ബി രമേഷ് കുമാർ
തിരുവനന്തപുരം : 37 വര്‍ഷത്തെ സര്‍വീസിന് ശേഷം മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാര്‍ വിരമിച്ചു. റിപ്പോര്‍ട്ടിംഗ്, ഉള്ളടക്ക ആസൂത്രണം, മാധ്യമ അധ്യാപന രംഗങ്ങളില്‍ മികവ് തെളിയിച്ച അദേഹത്തിന്റെ രാഷ്ട്രീയ രംഗത്തുനിന്നുള്ള വാര്‍ത്തകളും അവലോകനങ്ങളും ശ്രദ്ധനേടിയിരുന്നു.
കേരള സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ രണ്ടാം റാങ്കോടെ ബിരുദാനന്തരബിരുദം നേടിയ ശേഷം 1985 ലാണ് മാതൃഭൂമിയില്‍ ചേര്‍ന്നത്. 17 വര്‍ഷത്തോളം റിപ്പോര്‍ട്ടിംഗ് രംഗത്തുണ്ടായിരുന്നു. രാഷ്ട്രീയം,വിദ്യാഭ്യാസ മേഖലകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 90 കളുടെ മധ്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം ആടിയുലയുന്ന വേളയില്‍ ശ്രദ്ധേയമായ വാര്‍ത്തകള്‍ അദ്ദേഹത്തിന്റെതായി വന്നു. വിദ്യാഭ്യാസ രംഗത്ത് നിരവധി മാറ്റങ്ങള്‍ക്ക് വഴിതെളിയിച്ച വാര്‍ത്തകളും ശ്രദ്ധപിടിച്ചുപറ്റി. യു.ജി.സി പദ്ധതി നടപ്പാക്കല്‍ ശമ്പള പരിഷ്കരണം മാത്രമായതെങ്ങനെയെന്നതിലേക്ക് വെളിച്ചം വീശിയ യു.ജി.സി മഹാശ്ചര്യം എന്ന ലേഖന പരമ്പരയ്ക്ക് കേരള പ്രസ് അക്കാദമിയുടെ 1994 ലെ കെ.സി.സെബാസ്റ്റ്യന്‍ അവാര്‍ഡിന് അര്‍ഹനായി.
20 വര്‍ഷത്തോളം തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി അധ്യാപകനായിരുന്നു. നിലവില്‍ മാതൃഭൂമി മീഡിയ സ്കൂളിന്റെ ഗസ്റ്റ് ഫാക്കല്‍റ്റിയാണ്. മാതൃഭൂമി പത്രപ്രവര്‍ത്തക പരിശീലന പരിപാടികളിലും ദീര്‍ഘകാലത്തെ പങ്കാളിത്തമുണ്ട്. കേരള സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു.
തിരുവനന്തപുരം മുട്ടട ദര്‍ശനയില്‍ റിട്ട.ഡി.വൈ.എസ്.പി പരേതനായ കെ.ബാലകൃഷ്ണന് നായരുടെയും പി.സുശീലാ നായരുടെയും മകനാണ്. ഗൗരീശപട്ടത്താണ് താമസം. ആര്.രാജശ്രീ( റീജിയണല്‍ മാനേജര്‍, എല്‍.ഐ.സി, ചെന്നൈ) ആണ് ഭാര്യ. മക്കള്‍ : ആര്.ഇന്ദുലേഖ ( സാന്‍ഫ്രാന്‍സിസ്കൊ), ആര്.ചാരുലത. മരുമക്കള്‍: വിമല്‍ ഗംഗാധരന് (സാന്‍ഫ്രാന്‍സിസ്കൊ), ദേശീയ ക്രിക്കറ്റ് താരം സഞ്ജു സാംസണ്.
ഓണ്‍ലൈനായും ഓഫ്ലൈനായും ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്മാന് ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്, സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.രവീന്ദ്രനാഥ്, ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്, സീനിയര്‍ ന്യൂസ് എഡിറ്റര്‍മാരായ എസ്. പ്രകാശ്, കെ.എ. ജോണി, മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ ജി.എം. ( പ്രൊഡക്ഷന്‍) പി.ടി. ഭാസി, എ.ജി.എം. സര്‍ക്കുലേഷന്‍ വിപിന്‍ദാസ്, ന്യൂസ് എഡിറ്റര്‍മാരായ പി.കെ.ജയചന്ദ്രന്, വി.വി.തമ്പാന്, എഴുത്തുകാരനും മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്ററുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്, എ.കെ. മനോജ് കുമാര്‍, ബിജുമോഹന്‍, സന്തോഷ്, സി.ആര്. അരുണ്‍, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
കമ്പനിയുടെ ഉപഹാരം തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ അഞ്ജലി രാജന് നല്കി. ജീവനക്കാരുടെ ഉപഹാരം ന്യൂസ് എഡിറ്റര്‍ പി.അനില്‍കുമാറും എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ഉപഹാരം ബ്യൂറോ ചീഫ് അനീഷ് ജേക്കബും എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപഹാരം ബിനു സി. തമ്പാനും കൈമാറി. ബി.രമേഷ് കുമാര്‍ മറുപടി പ്രസംഗം നടത്തി. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ എഡിറ്റോറിയല്‍ വിഭാഗത്തിലെ സഹപ്രവര്‍ത്തകര്‍ ബി.രമേഷ് കുമാറിന് കഴിഞ്ഞദിവസം യാത്രയയപ്പ് നല്‍കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..