അനുരാഗ് താക്കൂറുമായുള്ള സൗഹൃദം; വിമര്‍ശനം ഉള്‍കൊള്ളുന്നുവെന്ന് എം.ബി. രാജേഷ്


3 min read
Read later
Print
Share

MB Rajesh| Photo: Mathrubhumi

തിരുവനന്തപുരം: ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് താക്കൂറുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തിലായ സാഹചര്യത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. ഒരു വിഭാഗം നടത്തുന്ന വിമര്‍ശനം ന്യായവും പ്രസക്തവുമാണെന്നും അത് ഉള്‍കൊള്ളുകയും മാനിക്കുകയും ചെയ്യുന്നെന്നും രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഇച്ഛാഭംഗത്തിന്റെ മുറിവ് കാലത്തിനും ഉണക്കാന്‍ കഴിയാതെ പോയാല്‍, ചില മനുഷ്യര്‍ പഴയതു മറന്ന് പരസ്പര വിരുദ്ധമായി സംസാരിക്കും. അതിനെ ആ നിലയിലേ എടുക്കുന്നുള്ളുവെന്ന് വി.ടി ബല്‍റാം ഉള്‍പ്പടെയുള്ളവരുടെ വിമര്‍ശനത്തെ ലക്ഷ്യംവെച്ച് രാജേഷ് പറഞ്ഞു. എന്നാല്‍ മറ്റു ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം അങ്ങനെയല്ല. ഡല്‍ഹി വംശഹത്യക്ക് നിദാനമായ വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് താക്കൂറിന്റെ തീവ്ര നിലപാടുകളെ ചൂണ്ടിക്കാണിച്ച് അവര്‍ ഉയര്‍ത്തിയ വിമര്‍ശനം ന്യായവും പ്രസക്തവുമാണ്. അതിനെ പൂര്‍ണ്ണമായും മാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുവെന്നും രാജേഷ് വ്യക്തമാക്കി.

ഷിംലയില്‍ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ അനുരാഗ് താക്കൂറിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് രാജേഷ് തങ്ങളുടെ സൗഹൃദത്തേക്കുറിച്ച് വാചാലനായത്. ഇത് ഫെയ്ബുക്കില്‍ വലിയ വിമര്‍ശനത്തിന് കാരണമായി. രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ഒരുവിഭാഗം സി.പി.എം അനുയായികളും രാജേഷിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വ്യക്തിബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും രാഷ്ട്രീയമുണ്ടോ? ഉണ്ട് എന്നു തന്നെയാണ് അസന്ദിഗ്ധമായ ഉത്തരം. അവ കക്ഷിരാഷ്ട്രീയത്തിന് അതീതമാകാമെങ്കിലും രാഷ്ട്രീയത്തിന് അതീതമാവുകയില്ല. എല്ലാവര്‍ക്കുമെന്ന പോലെ എനിക്കും കക്ഷി - ജാതി-മത-ലിംഗ ഭേദങ്ങള്‍ക്കതീതമായ സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളുമുണ്ട്. പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ച കാലത്ത് കൂടുതല്‍ വിപുലമായ സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തുള്ളവരില്‍ ഏറ്റവും ഗാഢമായ വ്യക്തി ബന്ധം രാഹുല്‍ ഗാന്ധിയുമായിട്ടാണ് ഉണ്ടായിരുന്നത്. രാഹുല്‍ ഗാന്ധിയും ഈ വ്യക്തി ബന്ധത്തെക്കുറിച്ച് തന്നോട് സംസാരിച്ച കാര്യം കുറച്ചു ദിവസം മുമ്പ് ശ്രീ. രമേശ് ചെന്നിത്തല ഒരു പൊതു ചടങ്ങില്‍ പറഞ്ഞത് വാര്‍ത്തയായിരുന്നല്ലോ.

ഡെക്കാണ്‍ ക്രോണിക്കിളിന് 2014 ല്‍ നല്‍കിയ ഇന്റര്‍വ്യൂവില്‍ ഞാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിച്ചു കൊണ്ടു തന്നെ രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. വര്‍ഗീയ വാദികള്‍ ദേശീയ തലത്തില്‍തന്നെ അദ്ദേഹത്തെ പരിഹാസപ്പേരിട്ട് ആസൂത്രിതമായി വ്യക്തിഹത്യ നടത്തിയിരുന്ന കാലത്തായിരുന്നു അത് എന്നോര്‍ക്കണം. എന്റെ ആ നല്ല വാക്കുകള്‍ വ്യക്തിഹത്യക്ക് നേതൃത്വം കൊടുത്തവരെ പ്രകോപിപ്പിച്ചു. അവര്‍ എനിക്കെതിരെയും അതിന്റെ പേരില്‍ കടന്നാക്രമണം നടത്തി. ഞാന്‍ അത് അവഗണിച്ചിട്ടേയുള്ളൂ എതിര്‍ പക്ഷത്തുള്ളവരെ വ്യക്തിഹത്യ നടത്തുന്ന വിധമുള്ള പരാമര്‍ശങ്ങള്‍ ഞാന്‍ ഒരിക്കലും നടത്തിയിട്ടില്ല. രാഹുല്‍ ഗാന്ധി മുതല്‍ ബഹു. പ്രതിപക്ഷ നേതാവ് അടക്കം എല്ലാവരെക്കുറിച്ചും വ്യക്തിപരമായി നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ രാഷ്ട്രീയമായി ശക്തമായി വിമര്‍ശിക്കേണ്ടി വന്നപ്പോളൊന്നും അതില്‍ ഒരിളവും കാണിച്ചിട്ടുമില്ല.

ഒരാഴ്ച മുമ്പ് ഷിംലയില്‍ ഔദ്യോഗിക യോഗത്തില്‍ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനൊപ്പമുള്ള ചിത്രവും കുറിപ്പും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. ഒന്ന് ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. ഞാന്‍ എന്നും ഉയര്‍ത്തിപ്പിടിച്ച, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിനെ മുഴുവന്‍ റദ്ദാക്കാനുള്ള വ്യഗ്രത ഈ ആസൂത്രിത നീക്കത്തില്‍ മുഴച്ചു നിന്നിരുന്നു. രാഹുല്‍ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് ആക്രമണം അഴിച്ചുവിട്ട വര്‍ഗീയ വാദികളുടെ അതേ ഭാഷയും ശൈലിയുമായിരുന്നു ഇവര്‍ക്കും. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വച്ച് പ്രധാനമന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി കൂട്ടിക്കുഴക്കേണ്ടെന്ന് (അത് ശരിയുമാണ്) വാശിയോടെ വാദിച്ചവരാണ് ചിത്രത്തിന്റെ പേരില്‍ എന്റെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നത്. അന്ന് Hate the sin, not the sinner എന്ന ഗാന്ധി വചനമൊക്ക ഉദ്ധരിച്ചായിരുന്നു വാദമുഖങ്ങള്‍. ഇഛാഭംഗത്തിന്റെ മുറിവ് കാലത്തിനും ഉണക്കാന്‍ കഴിയാതെ പോയാല്‍, ചില മനുഷ്യര്‍ ഇങ്ങനെ പഴയതു മറന്ന് പരസ്പര വിരുദ്ധമായി സംസാരിക്കും. അതിനെ ആ നിലയിലേ എടുക്കുന്നുള്ളൂ.

എന്നാല്‍ മറ്റു ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം അങ്ങനെയല്ല. ദല്‍ഹി വംശഹത്യക്ക് നിദാനമായ വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് താക്കൂറിന്റെ തീവ്ര നിലപാടുകളെ ചൂണ്ടിക്കാണിച്ച് അവര്‍ ഉയര്‍ത്തിയ വിമര്‍ശനം ന്യായവും പ്രസക്തവുമാണ്. അതിനെ പൂര്‍ണ്ണമായും മാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. വര്‍ഗീയതക്കെതിരായി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിര്‍ണായകമായ പോരാട്ടം നടക്കുന്ന ഈ ചരിത്ര സന്ദര്‍ഭത്തില്‍ ആ വിമര്‍ശനത്തിന്റെ ഉദ്ദേശശുദ്ധി ഞാന്‍ മനസിലാക്കുന്നു. സ്വയം വിമര്‍ശനം നടത്താനും ഭാവിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും എന്നെ അത് സഹായിക്കുകയും ചെയ്യും. വ്യക്തിബന്ധങ്ങള്‍ മുതല്‍ കുടുംബ ബന്ധങ്ങള്‍ വരെ ഏതും കക്ഷിരാഷ്ട്രീയത്തിനതീതമാകാമെങ്കിലും ആത്യന്തികമായി രാഷ്ട്രീയ ശരിക്കു മുകളിലല്ല എന്നതാണ് എന്റെ ഉറച്ച ബോധ്യം. ആ രാഷ്ട്രീയ ബോധ്യമാണ് അല്ലാതെ ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ദുരഭിമാന നിലപാടല്ല ഈ വിഷയത്തില്‍ എന്നെ നയിക്കുന്നത്.

Content Highlights: MB Rajesh Facebook post on Anurag Thakur friendship controversy

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mk kannan

1 min

വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ഔദാര്യമുണ്ടായിട്ടില്ലെന്ന് എം.കെ കണ്ണന്‍

Sep 29, 2023


പിണറായി വിജയന്‍, എം.കെ. കണ്ണന്‍

1 min

എം.കെ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച EDക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ്

Sep 29, 2023


vn vasavan

കരുവന്നൂര്‍: ആധാരങ്ങള്‍ ED കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? സഹകരണമന്ത്രി

Sep 28, 2023


Most Commented