കെ.എസ്.യു. പുറത്തുവിട്ട സംഘർഷത്തിന്റെ ദൃശ്യങ്ങൾ | Photo: Screengrab/Mathrubhumi News
കൊച്ചി: മട്ടാഞ്ചേരി കൊച്ചിന് കോളേജില്‍ യൂണിയന് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പരാതിയുമായി എസ്.എഫ്.ഐയും കെ.എസ്.യുവും രംഗത്ത്. തങ്ങളുടെ ഓഫീസും കസേരകളും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എന്നാല്‍, തങ്ങള്‍ക്ക് നേരെ ആദ്യം കല്ലേറുണ്ടാവുകയായിരുന്നെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആരോപിച്ചു.
വിജയാഹ്ലാദ പ്രകടനം നടത്തുകയായിരുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തങ്ങളുടെ ഓഫീസിന് സമീപമെത്തിയപ്പോള്‍ കസേരകളും പ്രചാരണബോര്‍ഡുകളും അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് കെ.എസ്.യു. ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ പ്രകടനത്തിന് നേരെ കെ.എസ്.യു. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കല്ലേറ് ഉണ്ടാവുകയായിരുന്നെന്ന് എസ്.എഫ്.ഐ. ആരോപിക്കുന്നു. ഇവരും മട്ടാഞ്ചേരി പോലീസില്‍ പരാതി നല്കി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി എസ്.എഫ്.ഐ. വലിയ മുന്നേറ്റം നടത്തുന്ന കോളേജാണ് മട്ടാഞ്ചേരി കൊച്ചിന് കോളേജ്. എന്നാല്‍ ഇത്തവണ കടുത്തമത്സരമായിരുന്നു കെ.എസ്.യു. ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടാവുന്നതും ഇരുവിഭാഗവും പരാതിയുമായി എത്തുന്നതും.
കഴിഞ്ഞ ദിവസം കൊച്ചി പൂത്തോട്ട ശ്രീനാരായണ ലോ കോളേജില്‍ വനിതാസ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയതായി പരാതിയുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കെ.എസ്.യു. പാനലിലുണ്ടായിരുന്ന ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥിനിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായാണ് പരാതി.
Content Highlights: mattancherry cochin college sfi ksu clash over college election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..