പാറക്കടവ് ബൈപ്പാസ് റോഡിലെ അപകടഭീഷണിയുയർത്തുന്നഭാഗം, മിനി വാൻ മറിഞ്ഞ നിലയിൽ
കട്ടപ്പന: ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ സ്ഥലത്തെ അപകടസാധ്യതയെക്കുറിച്ച് മാതൃഭൂമി വാര്‍ത്ത നല്‍കിയത് അഞ്ച് ദിവസം മുമ്പ്. ഇന്ന് അതേ സ്ഥലത്ത് വീണ്ടും അപകടമുണ്ടാകുമ്പോഴും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനോ ഉള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ഇവിടം സ്ഥിരം അപകടമേഖലയാണ് എന്നതും വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഡിസംബര്‍ 29 വ്യാഴാഴ്ചയാണ് മാതൃഭൂമി ഈ വാര്‍ത്ത നല്‍കിയത്. മണ്ഡലകാലത്ത് തീര്‍ഥാടകര്‍ എത്തുന്നതിന്റെ ഗൗരവം ചൂണ്ടിക്കാണിച്ചായിരുന്നു വാര്‍ത്ത്. കൃത്യമായ ഇടപെടല്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു.
2015-ലും സമാനമായ രീതിയില്‍ സ്ഥലത്ത് അപകടമുണ്ടായിരുന്നു. തമിഴ്നാട് സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3.45-ഓടെ അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച മിനി വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ കാര്‍ പോര്‍ച്ചിന് മുകളിലേക്ക് മറിയുകയായിരുന്നു. അപടകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
29/12/2022-ന് മാതൃഭൂമി പത്രം നൽകിയ വാർത്ത
കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിൽ അപകടഭീഷണി
കട്ടപ്പന: മണ്ഡലകാലത്ത് ഒട്ടേറെ തീർഥാടകരെത്തുന്ന പാറക്കടവ് ബൈപ്പാസിൽ ശാന്തിപ്പടി ജങ്ഷനിലെ അപകട വളവും കുത്തിറക്കവും തീർഥാടക വാഹനങ്ങൾക്ക് ഭീഷണിയാകുന്നു.
മണ്ഡലകാലം ആരംഭിക്കുന്നതോടെ കട്ടപ്പന പട്ടണത്തിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് പാറക്കടവ് ബൈപ്പാസ് വഴി വാഹനങ്ങൾ തിരിച്ചുവിടുന്നത്.
എന്നാൽ റോഡിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകട വളവും കുത്തിറക്കവുമാണ് തീർഥാടക വാഹനങ്ങൾക്ക് ഭീഷണിയാകുന്നത്.
2015-ൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് പാറക്കടവ് ബൈപ്പാസിലെ ശാന്തിപ്പടി വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞിരുന്നു. റോഡിന്റെ അശാസ്ത്രീയമായ നിർമാണംമൂലം ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്. മണ്ഡലകാലത്ത് ഏറെ വാഹനങ്ങൾ എത്തുന്ന റോഡിൽ സുരക്ഷാ മുൻകരുതലുകൾ ഒരുക്കണമെന്ന് പ്രദേശവാസികൾ അവശ്യപ്പെട്ടു.
Content Highlights: mathrubhumi pointed the danger at the location where accident took place at kattappana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..