Photo: Mathrubhumi
തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പി.ഡബ്യൂ.സി) ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മെന്ററാണെന്ന് ആവര്‍ത്തിച്ച് മാത്യു കുഴല്നാടന്. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ വെബ്സൈറ്റില്‍ ജെയ്ക്ക് ബാലകുമാറിനെക്കുറിച്ച് നേരത്തെ നല്കിയതും പിന്നീട് നീക്കം ചെയ്തതുമായ വിവരണത്തിന്റേത് വെബ് ആര്‍ക്കൈവ്സില്‍ നിന്നെടുത്ത് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. . നേരത്തെ സ്വര്‍ണക്കടത്ത് വിവാദം ഉയര്‍ന്ന സമയത്തും ഇതേ സ്ക്രീന്‍ഷോട്ട് വി.ടി. ബല്‍റാം അടക്കമുള്ളവര്‍ പങ്കുവെച്ചിരുന്നു. ഇതേകാര്യം തന്നെയാണ് മാത്യു കുഴല്‍നാടനും കഴിഞ്ഞദിവസം പറഞ്ഞത്.
'ഷിക്കാഗോ കേന്ദ്രീകരിച്ചുള്ള ബാലകുമാര്‍ ലോകത്തെ വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഒന്നിലെ ടെക്നോളജി സ്ട്രാറ്റജി ഡയറക്ടറാണ്. എക്സാലോജിക്കില്‍ ജയ്ക്കിന്റെ ഇടപെടല്‍ വളരെ വ്യക്തിപരമായ തലത്തിലാണ്. ഇന്ഡസ്ട്രിയിലെ വിവിധ തലത്തിലുള്ള അദ്ദേഹത്തിന്റെ അറിവുകള്‍ അനുസരിച്ച് അദ്ദേഹം സ്ഥാപകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും വഴികാട്ടുകയും ചെയ്യുന്നു' എന്നാണ് ജെയ്ക്ക് ബാലകുമാറിനെക്കുറിച്ച് എക്സാലോജിക്കിന്റെ വെബ്സൈറ്റില്‍ നല്‍കിയിരുന്നത്.
എക്സാ ലോജിക് കമ്പനിയെക്കുറിച്ചല്ലേ മെന്റര്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്ന ചോദ്യത്തിന് സ്ഥാപകരെ കുറിച്ചാണ്, ഈ കമ്പനിയുടെ സ്ഥാപകയും എം.ഡിയും വീണ വിജയനാണ് എന്നുമായിരുന്നു കുഴല്‍നാടന്റെ മറുപടി
പിന്നീട് പി.ഡബ്യൂ.സിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്നതോടെ ഇത് നീക്കംചെയ്തെന്നാണ് ആരോപണം. 170 തവണയാണ് വെബ്സൈറ്റില്‍ മാറ്റംവരുത്തിയതെന്നും വിവാദങ്ങള്‍ക്ക് പിന്നാലെ എക്സാലോജിക്കിന്റെ വെബ്സൈറ്റ് ഡൗണ്‍ ആയെന്നും കുഴല്നാടന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..