദുരിതാശ്വാസ നിധിയിലെ പണമെടുത്ത് വീശാനും കഴിയില്ല. ആവശ്യമായ പണം ഡോളര്‍ ആയി കൊടുക്കുന്ന കാര്യം ആലോചിക്കണം. ഗവേഷണവും ഉല്പാദനവും നടത്തി മാന്യമായാണ് അവര്‍ പണം ഉണ്ടാക്കുന്നത്.

(5) //ഔഷധവില നിയന്ത്രണ ഉത്തരവ് (2013) അറിയുമോ കോമള കളേബര വദനന്? (അഭിനന്ദനം കേട്ട് ഒന്ന് പുളകിത ഗാത്രനായിക്കോട്ടെ) അസാധാരണ സാഹചര്യങ്ങളില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി വിപണിയില്‍ ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രണം ഉറപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ആ അധികാരം മുമ്പ് പലപ്പോഴും പ്രയോഗിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാരുകള്‍. ആടെന്തറിഞ്ഞു അങ്ങാടി വാണിഭം?//

വീണ്ടും സ്‌ട്രോമാന്‍ വാദം. അതായത് വിപണിയില്‍ മരുന്ന് എത്തിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പറഞ്ഞെന്ന തോന്നല്‍ ഉണ്ടാക്കി ആക്രമിക്കാന്‍ ശ്രമിക്കുകയാണ് താങ്കള്‍. വിലനിയന്ത്രണ ഉത്തരവില്‍, എങ്ങനെയാണ് വില നിശ്ചയിക്കുന്നത് എന്നാണ് പറയുന്നത്. റീടെയ്‌ലര്‍ക്കുള്ള ശരാശരി വില, മാര്‍ജിന്‍, ഉയര്‍ന്ന പരിധി നിര്‍ണ്ണയം, ഉല്പാദകമത്സരം എന്നിവ പരിഗണിച്ചാണ് വില നിര്‍ണ്ണയം. അതിനുള്ള ഫോര്‍മുലകളും ഈ ഉത്തരവില്‍ പറയുന്നുണ്ട്. വാക്‌സിന്‍ എന്നത് ജീവന്‍ രക്ഷാ മരുന്നല്ലെന്നും ഞാന്‍ പറഞ്ഞു. ആ നിയമം കേട്ടിട്ടുണ്ടോ, ഈ ഉത്തരവ് അറിയാമോ, മറ്റേ കേസില്‍ കോടതി പറഞ്ഞത് എന്തെന്നറിയാമോ എന്നൊക്കെ താങ്കള്‍ ചോദിക്കുന്നു എന്നേയുള്ളൂ. എന്താണ് കാര്യമെന്നോ അത് ഈ വിഷയത്തില്‍ എങ്ങനെ പ്രസക്തമാകുന്നു എന്നോ താങ്കള്‍ പറയുന്നില്ല. 1951ല്‍ പഞ്ചാബില്‍ സംഭവിച്ചത് എന്താണെന്ന് അറിയുമോ എന്ന തരത്തിലുള്ള വാദമാണ് താങ്കളുടേത്. പോത്തെന്തറിഞ്ഞു അങ്ങാടി വാണിഭം?

(6) //ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി 2003 ല്‍ വിധിച്ചതറിയുമോ? (KS Gopinath vs Union of India) പോട്ടെ ദുരന്തനിവാരണ നിയമം (2005) പ്രകാരം ഏത് ചട്ടങ്ങളിലും മാറ്റം വരുത്തി ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നെങ്കിലുമറിയാമോ? കോവിഡ് ഒരു ദേശീയ ദുരന്തമാണെന്നെങ്കിലും നിരീക്ഷക ദുരന്ദരന്‍ മനസ്സിലാക്കിയിട്ടുണ്ടോ?//
വീണ്ടും സ്‌ട്രോമാന്‍ വാദം. കേന്ദ്രത്തിന് എവിടെയും ഇടപെടാന്‍ കഴിയില്ലെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പറഞ്ഞെന്ന തോന്നല്‍ ഉണ്ടാക്കി ആക്രമിക്കാന്‍ ശ്രമിക്കുകയാണ് താങ്കള്‍. വാദം വീണ്ടും അതാണ് ജീവന്‍ രക്ഷാ ഔഷധം! ദേശീയ ദുരന്തം എന്നാല്‍ നാഷണല്‍ ആക്ട് ഓഫ് ഗോഡ് ആണൊ അതോ നാഷണല്‍ ഹാന്‍ഡ് ഓഫ് ഗോഡ് ആണോ? പോത്തിനെന്ത് ഏത്തവാഴ!

(7) //വാക്‌സിന് ലോകത്തേറ്റവും ഉയര്‍ന്ന വില ഇന്ത്യയിലാണെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള ദേശീയ മാദ്ധ്യമങ്ങളും ആരോഗ്യ വിദഗ്ദ്ധരും പട്ടിക സഹിതം ചൂണ്ടിക്കാണിച്ച ദിവസം തന്നെ ഇന്ത്യയില്‍ വില കൂടുതലല്ല എന്ന കല്ലുവെച്ച നുണ തട്ടിവിടാന്‍ തൊലിക്കട്ടിയുടെ ബലമല്ലാതെ എന്തെങ്കിലും ഡേറ്റയുടെ പിന്‍ബലമുണ്ടോ?//

