തിരുവനന്തപുരം: മസാലബോണ്ടിന്റെ ഭൂരിഭാഗവും വാങ്ങിയിരിക്കുന്നത് ലാവ്‌ലിന് കമ്പനിയുടെ സബ്‌സിഡറി ആയിട്ടുളള സിഡിപിക്യു എന്ന് പറയുന്ന കനേഡിയന്‍ ഇന്‍വെസ്റ്റിങ് ഏജന്‍സിയാണെന്നുപ റഞ്ഞാല്‍ തടയാനുളള ആര്‍ജവം ധനമന്ത്രി തോമസ് ഐസക്കിനുണ്ടോയെന്ന് വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍. മസാലാബോണ്ടിറക്കാന്‍ ഉദ്ദേശിച്ച് ആദ്യമിറക്കിയ ഓഫര്‍ ലെറ്ററില്‍ മാറ്റം വരുത്തിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനെ സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് തോമസ് ഐസക് ആരോപിച്ചിരുന്നു. ആരുടെയും കളളപ്പണം വെളുപ്പിക്കാന്‍ കിഫ്ബിയെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കിഫ്ബി ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച് പ്രാഥമിക ധാരണ പോലും ഇല്ലാതെയാണ് കളളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും ഐസക് ആരോപിച്ചിരുന്നു. 

എന്നാല്‍ 2150 കോടിയുടെ മസാല ബോണ്ട് ഇഷ്യൂ ചെയ്തതില്‍ 16 നിക്ഷേപകര്‍ മാത്രമാണ് ഭാഗമായിട്ടുളളതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്നാല്‍ അവരുടെ പേരു വെളിപ്പെടുത്താനോ എത്രശതമാനമാണ് അവരുടെ പങ്ക് എന്ന് വെളിപ്പെടുത്താനോ തയ്യാറായിട്ടില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. 

കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയത്തെ കേന്ദ്രസര്‍ക്കാരുമായുളള പ്രശ്‌നമാണെന്ന രീതിയില്‍ വഴി തിരിച്ചുവിട്ട് യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന്‌ ശ്രദ്ധമാറ്റി ഇത് ബിജെപിക്കും കേന്ദ്രത്തിനുമെതിരേ പോരാടുന്ന ഒരു സര്‍ക്കാരാണ് എന്ന് സ്ഥാപിക്കാനാണ് ഐസകിന്റെ ശ്രമം. കേന്ദ്രം ഞങ്ങളെ വേട്ടയാടുകയാണ് എന്ന പേരില്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുമോ എന്ന പരിശ്രമമാണ് ധനമന്ത്രിയില്‍ നിന്ന് ഉണ്ടായിട്ടുളളതെന്നും മാത്യു കുഴല്‍ നാടന്‍ ആരോപിച്ചു. 

2017-18 ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടത് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്ന നാലുവര്‍ഷങ്ങള്‍ കേരളത്തില്‍ നടപ്പാക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍  2021 ഫെബ്രുവരി മാസം ലഭിച്ച വിവരാവകാശ രേഖപ്രകാരം ഇതുവരെ കിഫ്ബി കണ്ടെത്തിയിട്ടുളള പണം എന്ന് പറയുന്നത് 15,902.29 കോടി രൂപയാണ്. ഇതില്‍ 11,000 കോടി രൂപയും സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് നല്‍കിയതോ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഖജനാവില്‍ വരുമായിരുന്നതോ ആണ്. അയ്യായിരം കോടി രൂപയില്‍ താഴെ മാത്രമാണ് കിഫ്ബിക്ക് ഇതുവരെ സമാഹരിക്കാന്‍ സാധിച്ചിട്ടുളളത്. 7274.61 കോടി രൂപമാത്രമാണ് കിഫ്ബി ഇതുവരെ ചെലവഴിച്ചിട്ടുളള പണം. കിഫ്ബി എന്ന് പറഞ്ഞ് ഇടത്സര്‍ക്കാര്‍ നടത്തുന്ന അവകാശവാദം തുറന്നുകാണിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 

Content Highlights: Mathew Kuzhalnadan press meet over KIIFB issue