ഹൈദരാബാദ്: ദിനപത്രങ്ങളുടെയും വാര്‍ത്താ മാധ്യമങ്ങളുടെയും അന്തര്‍ ദേശീയ സംഘടനയായ വാന്‍ ഇഫ്രയുടെ സൗത്ത് ഏഷ്യ ഡിജിറ്റല്‍ മീഡിയ പുരസ്‌കാരം മാതൃഭൂമിക്ക്. സോഷ്യല്‍ എന്‍ഗേജ്മെന്റ് വിഭാഗത്തിലാണ് മാതൃഭൂമിക്ക് വെങ്കല മെഡല്‍ ലഭിച്ചത്. 

വാന്‍-ഇഫ്രയും ഗൂഗിളും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ലിംഗവിവേചനത്തിനെതിരെ വനിതാ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രത്യേക കാമ്പയിനാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി അസി. ജനറല്‍ മാനേജര്‍(ചെന്നൈ) സുനില്‍ രാമചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീയുടെയും പുരുഷന്റെയും തുല്യാവകാശങ്ങളെക്കുറിച്ചും സമൂഹത്തില്‍ ബോധവത്കരണം നടത്തുകയും പുനരാലോചനകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യാന്‍ ലക്ഷ്യംവെച്ചുള്ളതായിരുന്നു മാതൃഭൂമിയുടെ കാമ്പയിന്‍.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൂടുതല്‍ അടുക്കാനുള്ള മാതൃഭൂമിയുടെ ഉദ്യമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്നത് സന്തോഷകരമാണെന്ന് മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ മാതൃഭൂമിക്ക് ഇത് ശക്തിപകരുമെന്നും അദ്ദേഹം വ്യക്തമാക്കി.