ബെസ്റ്റ്! ഉയര്‍ന്ന വാക്‌സിന്‍ വിലയാണ് ഇന്ത്യയിലേത് എന്നുള്ള പ്രചരണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ തിരുത്തിയിട്ട് ദിവസങ്ങള്‍ പലതുകഴിഞ്ഞു. ദേശാഭിമാനിയില്‍ വാര്‍ത്ത വന്നോയെന്നറിയില്ല. ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ പ്രചരിക്കപ്പെട്ട വില വാക്‌സിന്‍ നിര്‍മ്മാണ സമയത്ത് ധാരണയായ വിലകളും കോവിഷീല്‍ഡിന്റെ ഇന്നത്തെ വിലയും ആയിരുന്നു. റഷ്യന്‍ വാക്‌സിനും ചങ്കിലെ (ചൈന) വാക്‌സിനും 750 രൂപയ്ക്ക് മുകളിലും അമേരിക്കന്‍ വാക്‌സിന് 1500 രൂപയ്ക്ക് മുകളിലും ആണ് വില. ഡേറ്റ മാത്രമാണ് ആധാരം. കാണുക tthps://twttier.com/SerumItnsI...ts/atus/1384765710329520131. ഇംഗ്ലീഷ് അറിയുമെങ്കില്‍ ഇതിലെ രണ്ടാമത്തെ പോയിന്റ് വായിക്കുക tthps://twttier.com/...ts/atus/1385899831705538560/photo/1. നുണ തട്ടിവിടാന്‍ പോത്തിന്റെയത്ര തൊലിക്കട്ടിയൊന്നും നമുക്കില്ലേ!

(8) //എന്നിട്ടിപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് തന്നെ വാക്‌സിന്‍ വില കുറക്കാന്‍ കമ്പനികളോട് ആവശ്യപ്പെടേണ്ടി വന്നതായി വാര്‍ത്ത. ഇപ്പോഴിതാ സുപ്രീം കോടതിയും വാക്‌സിന്‍ വിലയിലെ പൊരുത്തക്കേട് ചോദ്യം ചെയ്യുന്നു.എന്തുകൊണ്ട്? വില കൂടുതലല്ല എന്ന ബസ് ടിക്കറ്റ് ന്യായീകരണവുമായി വന്നവന്‍ നീളന്‍ നാവ് തിരിച്ച് ചുരുട്ടി മടക്കി വായില്‍ തിരുകും മുമ്പേ കേന്ദ്രന്‍ വില കുറക്കാമോ എന്ന് ചോദിക്കുന്നതിനെപ്പറ്റി മിണ്ടാട്ടമുണ്ടോ?//

വീണ്ടും സ്‌ട്രോമാന്‍ വാദം. കേന്ദ്രസര്‍ക്കാര്‍ വില കുറയ്ക്കാന്‍ വാക്‌സിന്‍ കമ്പനികളോട് ആവശ്യപ്പെടുന്നത് നല്ല കാര്യമാണ്. താങ്കള്‍ പറയുന്നത് കേട്ടാല്‍ തോന്നും വാക്‌സിന്‍ വില കൂട്ടാന്‍ ഞാനും കേന്ദ്രവും ആവശ്യപ്പെട്ടെന്ന്. വില ന്യായമാണെന്നോ അല്ലെന്നോ ഒരു ഘട്ടത്തിലും ഞാന്‍ പറഞ്ഞിട്ടില്ല. അത് നിയമപ്രകാരം വിശദീകരിക്കേണ്ടത് സര്‍ക്കാരും കമ്പനികളുമാണ്. കേരളത്തില്‍ സ്വകാര്യമേഖലയിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ചെലവിനേക്കാള്‍ വളരെ കുറവാണ് നിലവില്‍ കോവിഷീല്‍ഡിന്റെ വില എന്നത് വാസ്തവം. അങ്ങേയ്ക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് അര്‍ണാബ് ഗോസ്വാമിയുമായുള്ള അവസാന ചര്‍ച്ച കണ്ടവര്‍ക്ക് മനസ്സിലാകും. എന്നാല്‍ മലയാളവും അറിയില്ലെന്നു വന്നാല്‍ അത് അങ്ങ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊണ്ടുവന്ന സാംസ്‌കാരിക നായകര്‍ക്ക് പോലും അപമാനമാകും. വാക്‌സിന്‍ വില കൂടുതല്‍ അല്ലെന്ന് ഞാന്‍ കെഎസ്ആര്‍ടിസി പോസ്റ്റില്‍ പറഞ്ഞോ? പറഞ്ഞിട്ടില്ല. അതില്‍ ഞാന്‍ വിലയെക്കുറിച്ച് പറഞ്ഞിട്ടേയില്ല. വാക്‌സിന് ഇരട്ടവില ചുമത്തുന്നു എന്ന വാദം തെറ്റാണെന്നു മാത്രമാണ് പറഞ്ഞത്. ഇതാണ് പല കമ്യൂണിസ്റ്റുകാരുടെയും പ്രശ്‌നം. സ്വന്തം വാദം മറ്റൊരാളിന്റെ വായില്‍ തിരുകും. എന്നിട്ട് അതിനെ ആക്രമിക്കും. അടുത്ത നുണയാണ് വാക്‌സിന്‍ വിലയിലെ പൊരുത്തക്കേട് കോടതി ചോദ്യം ചെയ്യുന്നു എന്നത്. അങ്ങനെയല്ല, വാക്‌സിന്‍ വിലയെ കുറിച്ച് ആക്ഷേപം വന്നപ്പോള്‍ എങ്ങനെയാണ് വില നിര്‍ണ്ണയിച്ചത് എന്നുള്ള ഫോര്‍മുലയാണ് കോടതി ആവശ്യപ്പെട്ടത്. വിലനിര്‍ണ്ണയത്തെക്കുറിച്ച് മുന്‍പ് താങ്കള്‍ സൂചിപ്പിച്ച ഡോക്യുമെന്റ് താങ്കള്‍ തന്നെ വായിച്ചിട്ടില്ലെന്ന് തോന്നുന്നു. അതിരിക്കട്ടെ, സ്വകാര്യമേഖലയിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ വില നിയന്ത്രിക്കുന്നതിനെ കുറിച്ച് ഇനിയെങ്കിലും വായില്‍ മടക്കിവെച്ച ചെറിയ നാവുകൊണ്ട് മിണ്ടാടുമോ?

(9) //18 45 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രം വാക്‌സിനേഷന്‍ എന്ന സര്‍വത്ര പ്രതിഷേധമുണ്ടാക്കിയ കേന്ദ്ര നിലപാടിനെ ന്യായീകരിക്കാന്‍ ആറ്റിലേക്ക് എടുത്തു ചാടിയ അച്യുതന്‍ തിരിച്ചു കയറും മുമ്പ് കേന്ദ്രം ആദ്യ മാര്‍ഗ്ഗ നിര്‍ദ്ദേശം തിരുത്തിയതോ?//

ആറ്റിലേക്ക് എടുത്തുചാടിയത് അച്യുതന്‍ ആയാലും ബാലകൃഷ്ണന്‍ ആയാലും താങ്കള്‍ പറയുന്നത് അവാസ്തവമാണ്. കേന്ദ്ര ആരോഗ്യസെക്രട്ടറിയും ആരോഗ്യമന്ത്രിയും പറഞ്ഞത് 18-45 പ്രായത്തില്‍ ഉള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രം ആണെന്നും, 'സംസ്ഥാനങ്ങള്‍ തയ്യാറായാല്‍' അവര്‍ക്ക് സംസ്ഥാനത്തിന്റെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കാമെന്നുമാണ്. ആരോഗ്യമന്ത്രാലയത്തിന്റെ ആദ്യ ട്വീറ്റില്‍ സ്വകാര്യമേഖലയിലെ വാക്‌സിനേഷന്‍ പരാമര്‍ശം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാത്രം. എന്നാല്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി ഔദ്യോഗികമായി മാധ്യമങ്ങളോട് പറയുകയും എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത രണ്ടാം ഭാഗം താങ്കള്‍ അറിഞ്ഞതേയില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് താങ്കളുടെ വീഴ്ച്ചയാണ്.

(10) //ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമമില്ല എന്ന്, ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചവരെ ക്രൂരമായി പരിഹസിച്ചു കൊണ്ട് ന്യായീകരിച്ച, രാജാവിനേക്കാള്‍ വലിയ രാജഭക്തന്‍ അറിയുന്നുണ്ടോ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ യു.എസ്, യു.കെ മുതല്‍ സൗദി അറേബ്യ വരെയുള്ള ലോക രാജ്യങ്ങളുടെ മുഴുവന്‍ സഹായം തേടി പരക്കം പായുന്ന കാര്യം? പത്രം വായനയെങ്കിലും വേണ്ടേ മിനിമം?//

ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും ഡല്‍ഹി കൃത്യസമയത്ത് ഓക്‌സിജന്‍ സ്വീകരിക്കാഞ്ഞതാണ് പ്രശ്‌നമെന്നും, എല്ലാ കാര്യങ്ങളും ഡല്‍ഹിയുടെ വാതില്‍ക്കല്‍ എത്തിക്കാന്‍ കേന്ദ്രത്തിനു കഴിയില്ലെന്നും മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിന് ഡല്‍ഹിക്ക് യാതൊരു ന്യായീകരണവും ഇല്ലെന്നു പറഞ്ഞത് ഞാനല്ല; ഡല്‍ഹി ഹൈക്കോടതിയാണ്. ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നും ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാനുള്ള വാഹനങ്ങള്‍ക്കാണ് ക്ഷാമമെന്നും ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാ വാര്‍ത്ത https://timesofindia.indiatimes.com/.../arti.../82186506.cm.െ ടാങ്കറുകള്‍ സംസ്ഥാനങ്ങളാണ് എത്തിക്കേണ്ടതെന്നാണ് ചട്ടമെന്ന് താങ്കള്‍ക്ക് അറിവുണ്ടാകില്ല. സഹായം തേടി സര്‍ക്കാര്‍ പരക്കം പായുകയോ? അതെന്താ ചുവന്ന ബക്കറ്റും കൊണ്ടാണോ പോകുന്നത്? പരക്കം പായുന്നത് കേരളമാണ്. 2000 കോടി വീശി വാക്‌സിന്‍ വാങ്ങുമെന്ന് പറഞ്ഞിട്ട് ബക്കറ്റുവെച്ച് പണം ഇട്ടോളാന്‍ ഉളുപ്പില്ലാതെ ആവശ്യപ്പെട്ട സംസ്ഥാനം. രാജ്യം വിദേശത്തു നിന്നും വാങ്ങുകയാണ് പ്ലാന്റുകളും ടാങ്കറുകളും. അത് കപ്പാസിറ്റി പ്ലാനിങ് ആണെന്നും ക്ഷാമമില്ലെന്ന് ഉറപ്പുവരുത്താനും ആണ്. അത് കിട്ടിയത് നയതന്ത്ര വിജയമാണ്. ലോകത്ത് പലരാജ്യങ്ങളിലും ആവശ്യമായ വാക്‌സിന്‍ എത്തിച്ചതുകൊണ്ടാണ്. പിച്ചച്ചട്ടി കയ്യിലിരിക്കുന്നവര്‍ക്ക് വാങ്ങലിനെ കുറിച്ചു മാത്രമേ പറയാന്‍ കഴിയൂ. ഞങ്ങളെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച ഇന്ത്യയ്ക്ക് ഒരാവശ്യം ഉണ്ടായപ്പോള്‍ ഞങ്ങളും സഹായിക്കും എന്നാണ് അമേരിക്ക പറഞ്ഞത്. ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചവരെ ക്രൂരമായി പരിഹസിച്ചത് ആരാണ്? വാളയാര്‍ കേസിലെ കാര്യമാണോ? അതിലെ യഥാര്‍ത്ഥ പ്രതികളെ ഊരിയെടുത്തവര്‍ ആണോ? അതുമിതും തമ്മിലുള്ള ബന്ധം?

