കൊച്ചി: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ്. സീതാരാമന് ആദരമര്‍പ്പിച്ച് മാതൃഭൂമി. അദ്ദേഹത്തിന്റെ ആദ്യ ചരമവാര്‍ഷിക ദിനത്തില്‍ ആലുവയിലെ മാതൃഭൂമി ആര്‍ബറേറ്റത്തിന് 'സീതാരാമവനം' എന്ന് പേരു നല്‍കി. റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ബോര്‍ഡ് അനാവരണം ചെയ്തു.

പെരിയാറിന്റെ തീരത്തുള്ള ആര്‍ബറേറ്റം എറണാകുളം ഡി.ടി.പി.സിയുമായി സഹകരിച്ച് മാതൃഭൂമിയാണ് പരിപാലിച്ചുവരുന്നത്. പ്രൊഫ. എസ്.സീതാരാമനായിരുന്നു ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നത്. പ്രൊഫ. സീതാരാമന് നല്‍കാവുന്ന ഏറ്റവും മികച്ച ആദരമാണ് 'സീതാരാമവന'മെന്ന പേരെന്നും ജീവിതം തന്നെ സന്ദേശമാക്കിയ ആളാണ് അദ്ദേഹമെന്നും ബോര്‍ഡ് അനാവരണം ചെയ്ത് സംസാരിക്കവേ റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

image
 പ്രൊഫ. സീതാരാമന്റെ ഭാര്യ ഉമ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുക്കുന്നു| ഫോട്ടോ: ടി.കെ.പ്രദീപ് കുമാര്‍.

പ്രൊഫ. സീതാരാമന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്തുണയായി നിന്നിട്ടുണ്ടെന്നും മാതൃഭൂമി നല്‍കിയ ആദരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ ഉമാ സീതാരാമന്‍ പറഞ്ഞു. നിലവില്‍ അമേരിക്കയിലുള്ള ഉമാ സീതാരാമനും മറ്റു കുടുംബാംഗങ്ങളും ഓണ്‍ലൈനായാണ് ചടങ്ങില്‍ പങ്കെടുത്തത്.

മാതൃഭൂമി കൊച്ചി ന്യൂസ് എഡിറ്റര്‍ പ്രകാശ് എസ്., ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് തമ്പി ജോര്‍ജ് സൈമണ്‍, ഡി.ടി.പി.സി. സെക്രട്ടറി ശ്യാം കൃഷ്ണന്‍ പി.ജി., കേരള നദീസംരക്ഷണ സമിതി ആലുവ പ്രസിഡന്റ് ഗോപാലകൃഷ്ണ മൂര്‍ത്തി, ദേശീയ ഹരിതസേന ജില്ലാ കോര്‍ഡിനേറ്റര്‍ വേണു വാര്യത്ത്, പരിസ്ഥിതി സംരക്ഷണ സമിതി ആലുവ പ്രസിഡന്റ് ചിന്നന്‍ ടി. പൈനടത്ത്, കുട്ടമ്മശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ലൈല ബഷീര്‍ തുടങ്ങിയവര്‍ പ്രൊഫ. സീതാരാമനെ അനുസ്മരിച്ചു.

മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ അധ്യാപകരും വിദ്യാര്‍ഥികളും പരിസ്ഥിതിഗാനം ആലപിച്ചുകൊണ്ട് പ്രൊഫ. സീതാരാമന്‍ ആര്‍ബറേറ്റത്തില്‍ നട്ട വൃക്ഷത്തിന് വെള്ളമൊഴിച്ച് ആദമര്‍പ്പിച്ചു. മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ പി.സിന്ധു ചടങ്ങില്‍ സംബന്ധിച്ചു. ഇത്തവണത്തെ സി.എസ്.ആര്‍. ടൈംസ് പുരസ്‌കാരം മാതൃഭൂമി സീഡ് പദ്ധതിയ്ക്കാണ്. ആലുവ ആര്‍ബറേറ്റത്തിന് പ്രത്യേക ജൂറി പരാമര്‍ശവുമുണ്ട്. ഇതിന്റെ അറിയിപ്പും ചടങ്ങില്‍ നടന്നു.

 

content highlights: mathrubhumi arboretum renamed as sitharamavanam