'അവസാന നിമിഷംവരെ സതീശന്‍ മുള്‍മുനയില്‍ നിര്‍ത്തി,ഒടുവില്‍ നേരിയ വോട്ടിന് ഞാന്‍ ജയിച്ചു'


എം.ബി.രാജേഷ്, സതീശൻ പാച്ചേനി |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുമായുള്ള തന്റെ ബന്ധം വ്യക്തമാക്കി മന്ത്രി എം.ബി.രാജേഷ്. വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ ആരംഭിച്ച സതീശനുമായുള്ള സൗഹൃദം ഊഷ്മളവും ഹൃദ്യവുമായി മുന്നോട്ടുപോയെന്ന് മന്ത്രി വ്യക്തമാക്കി. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയ സതീശന്‍ പാച്ചനേയെ നേരിയ വോട്ടിന് പരാജയപ്പെടുത്തിയതിന്റെ ഓര്‍മകളും രാജേഷ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.

എം.ബി.രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..സതീശന്‍ പാച്ചേനിയുടെ മരണവാര്‍ത്ത അതീവവേദനയോടെയാണ് കേട്ടത്. ഏതാനും ദിവസങ്ങളായി അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നെങ്കിലും മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ തീവ്രമായ ദുഖം അനുഭവപ്പെടുന്നു. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വിദ്യാര്‍ത്ഥി നേതാക്കളായിരിക്കുമ്പോള്‍ തുടങ്ങിയതാണ്. ഞാന്‍ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍, സതീശന്‍ കെ എസ് യു വിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. പല യോഗങ്ങളിലും വിരുദ്ധ ചേരിയിലാണെങ്കിലും ഒരുമിച്ച് പങ്കെടുക്കേണ്ടി വരാറുണ്ട്, ടെലിവിഷന്‍ ചര്‍ച്ചകളിലും അക്കാലത്ത് ഒരുമിച്ച് പങ്കെടുത്തിരുന്നു. അങ്ങനെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനകാലത്ത് ആരംഭിച്ച സൗഹൃദം, ഊഷ്മളവും ഹൃദ്യവുമായി മുന്നോട്ടുപോയി.

കണ്ണൂരുകാരനായ സതീശന്‍ 2001ല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റായിരിക്കെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായെത്തി. എതിര്‍ സ്ഥാനാര്‍ത്ഥി സഖാവ് വിഎസ്. വിഎസിനെപ്പോലെ ഒരു തലമുതിര്‍ന്ന നേതാവിനെതിരെ കടുത്ത പോരാട്ടം തന്നെ കാഴ്ചവെക്കാന്‍ സതീശനായി. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ മലമ്പുഴയില്‍ കുറഞ്ഞ വോട്ടുകള്‍ക്കാണ് സ. വി എസിനോട് സതീശന്‍ പരാജയപ്പെട്ടത്. അന്ന് വി എസിന് വേണ്ടി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായ ഞാനും പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. 2006ലും സതീശന്‍ വി എസിനെതിരെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു
മൂന്ന് വര്‍ഷത്തിന് ശേഷം 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിച്ചപ്പോള്‍ എതിരാളിയായി എത്തിയതും സതീശന്‍ തന്നെ.

തൊട്ടുമുന്‍പുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഉള്‍പ്പെടുന്ന മലമ്പുഴയില്‍ മത്സരിച്ചതിന്റെ ആനുകൂല്യം സതീശനുണ്ടായിരുന്നു. അതിനാല്‍ തന്നെ മണ്ഡലത്തില്‍ അദ്ദേഹം പുതുമുഖമായിരുന്നില്ല, പരിചിതനായിരുന്നു. വി എസിനെതിരെ കടുത്ത പോരാട്ടം കാഴ്ചവെച്ചതിന്റെ പരിവേഷവും സതീശനുണ്ടായിരുന്നു. രാഷ്ട്രീയ സാഹചര്യവും അന്ന് പൊതുവെ യുഡിഎഫിന് അനുകൂലമായിരുന്നു. എല്ലാം ചേര്‍ന്നപ്പോള്‍, പാലക്കാട് ലോക്‌സഭാ സീറ്റിലെ മത്സരത്തെ അവസാന നിമിഷം വരെ പ്രവചനാതീതമാക്കി നിര്‍ത്താന്‍ സതീശന്റെ പോരാട്ടവീര്യത്തിനായി. അവസാന നിമിഷം വരെ ലീഡ് നിലനിര്‍ത്തിയ സതീശന്‍ വിജയം കൈവിട്ടത് വോട്ടെണ്ണലിന്റെ ഏറ്റവും അവസാനഘട്ടത്തിലാണ്. നേരിയ വോട്ടിന്, വെറും 1820 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഞാന്‍ വിജയിച്ചത്.

സതീശനെപ്പോലെ ഊര്‍ജസ്വലനായ ഒരു സ്ഥാനാര്‍ത്ഥിയുടെ മികവാണ് ആ പോരാട്ടത്തെ അത്രയും കടുപ്പമേറിയതാക്കി മാറ്റിയത്. തെരഞ്ഞെടുപ്പില്‍ പരസ്പരം എതിരായി മത്സരിച്ചെങ്കിലും, ഞങ്ങളുടെ സൗഹൃദത്തിന് ഒട്ടും ഉലച്ചിലുണ്ടായില്ല. മത്സരം തീര്‍ത്തും രാഷ്ട്രീയമായിരുന്നു. വ്യക്തിഹത്യയോ അപവാദപചരണമോ ഒന്നും ഒരിക്കല്‍പ്പോലും അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷവും ആ വ്യക്തിബന്ധം കൂടുതല്‍ ഹൃദ്യമായി തുടര്‍ന്നു. അങ്ങേയറ്റം മാന്യനായ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു സതീശന്‍ പാച്ചേനി.

കഴിഞ്ഞ കുറേക്കാലാമായി സതീശന്‍ കണ്ണൂരും ഞാന്‍ പാലക്കാടും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ നേരില്‍ കാണുന്നത് കുറവായിരുന്നു, എങ്കിലും സതീശന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ പ്രസ്ഥാനത്തോട് അങ്ങേയറ്റത്തെ കൂറും പ്രതിബദ്ധതയും പുലര്‍ത്തിയ ഒരാളായിരുന്നു സതീശനെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. ആത്മാര്‍ത്ഥമായ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുമ്പോളും, തെരഞ്ഞെടുപ്പ് വിജയങ്ങള്‍ സതീശനോട് അകന്നുനിന്നു. പലപ്പോഴും നല്ല പോരാട്ടം കാഴ്ചവെച്ചിട്ടും നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടതുമൂലം അദ്ദേഹത്തിന് ജനപ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയില്ല. എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും വിദ്യാര്‍ത്ഥി നേതാവും നല്ല സംഘാടകന്‍ എന്ന നിലയിലെല്ലാമുള്ള പ്രവര്‍ത്തനം കൊണ്ട്, സതീശന്‍ പാച്ചേനി ജനങ്ങള്‍ക്കിടയില്‍ സ്വീകര്യനായി മാറി. പെരുമാറ്റത്തിലെ ലാളിത്യവും വിനയവും, എതിര്‍പക്ഷത്തുള്ളവരോടും പുലര്‍ത്തുന്ന സൗഹൃദവുമെല്ലാം സതീശനെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി മാറ്റുന്നു. സതീശന്‍ പാച്ചേനിയുടെ അകാലത്തിലുള്ള ദേഹവിയോഗം പൊതുരംഗത്തിനാകെ വലിയ നഷ്ടമാണ്. സതീശന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു


Content Highlights: mb rajesh about satheesan pacheni post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented