എം.ബി.രാജേഷ് | ഫോട്ടോ: പി.കൃഷ്ണപ്രദീപ് മാതൃഭൂമി
തിരുവനന്തപുരം: ആര്‍എസ്എസും ബിജെപിയും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സംരക്ഷകരായി രംഗത്തുവരുന്ന സാഹചര്യത്തില്‍, കുറുക്കനൊരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ന്യൂനപക്ഷങ്ങള്‍ക്കറിയാമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേന്ദ്രമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തെക്കുറിച്ചും, റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ ബിജെപിയ്ക്ക് വോട്ട് നല്‍കാമെന്നുള്ള തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയെക്കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
"ആര്‍എസ്എസിന്റേയും അമിത് ഷായുടേയും പ്രാമാണിക ഗ്രന്ഥമായ വിചാരധാരയിലെ 19, 20, 21 അധ്യായങ്ങള്‍ ഇന്ത്യയുടെ അഥവാ ഹിന്ദുരാഷ്ട്രത്തിന്റെ ആന്തരികഭീഷണിയെ കുറിച്ചാണ്. 19 -ാമത്തെ അധ്യായം ആന്തരികഭീഷണി-1 മുസ്ലിങ്ങള്‍, 20 -ാമത്തെ അധ്യായം ആന്തരികഭീഷണി-2 ക്രിസ്ത്യാനികള്‍, 21 -ാമത്തെ അധ്യായം ആന്തരികഭീഷണി-3 കമ്യൂണിസ്റ്റുകാര്‍ എന്നിങ്ങനെയാണ്. ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ എഴുതിവെച്ചത് വെള്ളപൂശാന്‍ ഇപ്പോള്‍ ആരെങ്കിലും ശ്രമിച്ചാല്‍ നടക്കണമെന്നില്ല. പുള്ളിപ്പുലിയുടെ പുള്ളി ഇവരാരും എത്ര ഉരച്ചാലും, തേച്ചുകഴുകിയാലും മാഞ്ഞുപോകില്ല എന്നത് ജനങ്ങള്‍ക്കറിയാം, ന്യൂനപക്ഷങ്ങള്‍ക്കറിയാം", ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തെ പരാമര്‍ശിച്ച് എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെ കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ക്ക് വിലയിടിവിന് കാരണമായിട്ടുള്ള നയങ്ങള്‍ നേരത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റും ഇപ്പോള്‍ കൂടുതല്‍ തീവ്രമായി ബിജെപി ഗവണ്‍മെന്റും നടപ്പാക്കുകയാണെന്നും ആസിയാന്‍ കരാറിനെതിരെ കേരളത്തില്‍ ഇടതുപക്ഷം മനുഷ്യച്ചങ്ങല തീര്‍ത്തപ്പോള്‍ അന്ന് ബോധ്യപ്പെടാതിരുന്നവര്‍ക്കും ആസിയാന്‍ കരാര്‍ കാര്‍ഷികവിലയിടിവിന് കാരണമാകുന്നുവെന്ന് പിന്നീട് ബോധ്യമായതായും എം.ബി. രാജേഷ് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരാണ് ആസിയാന്‍ കരാര്‍ നടപ്പാക്കിയതെങ്കില്‍ പിന്നീട് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ കൂടുതല്‍ സ്വതന്ത്രകരാറുകള്‍ വഴി കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് ഇടയാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: MB Rajesh responds to Thalassery Bishop Mar Joseph Pamplanys comment on rubber price and bjp vote
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..