തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമോ എന്ന സുപ്രധാന ചോദ്യത്തിന് ഉത്തരവുമായി മാതൃഭൂമി- ആക്‌സിസ് മൈ ഇന്ത്യ പ്രി പോള്‍ സര്‍വ്വെ. ഭരണമാറ്റം സൂചിപ്പിച്ച് എല്‍.ഡി.എഫിന് 68 മുതല്‍ 74 സീറ്റ് വരെ സര്‍വ്വെയില്‍ കണ്ടെത്തുമ്പോള്‍ ഭരണത്തുടര്‍ച്ച വ്യക്തമാക്കിക്കൊണ്ട് യു.ഡി.എഫിന് 66 മുതല്‍ 72 സീറ്റ് വരെ സര്‍വ്വെ പ്രവചിക്കുന്നു. കേരള നിയമസഭയില്‍ ഭൂരിപക്ഷത്തിനു വേണ്ട 71 സീറ്റ് നേടാന്‍ ഇരു മുന്നണിയും സാധ്യത നില നിര്‍ത്തുമ്പോള്‍ എന്‍.ഡി.എ. സഖ്യത്തിന് രണ്ടു സീറ്റു വരെ ലഭിച്ചേക്കാമെന്നും സര്‍വ്വെ സൂചിപ്പിക്കുന്നു. ഇടതു മുന്നണി 45% വോട്ട് നേടുമെന്നു പ്രവചിക്കുന്ന സര്‍വ്വെ ഐക്യ ജനാധിപത്യ മുന്നണിക്ക് 42% വോട്ടും എന്‍.ഡി.എയ്ക്ക് 10% വോട്ടും പ്രവചിക്കുന്നു.

കേരള സമൂഹത്തിന് ഏറ്റവും അനുയോജ്യനായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തന്നെയാണെന്ന് സര്‍വ്വെ കണ്ടെത്തുമ്പോള്‍ ഒരു ശതമാനം കുറഞ്ഞ പിന്തുണയില്‍ തൊട്ടുപിന്നില്‍ ഉമ്മന്‍ ചാണ്ടിയുമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.എസിനെ 35% പേര്‍ പിന്തുണച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് 34% പേരുടെ പിന്തുണയുണ്ട്. 12% പേരാണ് പിണറായിക്കു പിന്തുണയുമായി എത്തിയത്. ഒ. രാജഗോപാലിന് ഏഴു ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ എ.കെ. ആന്റണിക്ക് ആറു ശതമാനത്തിന്റെയും രമേശ് ചെന്നിത്തലയ്ക്ക് രണ്ടു ശതമാനം പേരുടെയും പിന്തുണയുണ്ട്.

poll surveyകേരളത്തില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് വ്യക്തമാക്കി നഗരങ്ങളിലെ 39% പേര്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ ഗ്രാമങ്ങളില്‍ 38% പേരുടെ പിന്തുണയുമായി യു.ഡി.എഫ്. മുന്നിട്ടു നില്‍ക്കുന്നു. ഇടതു മുന്നണിയെ ഗ്രാമങ്ങളില്‍ 37% പേരും യു.ഡി.എഫിനെ നഗരങ്ങളില്‍ 36% പേരും പിന്തുണച്ചു. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം അഴിമതിയാണെന്ന് 36% പേര്‍ വിശ്വസിക്കുമ്പോള്‍ വികസനത്തെ പിന്തുണച്ച് 37% പേര്‍ രംഗത്തെത്തി. യു.ഡി.എഫ്. ഏറെ കൊട്ടിഘോഷിച്ച മദ്യനിരോധനത്തെ പ്രധാന വിഷയമായി കണ്ടത് വെറും 6% പേര്‍ മാത്രം.

യുവവോട്ടര്‍മാരില്‍ 46 ശതമാനത്തിന്റെ പിന്തുണയുമായി എല്‍.ഡി.എഫ്. ഏറെ മുന്നിട്ടു നില്‍ക്കുമ്പോള്‍ 60 വയസിനു മുകളിലുള്ള 45% പേര്‍ യു.ഡി.എഫിനു പിന്തുണയുമായി രംഗത്തുണ്ട്. ഇപ്പോഴും പാര്‍ട്ടി നോക്കിത്തന്നെയാണ് കേരളത്തിലെ വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തുന്നതെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. 49% പേര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ടു ചെയ്യുവരുടെ ശതമാനം 40. ദേശീയ വിഷയങ്ങള്‍ പ്രധാനപ്പെട്ടതെന്നു കരുതുന്നവര്‍ വെറും 7%.

പോളിങ്ങിനെ സ്വാധീനിക്കുന്ന സുപ്രധാനഘടകം വികസനമാണെന്ന് 67% പേര്‍ കരുതുന്നു. പ്രകടനപത്രികയ്ക്ക് പിന്തുണ നല്‍കിയവര്‍ 11%. നേതാക്കന്മാരുടെ പ്രചാരണപരിപാടികളില്‍ വോട്ടു രേഖപ്പെടുത്തുന്നത് വെറും 9%. യു.ഡി.എഫിന്റെ മദ്യനയത്തില്‍ 49% സംതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ അസംതൃപ്തര്‍ 32% ആണ്. നിഷ്പക്ഷര്‍ 19%.

ഫിബ്രവരി 26 മുതല്‍ മാര്‍ച്ച് 13 വരെയുള്ള 16 ദിവസങ്ങളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള 14592 പേരെ നേരില്‍ കണ്ടാണ് സര്‍വ്വെ തയ്യാറാക്കിയത്. സര്‍വ്വെയില്‍ പങ്കെടുത്ത 68% പേര്‍ ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ ആയിരുന്നു. 32% പേര്‍ നഗരങ്ങളില്‍നിന്നും. സര്‍വ്വെയില്‍ പങ്കെടുത്തവരുടെ പ്രായം. 18 മുതല്‍ 25 വരെയുള്ളവര്‍ - 14%. 26 മുതല്‍ 35 വരെ - 25% 36 മുതല്‍ 50 വരെ - 37%, 51 മുതല്‍ 60 വരെ - 16%, 60നു മുകളില്‍ - 8%.

ആക്‌സിസ് മൈ ഇന്ത്യ എന്ന ഏജന്‍സിയാണ് മാതൃഭൂമിക്കു വേണ്ടി സര്‍വ്വെ തയ്യാറാക്കിയത്. 2014 പൊതു തിരഞ്ഞെടുപ്പിലും 2015 ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലും നടന്ന പ്രി പോള്‍ സര്‍വ്വെകളില്‍ നൂറു ശതമാനം കൃത്യത പാലിച്ച ഏജന്‍സിയാണ് മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആക്‌സിസ് മൈ ഇന്ത്യ.