മാത്യു കുഴൽനാടൻ | Photo: Screengrab
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വീണ വിജയന്റെ കമ്പനിയുടെ മെന്റർ ആണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടര്‍ ജെയ്ക് ബാലകുമാർ എന്ന് വ്യക്തമാക്കുന്ന ഭാഗം കമ്പനിയുടെ വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്തെന്ന ആരോപണം അദ്ദേഹം പത്രസമ്മേളനത്തില്‍ ആവർത്തിച്ചു.
വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കിന്റെ വെബ്സൈറ്റില്‍ ജെയ്ക് ബാലകുമാറിനേക്കുറിച്ച് നേരത്തെ ഉള്‍പ്പെടുത്തിയിരുന്ന ഭാഗം മാത്യു കുഴല്നാടന് വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. സ്വർണക്കടത്ത് കേസ് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴൽനാടന് ആരോപിച്ചു.
വീണാ വിജയൻ നടത്തുന്ന ഐടി കമ്പനി എക്സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒന്നായി അവർ തന്നെ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാർ. ഇയാൾ ഒരു മെന്ററുടെ സ്ഥാനത്ത്, വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിജ്ഞാനംകൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 107 തവണ വെബ്സൈറ്റ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ 2020 മേയിൽ വെബ് സൈറ്റ്ഡൗൺ ആവുകയും പിന്നീട് ജൂൺ മാസത്തിൽ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്നാടന് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെക്കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യതകളേക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പറഞ്ഞ കാര്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അത് അംബന്ധമാണ് എന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സ്വപ്ന സുരേഷിനെ സെക്രട്ടറിയേറ്റിൽ അല്ലെങ്കിൽ സർക്കാരുമായി ബന്ധപ്പെട്ട് നിയമനം നടത്തിയത് പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്ന കൺസൾട്ടൻസി കമ്പനിയാണ് എന്നത് നിഷേധിക്കാൻ പറ്റുമോ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..