ഇടുക്കി: ചിന്നക്കനാലിലെ മുപ്പതുകോടി വിലവരുന്ന സര്‍ക്കാര്‍ ഭൂമി മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി കൈയടക്കിയ സംഭവത്തില്‍ റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഭൂമി തട്ടിപ്പിനെക്കുറിച്ചും ഇതിന് സഹായം ചെയ്ത ഉദ്യോഗസ്ഥ-ഭൂമാഫിയ ബന്ധത്തെക്കുറിച്ചും മാതൃഭൂമി ന്യൂസ് വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
പാപ്പാത്തിച്ചോലയില്‍ കുരിശിന്റെ മറവില്‍ കൈയേറ്റം നടത്തി വിവാദത്തിലായ വെള്ളുക്കുന്നില്‍ കുടുംബാംഗം ജിമ്മി സ്‌കറിയയാണ് ചിന്നക്കനാലിലെ 12 ഏക്കറോളം ഭൂമി മുംബൈ കമ്പനിക്ക് വിറ്റത്. കള്ളപ്പട്ടയമുപയോഗിച്ചാണ് ഭൂമി വിറ്റതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ മുംബൈ കമ്പനിയായ അപ്പോത്തിയോസിസ് ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഭൂമിയാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് കമ്പനിക്ക് അനുകൂലമായ വിധി വന്നത്.
മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കി ഹൈക്കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ഏക്കറുക്കണക്കിന് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് ലഭിച്ചതെന്ന് മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇത് ശരിവെയ്ക്കുന്നവിധം ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2007-ല്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഭൂമി കൈമാറ്റത്തിന് വഴിവിട്ട സഹായങ്ങള്‍ ചെയ്തത്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സര്‍ക്കാര്‍ ഭൂമി നഷ്ടമാകാന്‍ കാരണമായത്. ഇതിനുള്ള തെളിവുകളും മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ പുറത്തുവിട്ടു. ഇതോടെയാണ് സര്‍ക്കാരിന് കോടികള്‍ വിലവരുന്ന ഭൂമി നഷ്ടപ്പെടാനിടയായ ചിന്നക്കനാല്‍ ഭൂമി തട്ടിപ്പുകേസില്‍ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
Content Highlights: mathrubhumi news investigation impact, revenue minister order to investigation on chinnakanal land scam