(11) //കേരളം മാത്രം ഓക്‌സിജന്‍ മിച്ചമായത് പിണറായിയുടെ പ്രാഗത്ഭ്യമല്ല മോദിയുടെ മിടുക്കാണെന്നും മോദിയുടെ മൂക്കിന് താഴെ ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാത്തത് കേജ്രിവാളിന്റെ കുഴപ്പമാണെന്നുമൊക്കെ തരാതരം മലക്കം മറയാന്‍ മാത്രം നാണമുക്തനായവനെ നിരീക്ഷകനെന്നോ വിദൂഷകനെന്നോ വിളിക്കേണ്ടൂ?//

താങ്കള്‍ കാണിക്കുന്നതാണ് വിദൂഷകവേല. ഞാന്‍ ചോദിക്കുന്നതിനു സമാധാനം പറയൂ. കേരളത്തിലെ ഓക്‌സിജന്‍ മിച്ചമായത് പിണറായിയുടെ മിടുക്കാണെങ്കില്‍ ഡല്‍ഹിയിലെ ഓക്‌സിജന്‍ കുറഞ്ഞുപോയത് കെജ്രിവാളിന്റെ കുഴപ്പം ആയിരിക്കുമല്ലോ അല്ലേ? ഇനി അഥവാ മോദിയാണ് കാരണമെങ്കില്‍, ഡല്‍ഹിയിലെ ഓക്‌സിജന്‍ കുറഞ്ഞതിനും കേരളത്തിലെ ഓക്‌സിജന്‍ മിച്ചമായതിനും കാരണം മോദി. ഇതില്‍ ഏതാണ് താങ്കള്‍ അംഗീകരിക്കുന്നത്? ഇംഗ്ലീഷ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പോയി അവതാരകന്റെ മുന്നില്‍ ബേ ബേ ബേ എന്നു കരഞ്ഞിട്ട് വീട്ടിലെത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നവരെ നമുക്ക് നാണമുക്തര്‍ എന്നു വിളിക്കാം.

(12) //യുപിയില്‍ കേന്ദ്രം അനുവദിച്ചു എന്നു പറയുന്ന 14 ഓക്‌സിജന്‍ പ്ലാന്റില്‍ ഒന്നു പോലും ആറു മാസമായിട്ടും തുടങ്ങാത്തതിന്റെ ഉത്തരവാദി യോഗിയോ മോദിയോ എന്ന സ്‌ട്രെയിറ്റ് ക്വസ്റ്റ്യന് വായില്‍ കോലിട്ട് കുത്തിയാലും ചിറിയില്‍ തോണ്ടിയാലും മറുപടി പറയില്ലെന്ന് ശപഥമെടുത്ത നിര്‍ഗുണനെ നിഷ്പക്ഷനെന്ന് വിളിക്കണോ?//

വീണ്ടും സ്‌ട്രോമാന്‍ വാദം! എന്റെ വായില്‍ തിരുകുന്ന ഈ ആരോപണം ഞാന്‍ പറഞ്ഞിട്ടില്ല. താങ്കള്‍ പറയുന്നത് കേട്ടാല്‍ യുപി ഇന്ത്യയുടെ ഭാഗമല്ലെന്നും എനിക്ക് സ്ത്രീധനം കിട്ടിയതാണെന്നും തോന്നുമല്ലോ. യുപിയെ ഞാന്‍ ന്യായീകരിച്ചിട്ടില്ല. അവിടെ അനുവദിക്കപ്പെട്ട പ്ലാന്റുകള്‍ അവര്‍ പൂര്‍ത്തിയാക്കിയില്ല. അതുപോലെ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും ഒന്നും പ്ലാന്റുകള്‍ പൂര്‍ത്തിയാക്കിയില്ല. കേരളത്തിലെ പ്ലാന്റുകളുടെ വൈദ്യുതീകരണം, പൈപ്പ്‌ലൈന്‍ നിര്‍മ്മാണം എന്നിവ പൂര്‍ത്തിയാകാത്തത് എന്തേയെന്ന എന്റെ ചോദ്യത്തിന് താങ്കള്‍ മറുപടി പറഞ്ഞില്ല.

(13) //കേരളത്തിലെ ഓക്‌സിജന്‍ മിച്ചം സ്വകാര്യ മേഖലയുള്ളതുകൊണ്ടാണെന്ന മഹാ കണ്ടു പിടുത്തം നടത്തിയ ഗവേഷണ പടുമരം യുപിയിലും ഗുജറാത്തിലും മോദിയുടെ ഇന്ത്യയിലുമൊന്നും സ്വകാര്യ മേഖലയെ കണ്ടെത്തിയില്ലേ? ങേ? ഗുജറാത്തിലെ IMA ഇന്നലെ മുഖ്യമന്ത്രിയോട് പറഞ്ഞത് ഉടന്‍ ഓക്‌സിജന്‍ ലഭ്യമാക്കിയില്ലെങ്കില്‍ 4000 രോഗികളുടെ ജീവന്‍ അപകടത്തിലാവുമെന്നാണ്.(The Hindu, 27.4) എന്നേക്കാളും വലിയ IMA യോ എന്നായിരിക്കും നിരീക്ഷകഭാവം.//

