അന്വേഷിച്ചാല്‍ പാര്‍ട്ടി കുടുങ്ങും, ഇല്ലെങ്കില്‍ മേയര്‍ കുടുങ്ങും; കത്ത് വിവാദത്തില്‍ വിയര്‍ത്ത് CPM


സ്വന്തം ലേഖകന്‍

മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്ത് തയാറാക്കിയത് ഒരു ഏരിയ കമ്മിറ്റി അംഗമാണെന്നാണ് പാര്‍ട്ടിക്ക് ലഭിച്ച വിവരം.

ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: താത്കാലിക നിയമനത്തിന്റെ പേരില്‍ പുറത്ത് വന്ന കത്തിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും സിപിഎമ്മിന് വിമര്‍ശനമുയരുന്നു. വിഷയത്തില്‍ ഇന്നലെ അടിയന്തരമായി ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മേയറെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിനെയും വിളിച്ചുവരുത്തി വിശദീകരണം തേടി. താനറിയാതെയാണ് കത്ത് പോയതെന്നാണ് മേയര്‍ വിശദീകരിച്ചത്. അതിന് പുറമെ എസ്എടി ആശുപത്രിയിലെ താത്കാലിക നിയമന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വഞ്ചിയൂര്‍ ഏരിയാ സെന്ററിന്റെ ഭാഗമായ ഡി.ആര്‍. അനിലിനോട് വിശദീകരണം തേടാന്‍ കീഴ്ഘടകത്തോട് നിര്‍ദ്ദേശിക്കാനും സാധ്യതയുണ്ട്.

കത്ത് ചോര്‍ന്ന് വാര്‍ത്തയായതില്‍ നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കത്ത് എഴുതിയത് താന്‍ തന്നെയാണെന്ന് ഡി.ആര്‍ അനില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കത്തെഴുതിയത് ശരിയല്ലെന്ന് കണ്ട് അത് സെക്രട്ടറിക്ക് കൊടുത്തിരുന്നില്ലെന്നും ഡി.ആര്‍.അനില്‍ പറയുന്നു. ഇതിനെല്ലാം പുറമെ കത്ത് പുറത്ത് വന്നതിന് പിന്നിലാരെന്ന അന്വേഷണം പാര്‍ട്ടി തലത്തില്‍ നടക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നടന്ന കൈമാറ്റങ്ങള്‍ എങ്ങനെ പുറത്തുവന്നുവെന്നത് ജില്ലാ നേതൃത്വത്തിലെ ചേരിപ്പോരിലേക്കാണ് സംശയമെത്തിക്കുന്നത്. മേയറുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ ഡി.ആര്‍.അനിലിന്റെ കത്ത് പുറത്തുവന്നതും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ഇന്ന് ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യും. മേയറുടെ കത്തിന് പിന്നാലെ അനിലിന്റെ പേരിലുള്ള മറ്റൊരു കത്ത് ചോര്‍ന്നതും ചേരിപ്പോരിന്റെ ഭാഗമാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കും. കോര്‍പറേഷനിലെ താല്‍ക്കാലികനിയമനത്തിനു പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറിക്കു മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്ത് തയാറാക്കിയത് ഒരു ഏരിയ കമ്മിറ്റി അംഗമാണെന്നാണ് പാര്‍ട്ടിക്ക് ലഭിച്ച വിവരം. ഇയാളില്‍ നിന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് കൈമാറി കിട്ടുകയും ഇദ്ദേഹം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ വാട്സാപ് ഗ്രൂപ്പുകളില്‍ കത്ത് പങ്കുവയ്ക്കുകയുമായിരുന്നു. അവിടെനിന്നു കത്ത് പുറത്തായി. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.

