മലപ്പുറം: കേരള സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് ഫെഡറേഷന്റെ 2016-ലെ മികച്ച പത്രമാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആയുര്‍വേദ ചികിത്സയെ ജനകീയമാക്കിയ മാതൃഭൂമി ആരോഗ്യമാസികയ്ക്കാണ് അവാര്‍ഡ്. ശിലാഫലകവും പ്രശസ്തിപത്രവുമാണ് ലഭിക്കുക.

ഡോ. കെ. ശ്യാമകൃഷ്ണര്‍, ഡോ. എ. രഘുനാഥന്‍, ഡോ. എ. ജയന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സംഘടനയുടെ തിരൂരില്‍ നടക്കുന്ന പതിനാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് 2.30-ന് താഴെപ്പാലം സംഗമം റസിഡന്‍സിയില്‍ ഡോ. എ.കെ.ദേവീദാസ് നഗറില്‍ വെച്ച് മന്ത്രി കെ.ടി. ജലീല്‍ അവാര്‍ഡ് സമ്മാനിക്കും. 

ആയുര്‍വേദത്തിലെ സമഗ്രസംഭാവനയ്ക്കുള്ള ഭിഷഗ്വര അവാര്‍ഡിന് കോഴിക്കോട് ജില്ലാ ആയുര്‍വേദ ആസ്പത്രിയിലെ ഡോ. ശ്രീകുമാര്‍ എന്‍.നമ്പൂതിരി അര്‍ഹനായി. ഏറ്റവും മികച്ച നഴ്‌സിനുള്ള അവാര്‍ഡ് കോട്ടയം നാട്ടകം ഗവ. ആയുര്‍വേദ ആസ്പത്രിയിലെ ഗ്രേഡ് ഒന്ന് നഴ്‌സ് എം. അമ്മിണിക്കാണ്. മികച്ച ഫാര്‍മസിസ്റ്റിനുള്ള അവാര്‍ഡ് തൃശൂര്‍ അലൂരിലെ കുഴികാട്ടിശേരി ഗവ. ആയുര്‍വേദ ആസ്പത്രിയിലെ ഫാര്‍മസിസ്റ്റ് ഇ.സി. ദിലീപനാണ്. 

1
ഡോ. ശ്രീകുമാര്‍ എന്‍. നമ്പൂതിരി, ഡോ. ലളിതാകുമാരി, എം. അമ്മിണി, ഇ.സി. ദിലീപന്‍

 

ഭാരതീയ ചികിത്സാ വകുപ്പ് കേരളത്തിലെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള സുകൃതം അവാര്‍ഡ് കൊല്ലം കണ്ണനെല്ലൂരിലെ എന്‍.സി. ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ലളിതാകുമാരിക്കാണ്. തിരൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡോ. പി. രഘുപ്രസാദ്, ഡോ. എ. രഘുനാഥന്‍, ഡോ. പി. നൗഫല്‍, ഡോ. വി.എ.അനൂപ്, ഡോ. ഹരി എന്നിവര്‍ പങ്കെടുത്തു.