വീണ്ടും സ്‌ട്രോമാന്‍ വാദം! എന്റെ വായില്‍ തിരുകുന്ന ഈ ആരോപണം ഞാന്‍ പറഞ്ഞിട്ടില്ല. താങ്കള്‍ ധരിച്ചിരിക്കുന്നത് അതാത് സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ ഉല്പാദനം സംസ്ഥാനങ്ങളുടെ വിഷയം ആണെന്നാണോ? അങ്ങനെയല്ല. ഒക്കെയും നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഇജി-2 ഗ്രൂപ്പും പെസോ നോഡല്‍ ഓഫീസര്‍മാരുമാണ്. അതാത് സ്ഥലങ്ങളിലെ ഓക്‌സിജന്റെ ആവശ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ആശുപതികളിലെ ഓക്‌സിജന്റെ ആവശ്യം ശേഖരിച്ച ശേഷമാണ്. ഡല്‍ഹിയില്‍ ക്ഷാമം ഉണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍ അവിടത്തെ ആവശ്യം എത്രയെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന കണക്ക് ഞാന്‍ കഴിഞ്ഞൊരു പോസ്റ്റില്‍ താങ്കളോട് ചോദിച്ചിരുന്നു. ഇതുവരെ താങ്കള്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. എന്നെക്കാളും വലിയ IMA യോ എന്ന ഭാവം കാണിച്ചത് ഞാനാണോ? ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കണം എന്ന് IMA ആവശ്യപ്പെട്ടത് ചെവിക്കൊള്ളാതെ ആന്റിജന്‍ ടെസ്റ്റുമായി കാലം തള്ളിനീക്കിയ സംസ്ഥാനമല്ലേ? കോവിഡ് പ്രോട്ടോക്കോള്‍ പിന്തുടരാതിരുന്ന മുഖ്യമന്ത്രിയല്ലേ? കോവിഡ് മാനദണ്ഡം പാലിക്കാതിരിക്കുക വഴി ഒരു യുവതിയെ ആംബുലന്‍സില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റേപ്പ് നടത്താന്‍ അവസരമുണ്ടാക്കിയ ആരോഗ്യവകുപ്പല്ലേ?

(14) //മരിച്ചു വീഴുന്ന മനുഷ്യരുടെ ശ്വാസത്തിന് കുഴപ്പമില്ലെന്ന നിരീക്ഷണവും പ്രജാപതിയുടെ അധോവായുവിനെന്ത് സുഗന്ധം എന്ന പ്രകീര്‍ത്തനവും ഒരേ സമയം നടത്തുന്ന തൊമ്മിക്കെന്ത് മറുപടി?//

വാളയാറിലെ കുഞ്ഞുങ്ങളുടെ ശ്വാസവും, പാതിരാത്രി ഊരപ്പെട്ട പ്രതികളുടെ മറ്റേതിന്റെ സുഗന്ധവും ആണോ ഉദ്ദേശിച്ചത്? ആ വിഷയം എന്തിനാണ് ഇടക്കിടെ പറയുന്നത്?

(15) //ഗുജറാത്താണല്ലോ മനോരാജ്യത്തിലെ മാതൃക. ഇന്നത്തെ ദി ഹിന്ദു (27.04.2021)പ്രസിദ്ധീകരിച്ച കണക്കു നോക്കുക. ഞായറാഴ്ച (25.04.2021) ഗുജറാത്ത് സര്‍ക്കാരിന്റെ കണക്കില്‍ സംസ്ഥാനത്താകെ കോവിഡ് ബാധിച്ച് മരിച്ചത് 157 പേര്‍ മാത്രം. എന്നാല്‍ അഹമ്മദാബാദിലേയും സൂറത്തിലേയും മൂന്ന് കോവിഡ് ആശുപത്രികളില്‍ മാത്രം അന്ന് മരിച്ചത് 226 പേര്‍ ! സന്ദേശും ന്യൂയോര്‍ക്ക് ടൈംസുമെല്ലാം സമാനമായ കണക്കൊളിപ്പിക്കല്‍ നേരത്തേ തുറന്നു കാട്ടിയില്ലേ?വസ്തുതകളേയും സത്യത്തേയും ഇങ്ങനെ കുഴിച്ചുമൂടാന്‍ പരിശീലിച്ച ഒരു പരിവാരത്തില്‍ പെട്ടവനോട് മനഃസാക്ഷിയില്ലേ, ലജ്ജയില്ലേ എന്നൊക്കെ ചോദിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?//

വീണ്ടും സ്‌ട്രോമാന്‍ വാദം! ഗുജറാത്ത് ആണ് മാതൃകയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ധൈര്യമുണ്ടെങ്കില്‍ ഞാന്‍ അങ്ങനെ പറഞ്ഞെന്ന് തെളിയിക്കൂ. വസ്തുതകളെയും സത്യങ്ങളെയും മൂടിവെക്കാന്‍ ഇവിടെയും ശ്രമങ്ങള്‍ നടന്നില്ലേ? തന്റെ പാര്‍ട്ടിയില്‍ പെട്ടയാളിന്റെ അസുഖവിവരം സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ഷിബു ബേബിജോണ്‍ ആരോപിച്ചില്ലേ? കേരളം കോവിഡ് മരണത്തിന്റെ പകുതിപോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നു കണ്ടെത്തിയത് സംസ്ഥാനം തന്നെ നിയോഗിച്ച വിദഗ്ധ സമിതിയല്ലേ? ഇതാ വാര്‍ത്ത https://theprint.in/.../kerala-not-reporting.../486368/. ആദ്യം കേരളത്തെ പ്രകീര്‍ത്തിച്ച ബിബിസി തന്നെ കേരളം മരണക്കണക്കില്‍ തട്ടിപ്പ് കാണിക്കുന്നെന്ന് റിപ്പോര്‍ട്ട് ചെയ്തില്ലേ? ഇതാ വാര്‍ത്ത https://www.bbc.com/news/world-asia-india-54985981. വസ്തുതകളേയും സത്യത്തേയും ഇങ്ങനെ കുഴിച്ചുമൂടാന്‍ പരിശീലിച്ച ഒരു പരിവാരത്തില്‍ പെട്ടവനോട് മനഃസാക്ഷിയില്ലേ, ലജ്ജയില്ലേ എന്നൊക്കെ ചോദിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് എനിക്കറിയാം.

(16) //എന്തായാലും ഒരു ഗുണമുണ്ടായി. ഞാന്‍ പേര് പറയാതിരുന്ന അപ്രഖ്യാപിത സംഘികളിലൊരാള്‍ പേരു സ്വയം വെളിപ്പെടുത്തി ! സംഘി സ്വത്വം ഇതാദ്യമായി സമ്മതിച്ചു നാട്ടുകാര്‍ക്ക് പകല്‍ വെളിച്ചത്തില്‍ തന്നെ അത് തിരിച്ചറിയാനായി.//

എന്റെ കഴിഞ്ഞ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്: ''മുന്‍പും ചര്‍ച്ചകളില്‍ താങ്കള്‍ എന്നെ സംഘിയെന്ന് വിളിച്ചിട്ടുള്ളതുകൊണ്ടും, താങ്കള്‍ പോസ്റ്റില്‍ സൂചിപ്പിച്ച പല കാര്യങ്ങളും താങ്കളോടു പറഞ്ഞത് ഞാന്‍ ആണെന്നതുകൊണ്ടും, താങ്കള്‍ ഉദ്ദേശിച്ച ഒരാള്‍ ഞാനാണെന്ന് മനസ്സിലായി.'' അല്ലാതെ സ്വയം വെളിപ്പെടുത്തിയതോ സമ്മതിച്ചതോ അല്ല. താങ്കള്‍ ഉദ്ദേശിച്ചത് ആരെയാണെന്നും താങ്കളുടെ പോസ്റ്റില്‍ പറഞ്ഞത് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആണെന്നും മനസ്സിലാകാതിരിക്കാന്‍ എന്റെ പേര് എം ബി രാജേഷ് എന്നോ പോത്തേഷ് എന്നോ മഹിഷേഷ് എന്നോ അല്ലല്ലോ.

(17) //സംഘിയാണ്. വിവരക്കേടും അഹന്തയുമാണ് അലങ്കാരം.ഗൂഗിള്‍ മാത്രമാണശ്രയം. അതു വെച്ചുള്ള ലാട വൈദ്യം മാത്രമേ കയ്യിലിരുപ്പായിട്ടുള്ളൂ. അധികമായി ദുഷിച്ചു നീണ്ട ഒരു നാവും ചെളി തെറിപ്പിക്കാനുള്ള ജൈവിക ചോദനയുമുണ്ട്. എന്നാലോ നാട്യ പ്രമാണിയാണ്. WHO മുതല്‍ മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി വരെയുള്ളവരുടെ കണക്കുകളും വിമര്‍ശനങ്ങളുമല്ല താന്‍ പറയുന്നതാണ് ശരി എന്നൊക്കെയാണ് ഭാവം.//

സംഘിയല്ലാത്തതു കൊണ്ടാണ് അല്ലെന്ന് പറയുന്നത്. അല്ലാതെ അതൊരു മോശം കാര്യം ആയതുകൊണ്ടല്ല. താങ്കളെ ഒരാള്‍ ലോക്‌സഭാംഗമേ എന്നു വിളിച്ചാല്‍ താങ്കള്‍ അയാളെ തിരുത്തും. താങ്കള്‍ ലോക്‌സഭാംഗം അല്ലെന്ന് പറയും. അത് താങ്കള്‍ തോറ്റതുകൊണ്ട് അല്ലേ? അല്ലാതെ ലോക്‌സഭാംഗം എന്ന വിളി മോശമായതു കൊണ്ടല്ലല്ലോ. വിവരക്കേട് ഇതല്ല രാജേഷ്. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതാണ് വിവരക്കേട്. ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം നല്‍കാതെ താങ്കള്‍ ഒഴിഞ്ഞുമാറി. എന്നാല്‍ താങ്കള്‍ ചോദിച്ച എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ മറുപടി നല്‍കി. സ്വന്തം നേതാവിന്റെ വികലമായ സാമ്പത്തികാസൂത്രണത്തെ ചോദ്യം ചെയ്യാത്ത, നേതാവിന്റെ കോവിഡ് മാനദണ്ഡലംഘനത്തെ ചോദ്യം ചെയ്യാത്ത അടിമകള്‍ക്ക് ചോദ്യം ചോദിക്കുന്നവരോട് വിരോധമുണ്ടാകുന്നത് സ്വാഭാവികം. പുരോഗമന പ്രസ്ഥാനത്തിലെ അംഗമെന്ന് സ്വയം വിശേഷിപ്പിക്കുന്ന താങ്കള്‍ എന്നെ എന്തെല്ലാമാണ് പറഞ്ഞത്. ബോഡി ഷെയിമിങ് ഉള്‍പ്പടെ നടത്തി. ണഒഛ മുതല്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കണക്കുകളാണ് ഞാന്‍ പറഞ്ഞത്. ഒക്കെയും ഗൂഗിളില്‍ നിന്നാണ് എടുത്തതും. ലോകത്തിലെ അറിവിന്റെ ഏറ്റവും വലിയ വാതായനമാണ് ഗൂഗിള്‍. നാട്ടുകാര്‍ ഗൂഗിള്‍ ഉപയോഗിച്ചാല്‍ സ്വന്തം ബുദ്ധിജീവി മൂടുപടം തകര്‍ന്ന് തരിപ്പണമാകുമെന്ന് ബോധ്യമുള്ളവര്‍ക്ക് ഗൂഗിളൊക്കെ അലര്‍ജിയാവും. വിവരം സമ്പാദിക്കാത്ത പൊട്ടക്കിണറ്റിലെ മാക്രികളോടാവും അവര്‍ക്ക് താല്പര്യം. മിനി കൂപ്പര്‍ ആഡംബര വാഹനം അല്ലെന്നൊക്കെ അവര്‍ പറയും. എന്തായാലും പാലക്കാട്ടുകാര്‍ക്ക് ബോധമുണ്ടെന്ന് അവര്‍ തെളിയിച്ചതാണല്ലോ.

