സ്ഫോടനത്തിൽ മരിച്ച ഫസൽ ഹഖ്, ഷഹിദുൾ
മട്ടന്നൂര്‍: പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു മറുനാടന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബ് ലഭിച്ചത് എവിടെനിന്നാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ആക്രി ശേഖരിച്ച് വില്‍ക്കുന്ന അസം സ്വദേശികളായ ഫസല്‍ ഹഖ് (45), മകനായ ഷഹിദുള്‍ (22) എന്നിവരാണ് ഈ മാസം ആറിന് വീടിന്റെ രണ്ടാം നിലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചത്.
ആക്രി പെറുക്കുമ്പോള്‍ ലഭിച്ച സ്റ്റീല്‍ ബോംബ് വിലപിടിപ്പുള്ള വസ്തുവാണെന്ന് കരുതി തുറന്നപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. ബോംബ് സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും ഉപയോഗിച്ച് പരിസരപ്രദേശങ്ങളില്‍ വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെടുത്തിട്ടില്ല.
സംഭവം നടന്ന ദിവസം ഷഹിദുള്‍ ആക്രി ശേഖരിക്കാന്‍ പോയത് ചാവശ്ശേരി, പത്തൊന്‍പതാം മൈല്‍ ഭാഗങ്ങളിലാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വ്യാപക തിരച്ചില്‍ നടത്തി.
ഷഹിദുളാണ് ബോംബ് അടങ്ങിയ സ്റ്റീല്‍ പാത്രം വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് സൂചന. ഫസല്‍ ഹഖിനോടൊപ്പം അന്നേദിവസം പോയയാളെ ചോദ്യം ചെയ്തെങ്കിലും ഹഖിന് ഒന്നും കിട്ടിയില്ലെന്നാണ് പറഞ്ഞത്. സ്ഫോടനം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളിലാണോ ഇവര്‍ക്ക് സ്റ്റീല്‍ ബോംബ് ലഭിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിക്കുന്നതിനായി ഇവര്‍ സൈക്കിളില്‍ ഒരു ദിവസം 15 കിലോമീറ്ററോളം സഞ്ചരിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഷഹിദുള്‍ മിക്കവാറും ദിവസങ്ങളില്‍ ഒറ്റയ്ക്കാണ് ജോലിക്ക് പോയിരുന്നതെന്നും പറയുന്നു. ഇവരുടെ കൂടെ താമസിക്കുന്നവര്‍ മറ്റു ജോലികള്‍ക്കും പോകാറുള്ളതിനാല്‍ അച്ഛനും മകനും സഞ്ചരിച്ച സ്ഥലങ്ങളെക്കുറിച്ച് കൂടുതല്‍ അറിവില്ല.
പഴയ കേസുകളിലും അന്വേഷണമില്ല
മുന്‍പ് കോളാരിയിലും നടുവനാടും ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് ബോംബ് നിര്‍മാണവും സംഭരണവും നടക്കുന്നത്.
ആസ്പത്രിയില്നിന്നിറങ്ങിയാല് പ്രതികളെ അറസ്റ്റ് ചെയ്യുന്നതല്ലാതെ കഴിഞ്ഞ 10 വര്‍ഷമായി ഒരു കേസിന്റെയും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..