പത്തനംതിട്ട: പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. കോക്കാത്തോട്, വയക്കര പ്രദേശത്തുനിന്നാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തേത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. ഏതാണ്ട് ഒന്നര മാസത്തെ പഴക്കമാണ് ഇതിന് കണക്കാക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. 

കൊല്ലം, പത്തനാപുരത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ വനംവകുപ്പ് വനാതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയുരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് വനംമേഖലയില്‍ വയക്കര പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. 

നേരത്തെ കഴിഞ്ഞ ദിവസം പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍തോട്ടത്തില്‍നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ജെലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

Content Highlights: Materials to make explosive found in Pathanamthitta, konni