തളിപ്പറമ്പിലെ പോലീസ് ഡംപിങ് യാർഡിലുണ്ടായ തീപ്പിടിത്തതിൽ കത്തിനശിച്ച വാഹനങ്ങൾ | Screengrab: Mathrubhumi News
കണ്ണൂര്‍: തളിപ്പറമ്പിലെ പോലീസ് ഡംപിങ് യാര്‍ഡിലുണ്ടായ വന്‍തീപ്പിടിത്തത്തില്‍ മുന്നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് തളിപ്പറമ്പ്-ശ്രീകണ്ഠാപുരം പാതയില്‍ വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡില്‍ തീപ്പിടിത്തമുണ്ടായത്. ഏകദേശം മൂന്നുമണിക്കൂറിന് ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്.
തളിപ്പറമ്പ്,ശ്രീകണ്ഠാപുരം,പഴയങ്ങാടി പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങളാണ് വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡില്‍ സൂക്ഷിച്ചിരുന്നത്. ഒട്ടേറെ ലോറികളും കാറുകളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ രണ്ടേക്കറോളംവരുന്ന യാര്‍ഡിലുണ്ടായിരുന്നു.

സമീപത്തെ മൊട്ടക്കുന്നിലാണ് ആദ്യം തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഡംപിങ് യാര്‍ഡിലെ വാഹനങ്ങളിലേക്കും തീപടരുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകള്‍ എത്തിയാണ് മണിക്കൂറുകള്‍ക്ക് ശേഷം തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. പലവാഹനങ്ങളിലെയും ഇന്ധനടാങ്കുകള്‍ പൊട്ടിത്തെറിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങളും ദുഷ്‌കരമായിരുന്നു. ഒരുഘട്ടത്തില്‍ ഡംപിങ് യാര്‍ഡില്‍നിന്ന് റോഡിന്റെ മറുവശത്തേക്കും തീപടര്‍ന്ന സാഹചര്യമുണ്ടായി. ഇതോടെ പ്രധാനറോഡിലെ ഗതാഗതവും നിര്‍ത്തിവെച്ചു.

ഡംപിങ് യാര്‍ഡും പരിസരവും പതിവായി തീപ്പിടിത്തമുണ്ടാകുന്ന പ്രദേശമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷവും ഇതേസ്ഥലത്ത് തീപ്പിടിത്തമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് മൂന്നുമാസം മുന്‍പ് അഗ്നിരക്ഷാസേന പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും വിവരങ്ങളുണ്ട്. സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: massive fire at police dumping yard in thaliparamba kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..