'ഉഷാ...,' 'മിസ്റ്റര്‍ കുമാര്‍...'; തിരികെ മടങ്ങുമ്പോള്‍ ഓര്‍മയില്‍ ബാക്കിയാവുന്നത്


ഉഷ വീരേന്ദ്രകുമാർ, എം.പി വീരേന്ദ്രകുമാർ/ ഫോട്ടോ: എസ്.എൽ ആനന്ദ്‌

'ഉഷാ...'2020 മെയ് 28 വരെ ചാലപ്പുറത്തെ എം.പി വീരേന്ദ്രകുമാറിന്റെ വീട്ടില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ മുഴങ്ങിക്കൊണ്ടിരുന്ന പേരായിരുന്നു അത്. ഉഷ വീരേന്ദ്രകുമാര്‍ തലയുയര്‍ത്തി നോക്കിയോ മൂളിയോ അല്ലെങ്കില്‍ 'മിസ്റ്റര്‍ കുമാര്‍' എന്ന മറുപടിയോടെയോ തന്റെ ഭര്‍ത്താവിനെ നോക്കും. വിശേഷിച്ച് അദ്ദേഹത്തിന് പറയാനൊന്നുമില്ലെങ്കിലും 'ഉഷാ' എന്ന അതിശയോക്തികലര്‍ന്ന വിളി കേള്‍ക്കുമ്പോള്‍ അത് കേട്ട് പരിചയമില്ലാത്തവര്‍ക്കു തോന്നും അദ്ദേഹം ഭാര്യയോട് കാര്യമായെന്തോ പറയാന്‍ പോകുന്നുണ്ടെന്ന്. ഉഷാ...എന്ന ആശയാര്‍ന്ന വിളിയോര്‍ക്കാന്‍ ഇനിയില്ലാതെ ഉഷ വീരേന്ദ്രകുമാറും യാത്രയായിരിക്കയാണ്.

വീരേന്ദ്രകുമാര്‍ എന്ന പച്ചയായ മനുഷ്യനൊപ്പം തുടങ്ങിയ ജീവിതത്തില്‍ ഉഷ വീരേന്ദ്രകുമാര്‍ കണ്ടതത്രയും യാഥാര്‍ഥ്യങ്ങളുടെ പേമാരി തന്നെയായിരുന്നു. ബെല്‍ഗാമിലെ സമ്പന്നതയില്‍നിന്നു വയനാട്ടിലെ കണ്ണെത്താത്ത കാപ്പിത്തോട്ടത്തിനു നടുവിലെ പച്ചയിരുട്ടിലേക്ക് തന്റെ ജീവിതം മാറ്റിനടുമ്പോള്‍ മലയാളത്തിന്റെ ഭാഷയോ സംസ്‌കാരമോ ദേശമോ ദിക്കോ അവര്‍ക്ക് പരിചയമില്ലായിരുന്നു. എം.പി. വീരേന്ദ്രകുമാര്‍ പലപ്പോഴും തമാശയായി പറഞ്ഞു: ''ഉഷയ്ക്ക് മലയാളമറിയാത്തതുകൊണ്ട് ആദ്യകാലങ്ങളില്‍ ദാമ്പത്യം അല്ലലില്ലാതെ പോയി.'' പക്ഷേ ആദ്യകാലങ്ങളെന്നല്ല, എക്കാലവും വീരേന്ദ്രകുമാര്‍ എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ, സംരംഭകന്റെ, പത്രപ്രവര്‍ത്തകന്റെ, യാത്രാപ്രേമിയുടെ ജീവിതം ഉഷയുടെ കൈകളില്‍ ഭദ്രമായിരുന്നു. ഏതു പാതിരായ്ക്ക് ഇറങ്ങിപ്പോയാലും മാസങ്ങള്‍ കഴിഞ്ഞ് തിരികെ വന്നാലും ഒരേ മൃദുലതയോടെ അവര്‍ ഭര്‍ത്താവിനെ നോക്കി. മക്കളായ ആശയും നിഷയും ജയലക്ഷ്മിയും ശ്രേയാംസ്‌കുമാറും തങ്ങളുടെ അമ്മയെക്കുറിച്ച് ഏകസ്വരത്തില്‍ പറഞ്ഞത് അമ്മ അച്ഛനോട് പുലര്‍ത്തിയ സഹിഷ്ണുതയെക്കുറിച്ചാണ്. ജീവിതത്തില്‍ ഇന്നേ വരെ അവര്‍ കണ്ടിട്ടില്ല തങ്ങളുടെ മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക്. എം.വി ശ്രേയാംസ്‌കുമാര്‍ അമ്മയെക്കുറിച്ച് ഇങ്ങനെയാണ് തന്റെ അഭിമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്:''അമ്മയ്ക്കല്ലാതെ മറ്റൊരു സ്ത്രീയ്ക്കും അച്ഛന്റെ ഭാര്യയായി ഇത്രയും കാലം കഴിയാന്‍ പറ്റുമായിരുന്നില്ല. അമ്മയെക്കുറിച്ച് വളരെ വേദനാജനകമായി അച്ഛന്‍ എഴുതിയിട്ടുണ്ട് 'ഒരു സ്വകാര്യ ദുഃഖം' എന്ന പേരില്‍. എന്റെ സഹോദരന്‍ വളരെ ചെറുപ്പത്തില്‍, ഒന്നാം വയസ്സില്‍, മരണമടഞ്ഞപ്പോള്‍ ചിതയുടെ ചൂടാറും മുമ്പേ അച്ഛന്‍ പൊതുതിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെട്ടുപോയി. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വേദനയെപ്പറ്റി കൂടുതല്‍ പറയേണ്ടതില്ലല്ലോ. ഭര്‍ത്താവിന്റെ സാമീപ്യവും ആശ്വാസപ്പെടുത്തലും അമ്മ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ, അച്ഛന് അതുകൊടുക്കാന്‍ കഴിഞ്ഞില്ല.