(18) //ഭജന സംഘത്തിന്റെ വാഴ്ത്തു പാട്ടിലും പിന്നെ സ്വയം അഭിനന്ദിക്കുന്നതിലുമാണ് ആത്മഹര്‍ഷം.//

ഭജനസംഘം ഉണ്ടാവുകയും ആരെയെങ്കിലും വാഴ്ത്തുകയും ചെയ്താല്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. ജനം അങ്ങനെയാണ്. ആളിനു ഗുണമുണ്ടെന്ന് തോന്നിയാല്‍ കൂടെനില്‍ക്കും. അല്ലെങ്കില്‍ നിഷ്‌കരുണം തഴയും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അനുഭവിച്ചതല്ലേ? ഒരെമ്പി തോറ്റെമ്പിയാകാന്‍ ജനം വിചാരിച്ചാല്‍ മതി. സ്വയം അഭിനന്ദിക്കുന്നവര്‍ സ്വന്തമായി പൊട്ടുന്ന തിരഞ്ഞെടുപ്പില്‍ ജയഭേരി മുഴക്കും, ബാഹാ കുലുക്കി നാട് പിടിച്ചടക്കുന്ന പാട്ടുകള്‍ ഉണ്ടാക്കും. വലിയവായില്‍ മോങ്ങും.

(19) //മാനായും മാരീചനായും (രാക്ഷസന്‍ ) പ്രത്യക്ഷപ്പെട്ട് കബളിപ്പിക്കുന്നവനെന്ന് കളിയാക്കിയാല്‍ അതുമെന്റെ കഴിവാണെന്ന് ഊറ്റം കൊള്ളുന്നവനാണ്. മുറി മൂക്കന്‍ രാജാവെന്ന് പരിഹസിച്ചാല്‍ അവിടേയും രാജാവാണല്ലോ എന്ന് അഭിമാനിച്ചു കളയും. എവിടെ മുളച്ച ആലാണെങ്കിലും അതില്‍ ഊഞ്ഞാലുകെട്ടിയാടുന്നവനാണ്.//

മാനായും മാരീചനായും വരാന്‍ സിദ്ധര്‍ക്കേ കഴിയൂ. കണ്ട പോത്തുകള്‍ക്ക് കഴിയില്ല. മാരീചന്‍ തികഞ്ഞ വിഷ്ണുഭക്തനായിരുന്നു. അതായിരുന്നു അയാളുടെ സിദ്ധിയുടെ കാരണം. അയാള്‍ വധിക്കപ്പെട്ടതു പോലും രാമബാണമേറ്റാണ്. അല്ലാതെ പാലക്കാടന്‍ പോത്ത് കുത്തിയല്ല. മാരീചനെ കൊല്ലാന്‍ പാലക്കാടന്‍ പോത്തിന് എത്ര മുക്രയിട്ടാലും കഴിയില്ലെന്ന് മനസ്സിലാക്കുക. മൂറിമൂക്കന്‍ രാജാവാകുന്നത് മൂക്കില്ലാത്തവരുടെ കൂട്ടത്തിലാണ്. അത് കുറവല്ല. റോഡ് സൈഡിലെ ടാപ്പിന്റെ മുകളില്‍ വിരല്‍ കറക്കി ഉഡായിപ്പ് കാണിച്ച ഒരു വടുവന്‍ ഉണ്ട്. അവനെ നമുക്ക് ടാപ്പേഷ് എന്നുവിളിക്കാം. ടാപ്പേഷിനെ കണ്ടപ്പോള്‍, ലവിടെ മുളച്ച ആലില്‍ ഊഞ്ഞാല്‍ കെട്ടുക മാത്രമല്ല, ആല്‍ത്തറയും കെട്ടി ഓട്ടന്‍തുള്ളല്‍ കളിക്കുന്നവനാണെന്നാണ് മനസ്സിലായത്.

(20) //ശ്രദ്ധ പിടിച്ചുപറ്റാന്‍ അടങ്ങാത്ത അഭിവാഞ്ഛയാണ്. പബ്ലിസിറ്റി നെഗറ്റീവായാലും സന്തോഷമേയുള്ളു. അതിനുള്ള വാനരക്രിയകളിലാണ് താല്‍പര്യമെപ്പോഴും.//

