എം.ബി രാജേഷ് | Photo: www.facebook.com|mbrajeshofficial
തിരുവനന്തപുരം: പാര്‍ലമെന്റിലെ ഇടതുശബ്ദമായിരുന്ന യുവനേതാവ്. മികച്ച പാര്‍ലമെന്റേറിയന്‍. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ പ്രതിരോധമുഖം. എം.ബി രാജേഷ് ഇനി മുതല്‍ കേരളാ നിയമസഭയിലെ നിഷ്പക്ഷ മുഖമാകും. മികച്ച ഡിബേറ്ററായിരുന്ന രാജേഷ് ഇനി മുതല്‍ സഭയിലെ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന ചുമതലക്കാരനാകുന്നു.. ഇടതുചേരിയിലെ ഏറ്റവും ശ്രദ്ധേയമായ യുവമുഖങ്ങളിലൊന്നാണ് നിയമസഭയിലെ ഏറ്റവും ആദരീണമായ പദവിയിലേക്കെത്തുന്നത്.
കേരള നിയമസഭയിലെ പുതുമുഖമാണ് എം.ബി രാജേഷ്. ആദ്യമായി സഭയിലെത്തുന്നയാള്‍ക്ക് ആദ്യ പദവിയായി സ്പീക്കര്‍ സ്ഥാനം ലഭിക്കുന്നതും അപൂര്‍വ്വം. പാര്‍ലമെന്റേറിയന്‍ എന്ന നിലയിലെ പ്രവര്‍ത്തന പരിചയവുമാണ് രാജേഷ് സഭയെ നിയന്ത്രിക്കാനെത്തുന്നത്.
കേരളം ഏറ്റവും ശ്രദ്ധിച്ച മത്സരം നടന്ന തൃത്താലയില്‍ വി.ടി ബല്‍റാമിനെ പരാജയപ്പെടുത്തിയാണ് രാജേഷ് എംഎല്‍എയായി ഇപ്പോള്‍ സ്പീക്കറാകുന്നതും.
ഷൊര്‍ണൂര്‍ കയിലിയാട് റിട്ട. ഹവീല്‍ദാര്‍ ബാലകൃഷ്ണന്‍ നായരുടെയും കാറല്‍മണ്ണ മംഗലശ്ശേരി രമണിയുടെയും മകനായി 1971 മാര്‍ച്ച് 12ന് പഞ്ചാബിലെ ജലന്ധറില്‍ ജനനം. ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദവും നേടി.
എസ്.എഫ്.ഐ. പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നാഷണല്‍ ഷിപ്പിങ് ബോര്‍ഡ് കമ്മിറ്റി ഓഫ് പെറ്റീഷനിങ് എന്നീ സമിതികളില്‍ പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്നു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമാണ്.
ഭാര്യ: ആര്‍. നിനിത (കാലടി സംസ്‌കൃത സര്‍വകലാശാല അധ്യാപിക). മക്കള്‍: നിരഞ്ജന, പ്രിയദത്ത. കരിങ്കരപ്പുള്ളി എ.കെ.ജി. നഗര്‍ കോളനിയില്‍ നളിനകാന്തിയിലാണ് ഇപ്പോള്‍ താമസം.
Content Highlight: MB Rajesh new speaker of Kerala Assembly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..