കോഴിക്കോട് കേശവമേനോൻ ഹാളിൽ സീഡ് 2022-23 അധ്യായന വർഷത്തെ സംസ്ഥാനതല ഉദ്ഘാടനം ചീഫ് സെക്രട്ടറി വി.പി ജോയ് നിർവഹിക്കുന്നു
കോഴിക്കോട്: ഈ ഭൂമിയില്‍ താന്‍ മാത്രം മതിയെന്ന ചിന്തയില്‍ ഒറ്റയ്ക്ക് അതിജീവിക്കാമെന്ന മനുഷ്യന്റെ ചിന്ത മൗഢ്യമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയ്. നിയന്ത്രണാതീതമായ ഉപഭോഗം പ്രകൃതിയെ തൂത്തെറിയുകയാണ്. തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം പ്രകൃതി വിഭവങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ആവശ്യത്തിനനുസരിച്ച് ഉപഭോഗങ്ങളെ പരിമിതപ്പെടുത്തുന്ന സംസ്കാരം വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേശവമേനോന് ഹാളില്‍ സീഡ് 2022-23 അധ്യയന വര്‍ഷത്തെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണം മുന്‍നിർത്തി മാതൃഭൂമി സ്കൂളുകളില്‍ നടപ്പിലാക്കിവരുന്ന ബൃഹത് പദ്ധതിയായ സീഡിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം ഉണ്ടാക്കുന്നതിലും അവരെ മരങ്ങളേയും പ്രകൃതിയേയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതിലും സീഡിന്റെ പ്രവർത്തനം ഏറെ സഹായകരമാകുന്നുണ്ടെന്നും വി.പി ജോയ് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മൊത്തം ഭംഗി നമ്മുടെ പരിസ്ഥിതിയുടേതു കൂടിയാണ്. അവയില്ലാതെ നമുക്കുമാത്രം ഇവിടെ ജീവിച്ചുപോവാന് കഴിയില്ലെന്നതാണ് സത്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി.പി ജോയ് രചിച്ച പരിസ്ഥിതി അവബോധ കവിതകളുടെ സംഗീതാവിഷ്ക്കാരവും പരിപാടിയോടനുബന്ധിച്ച് നടന്നു. ഡോ. മണക്കാല ഗോപാലകൃഷ്ണന് ആലപിച്ച ഹരിത കാവ്യസദസ്സ് ഏറെ ശ്രദ്ധേയമായി.
ചടങ്ങില്‍ മാതൃഭൂമി സീനിയര്‍ റീജിയണല്‍ മാനേജര്‍ മണികണ്ഠന് സ്വാഗതം പറഞ്ഞു. മാതൃഭൂമി ചെയര്മാന് ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് കോഴിക്കോട് റീജണല്‍ ഹെഡ് ആന്‍ഡ് വൈസ് പ്രസിഡന്റ് ടി.എസ് മോഹനദാസ് മുഖ്യപ്രഭാഷണം നടത്തി. കൃഷി വകുപ്പ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അനിത പാലേരി, എം. ജോഷില്‍ (സോഷ്യല്‍ ഫോറസ്ട്രി) ആശംസകള്‍ നേര്‍ന്നു. മാതൃഭൂമി അസിസ്റ്റന്‍ഡ് എഡിറ്റര്‍ ഡോ.കെ.സി കൃഷ്ണകുമാര്‍ നന്ദി രേഖപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..