പതിറ്റാണ്ടുകള്‍ക്കു ശേഷം ഒരു യാത്രാവേളില്‍, സ്വിറ്റ്സര്‍ലാന്റിലെ ലോസോണ്‍ തടാകക്കരയില്‍, അച്ഛനും അമ്മയും ഇരിക്കുമ്പോള്‍ അതിപ്രസന്നമായ കാലാവസ്ഥയെ നോക്കിക്കൊണ്ട് വളരെ റൊമാന്റിക്കായി അച്ഛന്‍ സമീപിച്ചപ്പോഴാണ് അമ്മ അത്രയും കാലം മനസ്സില്‍ കൊണ്ടുനടന്നിരുന്ന താപത്തെ സ്വതന്ത്രമാക്കിയത്. കണ്ണീര്‍ത്തുള്ളികളേക്കാള്‍ അച്ഛനെ പൊള്ളിച്ചത് അമ്മയുടെ വാക്കുകളായിരുന്നു: 'നിങ്ങളെന്നില്‍ ഭാര്യയെ മാത്രമേ കണ്ടുള്ളൂ, അമ്മയെ കാണാന്‍ മറന്നു.'

ചുറ്റും കാണുന്ന പ്രകൃതിസൗന്ദര്യത്തിലോ നക്ഷത്രത്തിളക്കത്തിലോ തനിക്ക് സന്തോഷമില്ലെന്ന് അമ്മ പറഞ്ഞു. മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് ഒന്നിലും സന്തോഷം കാണാന്‍ കഴിയില്ല എന്നും പറഞ്ഞു. അന്ന് അമ്മ പറഞ്ഞ വാക്കുകള്‍ അച്ഛന്റെ ഹൃദയത്തില്‍ കൊണ്ടു. അദ്ദേഹം ദുഃഖത്തോടെ എഴുതിയത് ഇങ്ങനെയായിരുന്നു: 'അക്കാലത്ത് ഞാനൊരു രാഷ്ട്രീയമൃഗമായിരുന്നു.'

എം.പി. വീരേന്ദ്രകുമാര്‍ എന്ന വലിയ പേരിനു പിറകില്‍ അമ്മയുടെ പ്രയത്നം തെളിഞ്ഞുതന്നെ നില്‍ക്കുന്നുണ്ട്. അമ്മയും അച്ഛനും പരസ്പരം വഴക്കുണ്ടാക്കുന്നതോ പിണങ്ങുന്നതോ ഞങ്ങള്‍ മക്കള്‍ കണ്ടിട്ടില്ല. എന്നാല്‍, ഞങ്ങളുടെ പങ്കാളികളോട് ആ മാതൃക പിന്തുടരാന്‍ ഞങ്ങള്‍ക്ക് പറ്റിയിട്ടുമില്ല. അവര്‍ക്കിടയില്‍ എന്തു പ്രശ്നമുണ്ടായാലും അത് അവര്‍ തന്നെ തീര്‍ത്തിരിക്കും. ഞങ്ങള്‍ക്ക് മുമ്പിലേക്ക് അത് വലിച്ചിടുന്ന പ്രശ്നമേ ഉദിക്കുന്നില്ല. വേറൊരു സ്ത്രീയായിരുന്നെങ്കില്‍ അച്ഛന് ഇത്രയും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ലായിരുന്നു. കുടുംബത്തിന്റെ ബാധ്യതകളില്‍ അച്ഛനെ അമ്മ ഒരിക്കലും തളച്ചിട്ടിരുന്നില്ല. ഏതു പാതിരാത്രിയില്‍ കയറി വന്നാലും, അതും മാസങ്ങള്‍ക്കു ശേഷമാണെങ്കിലും, അമ്മ തുറന്ന മനസ്സോടെ അച്ഛനെ സ്വീകരിക്കും. കുട്ടിക്കാലത്തൊന്നും അച്ഛനെ കണ്ട ഓര്‍മപോലും എനിക്കില്ല. മറ്റേതെങ്കിലും സ്ത്രീയായിരുന്നെങ്കില്‍ പരാതികളുടെ കെട്ടഴിച്ചുവിട്ട് അച്ഛന്‍ ശ്വാസംമുട്ടിപ്പോവുമായിരുന്നു. അമ്മ അവിടെയും പക്വതയോടെ പെരുമാറി.

അച്ഛന്‍ പെണ്ണുകണ്ടത് അമ്മയുടെ സഹോദരിയെ ആയിരുന്നു. അച്ഛന് പക്ഷേ ഇഷ്ടപ്പെട്ടത് അമ്മയെയും. ഉഷയെ ആണ് ഇഷ്ടം എന്ന് പറഞ്ഞ് അമ്മയെ സ്വന്തമാക്കിയതാണ് അച്ഛന്‍. സമരങ്ങളുടെയും ആദര്‍ശങ്ങളുടെയും രാഷ്ട്രീയത്തിന്റെയും തിരക്കുകളില്‍ അമ്മ പലപ്പോഴും ഏകാകിയായിരുന്നു. ഒരു കാലഘട്ടത്തില്‍ മുഴുവന്‍ സമയവും കൂടെ നില്‍ക്കാന്‍ പറ്റാത്തതിന്റെ പശ്ചാത്താപം അച്ഛന്‍ തീര്‍ത്തത് ജീവിതത്തിന്റെ മറ്റൊരു ഘട്ടമെത്തിയപ്പോള്‍ നിഴലുപോലെ അമ്മയ്ക്കൊപ്പം നിന്നുകൊണ്ടായിരുന്നു. ആ 'സ്വകാര്യ ദുഃഖം' തിരിച്ചറിഞ്ഞതില്‍ പിന്നീട് യാത്രയില്‍ എല്ലായ്പ്പോഴും അച്ഛന്റെയൊപ്പം അമ്മയുമുണ്ടായിരുന്നു. എപ്പോള്‍ നോക്കിയാലും അവര്‍ രണ്ടുപേരും സംസാരിക്കുകയോ, തമാശപറയുകയോ ആയിരിക്കും. അമ്മയെ ഡോക്ടറെ കാണിക്കുന്നതും അഡ്മിറ്റായാല്‍ കൂടെ നില്‍ക്കുന്നതും എല്ലാം അച്ഛനാണ്. അമ്മയുടെ ആവശ്യങ്ങളെല്ലാം അച്ഛനായിരുന്നു ജോലിക്കാരോട് പറയുക. അമ്മയ്ക്ക് പ്രമേഹമുണ്ട്. അച്ഛന്‍ മൂന്നു മണിക്ക് എഴുന്നേറ്റ് അമ്മയെ നോക്കുന്നവരെ വിളിച്ചുണര്‍ത്തും. ഷുഗര്‍ എത്രയുണ്ടെന്ന് ആദ്യം അച്ഛനറിയണം. മരിക്കുന്നതിനു തൊട്ടുമുമ്പത്തെ ദിവസംവരെ അച്ഛന്‍ ഇതെല്ലാം ചെയ്തു.

വീട്ടില്‍ ഒരു ഓളം സൃഷ്ടിക്കാന്‍ ഇടയ്ക്കിടെ രണ്ടു പേരും കൂടി ഭക്ഷണത്തെ ചൊല്ലിയും യാത്രകളെപ്പറ്റിയുമൊക്കെ പരസ്പരം വഴക്കുണ്ടാക്കും. നല്ല രസമാണ് അത് കണ്ടിരിക്കാന്‍. അവര്‍ രണ്ടുപേരും ഒരേപോലെ ആസ്വദിച്ചിരുന്ന വഴക്കുകളായിരുന്നു അതെല്ലാം. രണ്ടു പേരും നന്നായി തമാശ പറയും. എത്ര രസകരമായാണ് ദാമ്പത്യത്തിന്റെ അവസാനകാലങ്ങള്‍ അവര്‍ ആഘോഷിച്ചത്!

കഴിഞ്ഞ ഒരാഴ്ചയായി അമ്മ ആശുപത്രിയിലാണ്. അച്ഛന്‍ പോയിട്ട് രണ്ട് വര്‍ഷമായല്ലോ എന്ന ആധിയാണ് പ്രധാന കാരണം. ദിവസമടുക്കും തോറും അമ്മ കൂടുതല്‍ തളര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. അമ്മ ഇപ്പോഴും ആ വിയോഗം ഉള്‍ക്കൊണ്ടിട്ടില്ല. അച്ഛനേക്കാള്‍ മനക്കരുത്തുള്ളയാളാണ് അമ്മ. അപാരമായ സഹനശേഷി ഉള്ളയാളാണ്. അമ്മയുടെ മിസ്റ്റര്‍ കുമാര്‍ കൂടെയില്ല എന്ന ഏകാന്തത അനുഭവിക്കുന്നുണ്ടാവാം, പക്ഷേ, പ്രകടിപ്പിക്കാറില്ല. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും അമ്മ എന്നോട് പറഞ്ഞു:' എന്നെ ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നുണ്ട്, ചോദിക്കാനും പറയാനും ആരുമില്ല.' അച്ഛനായിരുന്നു എല്ലാം ചോദിക്കുകയും പറയുകയും ചെയ്തിരുന്നത്. അച്ഛന്‍ കൂടെയില്ലാത്തതിന്റെ വിഷമം അവിടെ കണ്ടു.

ആശുപത്രിയില്‍ കിടക്കുമ്പോഴും അമ്മയുടെ നര്‍മബോധം ഒട്ടും കുറഞ്ഞിട്ടില്ല. ഹും! വയ്യാത്ത നാല് കുട്ടികളെയും ഏല്‍പിച്ച് നിങ്ങളുടെ അച്ഛന്‍ അങ്ങ് പോയതു കണ്ടോ എന്നുംപറഞ്ഞാണ് ഞങ്ങളെ നോക്കിയത്. ഞങ്ങള്‍ക്ക് നാലുപേര്‍ക്കും ചെറിയ ഓരോ അസുഖങ്ങള്‍ ഉണ്ട്.

എം.പി. വീരേന്ദ്രകുമാറിന്റെ ചുറ്റും എക്കാലവും വലിയ സൗഹൃദങ്ങളും ബന്ധങ്ങളുമുണ്ടായിരുന്നു. ആ സൗഹൃദങ്ങളെല്ലാം തന്നെ ഉഷ വീരേന്ദ്രകുമാര്‍ വലിപ്പച്ചെറുപ്പമില്ലാതെ തന്നെ സ്വീകരിച്ചു. പലപ്പോഴും ഉച്ചയൂണിനായി തന്റെ അസൗകര്യങ്ങളും അസുഖഭങ്ങളും മാറ്റിവെച്ച് അവര്‍ അതിഥികളെ കാത്തിരുന്നു. ഊണ്‍മേശയിലും കേള്‍ക്കാം ആവര്‍ത്തിച്ചുള്ള 'ഉഷാ...' എന്ന വിളി. അവര്‍ സൗമ്യതയോടെ തലയുയര്‍ത്തി നോക്കും. ആരോഗ്യസ്ഥിതികള്‍ സ്വയം നിയന്ത്രണത്തിലല്ലാതെ വന്നപ്പോഴും നീണ്ട ആശുപത്രിവാസം വേണ്ടി വന്നപ്പോഴും രണ്ടുപേരും ഒന്നിച്ചുമാത്രമേ നില്‍ക്കുമായിരുന്നുള്ളൂ. അവരില്‍ ആര്‍ക്കാണ് അസുഖം ആരാണ് കൂട്ടിരിപ്പ് എന്ന് പലപ്പോഴും കാണുന്നവര്‍ക്ക് സംശയമാകും. തിരക്കേറിയ ജീവിതത്തില്‍ മക്കളെ ഏല്‍പിച്ചുകൊടുത്ത് സമൂഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയപ്പോള്‍ ഉഷയെ പലപ്പോഴും പരിഗണിച്ചിരുന്നില്ല എന്ന് പലപ്പോഴും എം.പി. വീരേന്ദ്രകുമാര്‍ തിരിച്ചറിഞ്ഞിരിക്കാം. ആ തിരിച്ചറിവിന് ശേഷമുള്ള നാളുകള്‍ ഉഷയെ സംബന്ധിച്ചിടത്തോളം നിഴലായി അദ്ദേഹം കൂടെത്തന്നെയുണ്ടായിരുന്നു. അവര്‍ രണ്ടുപേരും പരസ്പരം നിഴലുകളായി. ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും പ്രശ്‌നങ്ങളും പറഞ്ഞു, പങ്കുവെച്ചു. തന്റെ മനസ്സിലെ പദ്ധതികള്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ഉഷയുടെ മറുപടിയ്ക്കായി അദ്ദേഹം കാത്തിരുന്നു.

വയനാട്ടുകാര്‍ക്ക് ഉഷ അവ്വയാണ്. സ്‌നേഹത്തോടെ അവര്‍ അങ്ങനെയാണ് വിളിച്ചിരുന്നത്. ദിവസവും കാണുമ്പോഴും പുതുമയുള്ള ഒരു ചൈതന്യം മറ്റുള്ളവര്‍ക്കായി ചൊരിയാന്‍, കഷ്ടിച്ച് മലയാളത്തില്‍ വയനാട്ടുകാര്‍ക്കിഷ്ടപ്പെടുന്ന തരത്തില്‍ പറയാന്‍ അവരുടെ അവ്വ നന്നേ പരിശ്രമിച്ചു. അടുപ്പമുള്ള പലരുടെയും അമ്മയായി. സൗഹൃദങ്ങളുടെ വിശാലതയോ ആളുകളുടെ എണ്ണമോ ഉഷ വീരേന്ദ്രകുമാറിന്റെ പരിഗണനയല്ലായിരുന്നു, മറിച്ച് തന്നെയറിയുന്ന, മനസ്സിലാക്കുന്ന, സ്‌നേഹിക്കുന്ന വളരെക്കുറച്ച് പേരുടെ എക്കാലത്തെയും ഏറ്റവും മികച്ച സുഹൃത്ത് കൂടിയായിരുന്നു അവര്‍. 'ഉഷാ...'എന്ന നീട്ടിയുള്ള വിളി നിലച്ചിട്ട് രണ്ട് വര്‍ഷവും നാലു മാസവും തികയുമ്പോള്‍ തന്റെ 'മിസ്റ്റര്‍ കുമാര്‍' മടങ്ങിയ വഴിയേ ഉഷ വീരേന്ദ്രകുമാറും യാത്രയാവുകയാണ്. ക്ഷമയും സഹനവും മൗനവും നിരീക്ഷണവും കൊണ്ട് ഒരു ജീവിതകാലം മുഴുവന്‍ വലിയ സാന്നിധ്യങ്ങള്‍ക്കു മുന്നില്‍ നിറഞ്ഞുനിന്ന ഉഷ വീരേന്ദ്രകുമാറിന് വിട...

Content Highlights: Usha Veerendrakumar, M.P VeerendraKumar, M.V Sreyamskumar,Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented