ക്ഷമ, പക്വത, സഹനം; ഉഷയില്‍ നിന്ന് എം.പി വീരേന്ദ്രകുമാര്‍ ആര്‍ജിച്ചത്


എന്നും സാധാരണക്കാരെ ചേര്‍ത്തുപിടിച്ച വീരേന്ദ്രകുമാറിന്റെ മനസ്സുതന്നെയായിരുന്നു ഉഷ അവ്വ എന്ന് വയനാട്ടുകാര്‍ വിളിക്കുന്ന അവര്‍ക്കും.

ഉഷ വീരേന്ദ്രകുമാർ

യാത്രതന്നെയായിരുന്നു അന്തരിച്ച മാതൃഭൂമി മുന്‍ മാനേജിങ് ഡയക്ടര്‍ എം.പി.വീരേന്ദ്രകുമാറിന്റെ ജീവിതം. എഴുത്തും വായനയും മാധ്യമപ്രവര്‍ത്തനത്തനവും രാഷ്ട്രീയസാമൂഹിക പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് ചെറുതും വലുതുമായ തീര്‍ഥാടനങ്ങള്‍ തന്നെയായിരുന്നു. ആ യാത്രകളിലെല്ലാം അദ്ദേഹത്തിന് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പിന്‍ബലം നല്‍കിയത് പ്രിയപത്നി ഉഷയായിരുന്നു. ഒടുവില്‍ ആ വലിയ ജീവിതയാത്ര അവസാനിപ്പിച്ചുപോയ അദ്ദേഹത്തിനു പിറകേ വര്‍ഷങ്ങള്‍ക്കിപ്പുറം ഭാര്യയും യാത്രയായിരിക്കുന്നു. ഏതൊരു പുരുഷന്റേയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീ ഉണ്ടാവുമെന്ന പ്രയോഗത്തിന് സ്ത്രീകള്‍ കൂടി വിജയങ്ങള്‍ കൊയ്യുന്ന പുതിയ കാലത്ത് പ്രസക്തി കുറവാണെങ്കിലും വീരേന്ദ്രകുമാറിന്റേയും ഉഷയുടേയും കാര്യത്തില്‍ അത് അന്വര്‍ഥമാണ്.

പൊതുരംഗത്തും മറ്റുമുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടെ തിരക്കുമൂലം ഭാര്യയെ പലഘട്ടങ്ങളിലും വേദനിപ്പിക്കേണ്ടിവന്നതിനെക്കുറിച്ച് വീരേന്ദ്രകുമാര്‍ തന്റെ അഭിമുഖങ്ങളിലും മറ്റും പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1965-ല്‍ മകന്‍ മരിച്ചപ്പോള്‍ അടുത്തിരിക്കാനാവാതെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തിയത് ഭാര്യയുടെ മനസ്സിലുണ്ടാക്കിയ വിഷമത്തെക്കുറിച്ചായിരുന്നു അദ്ദേഹം കൂടുതലും പറയാറ്. മരിക്കുമ്പോള്‍ മകന് ഒരു വയസ്സായിരുന്നു. അച്ഛന്റെ ഓര്‍മയില്‍ പത്മപ്രഭ എന്നായിരുന്നു മകനിട്ട പേര്. വീരേന്ദ്രകുമാറിന്റെ അനുജത്തി രേണുകയുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മകന്‍ മരിച്ചു. അതൊരു പൊതു തിരഞ്ഞെടുപ്പുകാലമായതിനാല്‍ മകന്റെ ശവസംസ്‌കാരം കഴിഞ്ഞയുടന്‍ പാര്‍ട്ടിയുടെ കൊടികെട്ടിയ കാറില്‍ വീരേന്ദ്രകുമാര്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോയി. പക്ഷേ ഉഷ ഒരു പരാതിയും പറഞ്ഞില്ല.രാഷ്ട്രീയക്കാരനിലുപരി തന്നില്‍ ഒരു അച്ഛനും, ഭര്‍ത്താവും സഹോദരനും ഉണ്ടെന്ന തിരിച്ചറിവ് പലപ്പോഴായി ഉണ്ടാക്കിത്തന്നത് ഭാര്യയാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടക്കുമ്പോള്‍ വായനയ്ക്കുപുറമേ ഭാര്യയെക്കുറിച്ചും അവര്‍ ചെയ്ത ത്യാഗങ്ങളെക്കുറിച്ചുമാണ് വീരേന്ദ്രകുമാര്‍ കൂടുതലായി ഓര്‍ത്തത്.

ഉഷേ എന്നല്ല, ഉഷാ എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. ഉഷാ... ഉഷാ എന്നു വിളിച്ചുകൊണ്ടല്ലാതെ അദ്ദേഹം വീട്ടിനകത്തേക്കു കയറാറില്ലായിരുന്നു. കാറില്‍ നിന്നിറങ്ങുമ്പോള്‍ ആ വിളി തുടങ്ങും. വീട്ടിലൊരു കാര്യത്തിനും കിട്ടാത്ത വീരേന്ദ്രകുമാറിന്റെ തിരക്കുപിടിച്ച ജീവിതത്തെ ഉള്‍ക്കൊണ്ട് മക്കളുടെ വിഭ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഉഷ ഏറ്റെടുത്തു.

എന്നും സാധാരണക്കാരെ ചേര്‍ത്തുപിടിച്ച വീരേന്ദ്രകുമാറിന്റെ മനസ്സുതന്നെയായിരുന്നു ഉഷ അവ്വ എന്ന് വയനാട്ടുകാര്‍ വിളിക്കുന്ന അവര്‍ക്കും. സുഖമില്ലാത്തപ്പോള്‍ ഉഷ നിര്‍ബന്ധമായും കൂടെ വേണമെന്ന് വീരേന്ദ്രകുമാറിന് നിര്‍ബന്ധമായിരുന്നു. ഉഷ ആശുപത്രിയിലായ സമയത്തൊക്കെ മറ്റെല്ലാം മാറ്റിവെച്ച് അദ്ദേഹവും ആശുപത്രിയില്‍ തങ്ങി. അപ്പോളോ ആശുപത്രിയില്‍ 45 ദിവസത്തോളം താന്‍ കിടന്നപ്പോഴാണ് ജീവിതത്തിലാദ്യമായി അത്രയും ദിവസം അരികിലിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

ചില അവസരങ്ങളില്‍ അമ്മ താക്കീതിന്റെ സ്വരത്തില്‍ മിസ്റ്റര്‍ കുമാര്‍ എന്ന് ഉഷ വീരേന്ദ്രകുമാറിനെ വിളിച്ചിരുന്നു. അദ്ദേഹം ഏറെ ആസ്വദിച്ച പേരായിരുന്നു അതെന്ന് മകന്‍ എം.വി. ശ്രേയാംസ് കുമാര്‍ എഴുതിയിരുന്നു. വീരേന്ദ്രകുമാര്‍ ഒരു മഹാമേരുവായി വളര്‍ന്നു പന്തലിച്ചപ്പോള്‍ അതിന് പോഷകമായത് ഉഷയായിരുന്നു. അമ്മയ്ക്കു പകരം വേറൊരു സ്ത്രീയായിരുന്നുവെങ്കില്‍ അച്ഛന് ഇത്രയും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാവുമായിരുന്നില്ലെന്ന് ശ്രേയാംസ് കുമാര്‍ എഴുതിയിട്ടുണ്ട്. കുടുംബത്തിന്റെ ബാധ്യതകളില്‍ അവരൊരിക്കലും ഭര്‍ത്താവിനെ തളച്ചിട്ടില്ല. ഏതു പാതിരാത്രിയില്‍ കയറി വന്നാലും എത്ര മാസങ്ങള്‍ക്കുശേഷമാണെങ്കിലും അവരെഴുന്നേറ്റ് തുറന്ന മനസ്സോടെ സ്വീകരിച്ച് വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കുമായിരുന്നു. വീരേന്ദ്രകുമാര്‍ എന്ന വലിയ പേരിനു പിന്നിലെ ഉഷയുടെ പ്രയത്‌നം എന്നും തെളിഞ്ഞുതന്നെ നില്‍ക്കും. സമരങ്ങളുടെയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും തിരക്കില്‍ വീരേന്ദ്രകുമാര്‍ മുഴുകിയപ്പോള്‍ ഉഷ ഏകാകിയായിരുന്നു. പക്ഷേ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തില്‍ അവര്‍ നിഴലുപോലെ പരസ്പരം ചേര്‍ന്നു നിന്നു. യാത്രകളിലെല്ലാം അവരൊന്നിച്ചായി. വേര്‍പിരിഞ്ഞ് ആദ്യം മിസ്റ്റര്‍ കുമാര്‍ പോയി. ഇപ്പോള്‍ പിന്നാലെ ഉഷയും.

Content Highlights: Usha Veerendrakumar, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented