കോഴിക്കോട്: നാം അവരെ തിരഞ്ഞെടുത്തുകഴിഞ്ഞു, നമ്മുടെ പ്രതിനിധികളെ. രാഷ്ട്രീയവും സൗഹൃദവും ബന്ധങ്ങളുമൊക്കെ സ്വാധീനിച്ച തിരഞ്ഞെടുപ്പുകഴിഞ്ഞ് പഞ്ചായത്തുകള്‍ക്ക് ഇനി പുതിയ സാരഥികള്‍. ഇനി ഒറ്റക്കെട്ടായി നാടിനെ വികസനത്തിലേക്ക് നയിക്കുന്ന പഞ്ചായത്തുകള്‍ക്ക് പ്രചോദനമേകാന്‍ മാതൃഭൂമി പുരസ്‌കാരം നല്‍കുന്നു. 14 ജില്ലയിലും ഒന്നാമതെത്തുന്ന പഞ്ചായത്തുകള്‍ക്ക് ഒരു ലക്ഷംവീതം കാഷ് അവാര്‍ഡും മറ്റുസമ്മാനങ്ങളും ലഭിക്കും.

ജനങ്ങളെ ചേര്‍ത്ത് മുന്നേറുന്ന സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്നവരെത്തേടിയാണ് പുരസ്‌കാരമെത്തുക. പഞ്ചായത്തിലെ വികസന, ക്ഷേമ, പരിസ്ഥിതി, മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ വിലയിരുത്തിയാണ് ഓരോ ജില്ലയിലെയും മികച്ച പഞ്ചായത്തിനെ തിരഞ്ഞെടുക്കുക.

വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം വിലയിരുത്തി പുരസ്‌കാരം പ്രഖ്യാപിക്കുമെന്ന് മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനും, മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാറും അറിയിച്ചു. വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ 'മാതൃഭൂമി'യിലൂടെ അറിയാം

സത്യപ്രതിജ്ഞ ഇന്ന്

തിരഞ്ഞെടുപ്പുനടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം തിങ്കളാഴ്ച പുതിയ ഭരണസമിതികള്‍ നിലവില്‍വരും. അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടക്കും. അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് 28, 30 തീയതികളിലും നടക്കും.

സത്യപ്രതിജ്ഞ കഴിഞ്ഞാലുടന്‍ അംഗങ്ങളുടെ ആദ്യയോഗം നടക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20-ന് പൂര്‍ത്തിയാകാത്ത എട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ 22, 26, ജനുവരി 16, ഫെബ്രുവരി ഒന്ന് തീയതികളിലായി സത്യപ്രതിജ്ഞ നടക്കും.

 

Content Highlights: Mathrubhumi award of Rs 1 lakh, Best Panchayath in Kerala