സത്യം! ചിലര്‍ അങ്ങനെയാണ്. ഞാന്‍ സൂചിപ്പിച്ച വിവരം കെട്ടവന്റെ ടാപ്പേഷിന്റെ ഷോ അങ്ങനെ ആയിരുന്നല്ലോ. വെറും പാര്‍ട്ടി അംഗമായി ചുരുങ്ങി പോകുന്ന ചിലര്‍ക്ക് ഉണ്ടാകുന്ന അരക്ഷിതാവസ്ഥയാണ് അതിനു കാരണം. പബ്ലിസിറ്റി നെഗറ്റീവായാലും സന്തോഷമുള്ള ചിലരുണ്ടെന്നതും സത്യം. അതിനുള്ള വാനരക്രിയകളില്‍ ഒന്നാണ് ഭാര്യയെ പിന്‍വാതില്‍ വഴി കുത്തിക്കയറ്റുന്നത്. അത്തരക്കാരെ കുറ്റം പറയാന്‍ കഴിയില്ല. സ്വന്തം ജില്ലയില്‍ മൂന്നാമന്‍ പോലുമല്ല. പെന്‍ഷന്‍ മാത്രമാണ് വരുമാനം. ഗൂഗിള്‍ വന്നതോടെ ആളെ പറ്റിച്ച് ജീവിക്കാന്‍ വയ്യാതെയായി. രാത്രി മിനുങ്ങാന്‍ ഇത്തിരി ദമ്പിടി വേണം. ഭരിക്കുന്നവര്‍ക്ക് നക്കിക്കൊടുക്കും. ഗുണം ഭാര്യക്ക് ജോലിരൂപത്തില്‍ കിട്ടും. എന്താ ചെയ്ക. തനി പോത്തുജീവിതം. അത്തരക്കാരോട് എനിക്കും സഹതാപമാണ് രാജേഷ്.

(21) //അല്ലാതെ അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ക്കൊന്നും ഉതകുന്ന അറിവിന്റെയോ മര്യാദയുടേയോ സഹിഷ്ണുതയുടേയോ സംസ്‌കാരത്തിന്റെയോ ഭാഷയുടേയോ മൂലധനമൊന്നുമില്ലാത്ത വെറും വാചാടോപക്കാരന്‍. അത്തരക്കാര്‍ക്ക് പറ്റിയ ഭാഷയും ശൈലിയും തല്‍ക്കാലം സ്വീകരിക്കേണ്ടി വന്നു.//

അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ക്ക് ഉതകുന്നവരെ ചാനലുകാര്‍ വിളിക്കാറുണ്ട്. ചില ടാപ്പേഷുമാര്‍ക്ക് അവരോടൊപ്പം പങ്കെടുക്കാന്‍ ആവില്ല. കാരണം ടാപ്പ് ഊരി ഓക്‌സിജന്‍ മൊത്തം അവര്‍ പുറത്തുവിടും. അതുകൊണ്ട് അവരെ ബഹിഷ്‌കരിക്കും. ലവന്‍ ഉണ്ടെങ്കില്‍ ഞാന്‍ വരില്ലെന്ന് പറയും. ലവന്‍ ഇല്ലെന്ന് ഉറപ്പുവരുമ്പോള്‍ പുതിയ ഫാബ് ഇന്ത്യ ഷര്‍ട്ടിന്റെയും കുര്‍ത്തയുടെയും ഫോട്ടം മാധ്യമച്ചേച്ചിമാര്‍ക്ക് അയച്ചുകൊടുക്കും. അവര്‍ ഓക്കെ പറഞ്ഞാല്‍ അത് ഇട്ടോണ്ടുവന്നിരിക്കും.

(22) //വിവേകമതികള്‍ ഇത്തവണത്തേക്ക് കൂടി ക്ഷമിക്കുമല്ലോ. ചെളിയില്‍ പുളക്കാന്‍ ഇഷ്ടപ്പെടുന്നവരുമായുള്ള മല്‍പ്പിടുത്തം നിര്‍ത്തി. മനുഷ്യര്‍ ഈയാംപാറ്റകളെപ്പോലെ മരിച്ചു വീഴുന്ന ഒരു മഹാദുരന്തത്തിന്റെ കാലത്ത് പറയാനും ചെയ്യാനും വേറെ ഒരു പാട് കാര്യങ്ങളുണ്ടല്ലോ.//

വിവേകമതികളായ പാലക്കാട്ടുകാര്‍ രണ്ടുതവണ ക്ഷമിച്ചതാണ്. ചെളിയില്‍ പുളക്കാന്‍ ഇഷ്ടപ്പെടുന്ന ജീവികളോടുള്ള മല്‍പ്പിടുത്തം എനിക്കിഷ്ടമാണ്. ഈയാംപാറ്റകളെപ്പോലെ മനുഷ്യര്‍ മരിച്ചു വീഴുന്ന മഹാദുരന്തകാലത്തും ഒരല്പം ജല്ലിക്കെട്ടിന്റെ ആവേശം ജനങ്ങള്‍ക്ക് സമ്മാനിച്ച അങ്ങേയ്ക്ക് നന്ദി. ഇത്തിരി പൊറോട്ടയും ബീഫ് ഫ്രൈയും കഴിച്ച് വഴുക്കലില്ലാതെ വാഴ്ക.

നന്‍ട്രി
പണിക്കര്‍
ഡിജിറ്റലൊപ്പ്

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mk kannan

1 min

വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ഔദാര്യമുണ്ടായിട്ടില്ലെന്ന് എം.കെ കണ്ണന്‍

Sep 29, 2023


PK Kunhalikutty

1 min

കേന്ദ്ര ഏജന്‍സികള്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ തളര്‍ത്തും-പി.കെ.കുഞ്ഞാലിക്കുട്ടി

Sep 30, 2023


blood donation

1 min

ഗർഭിണിക്ക് രക്തം മാറിനൽകിയ സംഭവം: 2 ഡോക്ടർമാരെ പിരിച്ചുവിട്ടു; സ്റ്റാഫ് നഴ്സിന് സസ്പെൻഷൻ

Sep 30, 2023


Most Commented