മലപ്പുറം: ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്ന എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ കൂട്ട സ്ഥലംമാറ്റം. ക്രമക്കേടുകള്‍ക്കെതിരേ മൊഴി നല്‍കിയവരടക്കം 23 പേരെ സ്ഥലംമാറ്റി. ചീഫ് അക്കൗണ്ടന്റിനെ തരംതാഴ്ത്തുകയും ചെയ്തു.

മെയിന്‍ ബ്രാഞ്ചിലെ ചീഫ് അക്കൗണ്ടന്റ്, എട്ട് ബ്രാഞ്ച് മാനേജര്‍മാര്‍ തുടങ്ങിയവര്‍ അടക്കമുള്ള ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. ബാങ്കിലെ മൂന്ന് പേരൊഴികെ മുഴുവന്‍ പേരെയും സ്ഥലംമാറ്റിയെന്നാണ് വിവരം. ക്രമക്കേടുകളുമായി മൊഴികൊടുത്തവരെയാണ് ബാങ്കില്‍നിന്ന് സ്ഥലംമാറ്റിയതെന്നും ഇത് പ്രതികാര നടപടിയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. 

സഹകരണ രജിസ്ട്രാറുടെ നിര്‍ദേശം അനുസരിച്ചാണ്  സ്ഥലംമാറ്റമെന്നാണ് ബാങ്ക് ഭരണസമിതിയുടെ വശദീകരണം. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ഒരേ സ്ഥലത്ത് ജോലിചെയ്യുന്നവരെ മാറ്റണം എന്ന നിര്‍ദേശം അനുസരിച്ചാണ് സ്ഥലംമാറ്റം. കുറച്ചുപേരെക്കൂടി ഇനിയും മാറ്റാനുണ്ടെന്നും ഭരണസമിതി വിശദീകരിക്കുന്നു.

എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നെന്നാണ് ആരോപണം. മുന്‍ മന്ത്രി കെ.ടി. ജലീലാണ് ബാങ്കിനെതിരായി ആരോപണവുമായി രംഗത്തെത്തിയത്. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരേയാണ് ജലീല്‍ പ്രധാനമായും ആരോപണങ്ങള്‍ ഉന്നയിച്ചത്.

Content Highlights: Mass transfer at AR Nagar Bank