അരുൺ കാരാട്ട് വീൽചെയർ സമ്മാനിച്ച അസ്ലമിനും കുടുംബത്തിനുമൊപ്പം | ഫോട്ടോ: ശംഭു വിഎസ്| മാതൃഭൂമി
വേങ്ങര: കൈകള്‍ നിലത്തൂന്നി നിരങ്ങിനീങ്ങിയുള്ള യാത്ര ഇനി അരുണിന് അവസാനിപ്പിക്കാം. ഭിന്നശേഷിക്കാരനായ കര്‍ഷകന്റെ വാര്‍ത്ത പുറത്തുവന്നതോടെ അരുണിന് സമ്മാനമായി വീല്‍ചെയര്‍ എത്തി. പുതിയ വീല്‍ചെയറില്‍ അരുണ്‍ പുതിയ ജീവിത യാത്രയും ആരംഭിച്ചു.
മാതൃഭൂമി ഡോട്ട് കോം വാര്‍ത്ത കണ്ട് കണ്ണൂര്‍ സ്വദേശിയായ അസ്ലം മക്കിയാടത്ത് എന്ന 28 വയസ്സുകാരനാണ് അരുണിന് വീല്‍ചെയര്‍ സമ്മാനിക്കാനെത്തിയത്. വേങ്ങര പുല്ലാഞ്ചാലിലെ വീട്ടിലെത്തി ഇലക്ട്രോണിക് വീല്‍ചെയര്‍ അരുണിന് കൈമാറി.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നുന്ന ദിവസങ്ങളാണ് ഇപ്പോള്‍ കടന്നുപോവുന്നതെന്ന് അരുണ്‍ മാതൃഭൂമിയോട് പറഞ്ഞു. തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട് ദിവസവുമെന്നോണം നിരവധി പേര് പിന്തുണയും സ്നേഹവും അറിയിക്കാന്‍ വിളിക്കുന്നുണ്ട്. നിരവധി പേര് സാമ്പത്തികമായി സഹായിച്ചു. കൃഷിക്കുള്ള വിത്തും ഗ്രോ ബാഗും തൈകളും സ്ഥലവുമടക്കം പലരും നല്‍കുകയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഒരുപാട് പേര് നേരിട്ട് കാണാനുമെത്തി. എല്ലാവരോടും സ്നേഹവും നന്ദിയുമുണ്ട്. ജീവിതാവസാനം വരെ ഈ കടപ്പാട് നിലനില്‍ക്കുമെന്നും അരുണ്‍ പറഞ്ഞു.

അസ്ലമിനൊപ്പം
| ഫോട്ടോ: ശംഭു വിഎസ്/ മാതൃഭൂമി
ഊരകം മലയുടെ താഴ്വാരത്ത് പുല്ലാഞ്ചാലില് പരേതനായ നാരായണന് നായരുടെയും കാരാട്ട് മാധവിക്കുട്ടി അമ്മയുടെയും നാലുമക്കളില്‍ മൂന്നാമനാണ് അരുണ്‍കുമാര്‍. ഇരുകാലുകള്‍ക്കും ശേഷിക്കുറവോടെയാണ് അരുണ്‍കുമാര്‍ ജനിച്ചതെങ്കിലും പരിമിതികളെയൊന്നും കൂസാതെയാണ് അരുണ്‍ കൈക്കോട്ടും പേറി മണ്ണിലേക്കിറങ്ങി കൃഷി ആരംഭിച്ചത്. ഈ വര്‍ഷം മാത്രം അമ്പതോളം വാഴകള്‍ അരുണ്‍ സ്വന്തം അധ്വാനത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിചെയ്താണ് അരുണ്‍ ഇപ്പോള്‍ മുഴുവന്‍ സമയ കര്‍ഷകനായത്. വീടിനടുത്താണ് പാടമെങ്കിലും ഒരുറോഡും തോടും മുറിച്ചുകടന്നുവേണം കൃഷിയിടത്തിലെത്താന്‍. കൈകള്‍ നിലത്തൂന്നി നിരങ്ങിയാണ് ഇവിടേക്കുള്ള യാത്ര.
പുലര്‍ച്ചെ തുടങ്ങുന്ന കൃഷിജോലികള്‍ ഉച്ചവരെ തുടരും. കുടുംബത്തിന്റേയും നാട്ടുകാരുടേയും പിന്തുണയും പ്രോത്സാഹനവും അരുണിന് കൂട്ടായുണ്ട്. സ്വന്തമായൊരു കൃഷിയിടവും പരസഹായംകൂടാതെ സഞ്ചരിക്കാന്‍ മോട്ടോര്‍ ഘടിപ്പിച്ച ഒരു മുച്ചക്രവാഹനവുമാണ് സ്വപ്നമെന്ന് അരുണ്‍ പറഞ്ഞിരുന്നു.
അരുണിന്റെ വാര്‍ത്ത പുറത്തുവന്നതോടെ അദ്ദേഹത്തെ ആദരിക്കുമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Mathrubhumi Impact; wheelchair gifted to specialty abled farmer Arun Karat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..