മേയറുടെ പേരില്‍ വന്ന കത്തിന് പിന്നില്‍ പാര്‍ലമെന്ററി പാര്‍ട്ടിയിലുള്ളവര്‍ തന്നെയെന്ന സംശയവുമുയരുന്നുണ്ട്. ഓഫീസില്‍ മേയറില്ലാത്തപ്പോഴും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനായി ഒപ്പുള്ള ലെറ്റര്‍പാഡ് സൂക്ഷിക്കാറുണ്ട്. അതുപയോഗിച്ച് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെ ആരെങ്കിലും കത്ത് തയ്യാറാക്കിയതാണെന്നാണ് കരുതുന്നത്. മേയര്‍ തലസ്ഥാനത്തില്ലാത്ത ദിവസമാണ് കത്ത് പോയതെന്നതും, മേയര്‍ നേരിട്ട് ഒപ്പു വച്ചിട്ടില്ലെന്നതുമാണ് ഇക്കാര്യത്തില്‍ സിപിഎം ഉയര്‍ത്തിക്കാണിക്കുന്ന വാദം.

അങ്ങനെയെങ്കില്‍ മേയറുടെ ഓഫീസ് കുത്തഴിഞ്ഞുവെന്ന് സമ്മതിക്കേണ്ടി വരും. നഗരസഭയിലെ കമ്പ്യൂട്ടറില്‍ നിര്‍മ്മിച്ച് അത് അവിടെ നിന്ന് തന്നെ പ്രിന്റ് ചെയ്തശേഷം പാര്‍ട്ടി ഏരിയാ ഘടകം വഴി കത്ത് പുറത്ത് പോയെന്നാണ് പ്രാഥമിക നിഗമനം. നഗരസഭയില്‍ 295 താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ചുവെന്ന് പറയുന്ന കത്തിലെ ഒപ്പ് വ്യാജമാണെന്നും സിപിഎം വാദിക്കുന്നു. ഇന്‍ഷ്യലായ 'എസ് ' ഇല്‍ തുടങ്ങുന്നതാണ് മേയറുടെ ഒപ്പ്. എന്നാല്‍ പ്രചരിക്കുന്ന കത്തിലെ ഒപ്പ് മറ്റൊന്നാണ്.

എന്നാല്‍ കത്ത് വ്യാജമാണോ അല്ലയോ എന്ന ചോദ്യത്തിന് പാര്‍ട്ടിയും മേയറും വ്യക്തമായ മറുപടി നല്‍കുന്നുമില്ല. താന്‍ അറിയാതെ തന്റെ പേരില്‍ തന്റെ ഒപ്പുപോലുമല്ലാത്ത കത്താണ് പ്രചരിക്കുന്നതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ തന്നെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ആ സാഹചര്യത്തിലാണ് കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേയര്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണം പുരോഗമിച്ചാല്‍ അത് പാര്‍ട്ടിയിലേക്ക് തന്നെ എത്തുമെന്നതിനാല്‍ മറ്റാരെയെങ്കിലും ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള നീക്കം ഉണ്ടായേക്കും.

അതേസമയം നഗരസഭയില്‍ ഒഴിവുള്ള താത്കാലിക നിയമനങ്ങളുടെ വിവരങ്ങള്‍ മേയര്‍ ജില്ലാ സെക്രട്ടറിയെ അറിയിക്കുന്ന കീഴ്‌വഴക്കമുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. നഗരസഭയിലെ താത്കാലിക നിയമനത്തില്‍ ഒരു പരിധി വരെ പാര്‍ട്ടിയും യൂണിയനും ഇടപെടുന്നുമുണ്ട്. എന്നാല്‍ കത്ത് വിവാദം വന്നതോടെ എല്ലാ താത്കാലിക നിയമനങ്ങളും ഇതോടെ സംശയ നിഴലിലായി. നഗരസഭയിലെ നിയമനങ്ങള്‍ മുഴുവന്‍ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം കൂടുതല്‍ സമരപരിപാടികളുമായി രംഗത്ത് വരും. വിവാദ കത്ത് സംബന്ധിച്ചു സിപിഎം - പൊലീസ് തലത്തില്‍ അന്വേഷണം വരുമെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights: mayor arya rajendran's job letter controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented