ജസ്റ്റിന് കോട്ടയം ജില്ലാ കളക്ടർ സൈക്കിൾ മാറിയപ്പോൾ
കോട്ടയം: സൈക്കിള്‍ മോഷ്ടിക്കപ്പെട്ട സുനീഷിന്റെ സങ്കടം കള്ളനറിഞ്ഞില്ലെങ്കിലും മുഖ്യമന്ത്രിയറിഞ്ഞു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചതുപ്രകാരം റിപ്പബ്ലിക്ദിന പരേഡ് തീര്‍ന്ന ഉടന്‍ കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് പുതിയ സൈക്കിളുമായി സുനീഷിന്റെ ഉരുളികുന്നത്തെ വീട്ടിലെത്തി.
വൈകല്യത്തോട് പോരാടി സുനീഷ് സ്വരുക്കൂട്ടിയ സമ്പാദ്യത്തില്‍ വാങ്ങിയ ആദ്യ സൈക്കിള്‍ മോഷ്ടിക്കപ്പെട്ട സങ്കടത്തെക്കുറിച്ച് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്.
സൈക്കിള്‍ മോഷണം പോയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കളക്ടര്‍ എം.അഞ്ജന ജില്ലാപോലീസ് മേധാവിക്ക് നിര്‍ദേശം നല്കി. ഭിന്നശേഷിക്കാരന്റെ കുടുംബത്തിനോടുണ്ടായ അനീതിയില്‍ ശക്തമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കളക്ടര്‍ ജില്ലാപോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.
മുഖ്യമന്ത്രി ഇടപെട്ട് പുതിയ സൈക്കിള്‍ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള്‍ സുനീഷും ജസ്റ്റിനും കുടുംബവും. വാര്‍ത്ത കണ്ട് വിദേശത്ത് നിന്നുള്‍പ്പെടെ നിരവധി പേര് വിളിച്ച് സൈക്കിള്‍ വാഗ്ദാനം ചെയ്തതായി സുനീഷ് പറഞ്ഞു.

ഇതാണ് സുനീഷിന്റെ ജീവിതം
പൈക-ചെങ്ങളം റോഡില്‍ ഇല്ലിക്കോണ്‍ ജങ്ഷനിലെ കൊച്ചുവീട്. കണിച്ചേരില്‍ എന്ന ഈ വീട് 35-കാരന് സുനീഷ് ജോസഫ്, ഭാര്യ ജിനി, മക്കള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ജെസ്റ്റിന്, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ജെസ്റ്റിയ എന്നിവരുടെ സന്തോഷവീട്; നമ്മള് ഇതിനുള്ളിലെ സങ്കടങ്ങള്‍ തിരിച്ചറിയുന്നതുവരെ.
ജന്മനാ വൈകല്യത്തോടെ പിറന്നയാളാണ് സുനീഷ്. കാലുകള്‍ കുറുകി അരക്കെട്ടോട് ചേര്‍ന്ന് പിന്നില്‍ പിണച്ചുവെച്ചനിലയില്‍. കൈകള്‍ ശോഷിച്ചത്. വലതുകൈക്ക് തീരെ സ്വാധീനമില്ല.
ജീവിതത്തില്‍ ഇന്നേവരെ കസേരയിലിരുന്നിട്ടില്ല, അതിനാവില്ല സുനീഷിന്. വീടിനുള്ളില്‍ സഞ്ചരിക്കുന്നത് ഒരു കൈകുത്തി അതിന്റെ ബലത്തില്‍ കമിഴ്ന്ന് നീന്തി. കട്ടിലില്‍ മലര്‍ന്നുകിടക്കാന്‍ പോലും ശേഷിയില്ല. കിടപ്പ് കമിഴ്ന്ന് മാത്രം.
എങ്കിലും തളരാതെ ജീവിതം കെട്ടിപ്പടുത്ത അദ്ഭുതമാണീ യുവാവ്. പി.പി.റോഡില്‍ കുരുവിക്കൂട്ട് കവലയില്‍ അഞ്ച് വര്‍ഷമായി കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തി അതില്‍നിന്നുള്ള തുച്ഛവരുമാനം കൊണ്ട് ജീവിതം കരുപിടിപ്പിച്ചയാള്. ഓഫീസിലേക്ക് രാവിലെ സുഹൃത്തുക്കള്‍ എടുത്ത് കാറില്‍ കയറ്റിക്കൊണ്ടുവരും;
മടക്കയാത്രയും അങ്ങനെതന്നെ. ഓഫീസില്‍ കംപ്യൂട്ടറില്‍ ജോലി ചെയ്യണമെങ്കില്‍ കസേരയില്‍ ഇരിക്കാനാകില്ല. പ്രത്യേകം നിര്‍മിച്ച സോഫയില്‍ കമിഴ്ന്നുകിടന്നാണ് കംപ്യൂട്ടറില്‍ ടൈപ്പിങ് നടത്തുന്നത്.
Content Highlights: Mathrubhumi Impact ; CM Pinarayi Vijayan gifted new cycle to Justin
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..