പൊരുതി നേടി തുല്യത, പരിഷ്‌കാരങ്ങളുടെ പള്ളിക്കൂടം; ജ്യേഷ്ഠന് 'തിരിച്ചുകൊടുത്ത്' മടക്കം


ജോളി അടിമത്ര

മേരി റോയ് | ഫോട്ടോ: സി. സുനിൽ‌കുമാർ

അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുമക്കളുമായി മുപ്പതാം വയസ്സില്‍ മേരി റോയ് ജീവിതത്തെനോക്കി പകച്ചുനിന്ന ഒരു നിമിഷമുണ്ടായിരുന്നു. ക്രിസ്ത്യന്‍ സ്ത്രീകളുടെ ഗതികേടിന്റെ ആഴം അനുഭവിച്ചറിഞ്ഞ ആ ദിവസം, മേരിറോയിക്ക് നിയോഗമുഹൂര്‍ത്തമായി വഴിമാറുകയായിരുന്നു. പ്രശസ്ഥമായ അതിജീവന പോരാട്ടത്തിന്റെ തുടക്കം അവിടെ തുടങ്ങി. നെഞ്ചില്‍ വീണ അപമാനത്തിന്റെ തീപ്പൊരിയുമായി അവര്‍ ഒറ്റയ്ക്ക് പോര്‍മുഖത്തേക്കിറങ്ങി. ഉടപ്പിറന്നവനുമായി വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം. പോരാടി നേടിയെടുത്തത് പിറന്ന വീടിന്റെ അവകാശം മാത്രമായിരുന്നില്ല, മക്കള്‍ ആണും പെണ്ണും തുല്ല്യരെന്ന വലിയ സാമൂഹിക വിളംബരംകൂടിയായിരുന്നു. പരമോന്നത കോടതികയറി സഹോദരനില്‍നിന്ന് നേടിയെടുത്ത അവകാശം ഒടുവില്‍ അദ്ദേഹത്തിനുതന്നെ തിരികെ നല്‍കി ഔന്നത്യം കാട്ടുകയുംചെയ്തു അവര്‍.

സുപ്രീംകോടതികയറിയ കേസിന് ഒടുവിൽ വിട്ടുവീഴ്ചയുടെ പരിസമാപ്തി. അരനൂറ്റാണ്ടിനുമപ്പുറം നീണ്ട പിണക്കം മേരി റോയ് മറന്നു. സഹോദരനോടുള്ള പരിഭവത്തിനും അകൽച്ചയ്ക്കും വിരാമംകുറിച്ച് തനിക്കുകിട്ടിയ പിതൃസ്വത്ത് ജ്യേഷ്ഠൻ ജോർജിനു തന്നെ കൈമാറുന്നു. ആയിരം പൂർണചന്ദ്രതേജസ്സിൽ, ജീവിതത്തിന്റെ ഇങ്ങേയറ്റത്തുനിന്ന് പിണക്കങ്ങളും പരിഭവവും ഉപേക്ഷിച്ച് തന്റെ കൂടപ്പിറപ്പിനെ ഇരുകൈയും നീട്ടി മേരി റോയ് സ്വാഗതം ചെയ്തു.

‘‘എനിക്കു വലിയ സന്തോഷം തോന്നുന്നു, അദ്‌ഭുതവും... അമ്പതിലധികം വർഷം നീണ്ട പിണക്കം മാറാൻ ഒരു ഫോൺകോൾ മാത്രമേ വേണ്ടിവന്നുള്ളൂ.’’ പരമോന്നത കോടതി കയറിയ അതേ വീറിൽ ഫോണെടുത്ത് ഒരുവിളി. ആ സംസാരത്തിൽ മഞ്ഞുരുകുംപോലെ ഇരുവരുടെയും വാശികൾ അലിഞ്ഞുപോയി. വൈകാതെ സഹോദരൻ മേരിയെ കാണാനെത്തി.

തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശനിയമം ചോദ്യംചെയ്ത് മേരി റോയ് സുപ്രീംകോടതി കയറിയത് ചരിത്രത്തിന്റെ ഭാഗമാണ്. ആയിരക്കണക്കിനു ക്രിസ്ത്യൻ സ്ത്രീകൾ പ്രതീക്ഷയോടെ കാത്തിരുന്ന വിധി കേരളചരിത്രത്തിൽ പ്രകമ്പനം സൃഷ്ടിച്ചു. അതുവരെ സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ സ്ത്രീയുടെ അവകാശം പരമദയനീയമായിരുന്നു. പിതൃസ്വത്തിൽ സഹോദരന് അവകാശപ്പെട്ടതിന്റെ നാലിലൊന്ന് ഭാഗമോ അയ്യായിരം രൂപയോ, ഏതാണോ കുറവ് അതുമാത്രമായിരുന്നു സ്ത്രീയുടെ അവകാശം.
‘‘ഒരു കുടുംബത്തിൽ ഒരേ അപ്പനും അമ്മയ്ക്കും ജനിച്ച മക്കൾ. ആണും പെണ്ണുമായിപ്പോയെന്ന ഒറ്റ കാരണത്താൽ രണ്ടു തട്ടിലാവുന്നു. എന്തൊരു അനീതി. അതിനെയാണ് ഞാൻ ചോദ്യംചെയ്തത്.’’ അതേക്കുറിച്ച് മേരി പറഞ്ഞത് ഇങ്ങനെ

ഈ അനീതിയുടെ വലിയൊരു പിന്നാമ്പുറ കഥ അറിയണമെങ്കിൽ നമ്മൾ അമ്പത്തഞ്ചാണ്ടുകൾ പിന്നിലേക്കു പോകണം. മേരി റോയ് കോട്ടയത്തെ ആഢ്യത്വമുള്ള കുടുംബത്തിലാണ് ജനിച്ചത്, 1933-ൽ. പ്രസവമെടുത്തത് ഡോക്ടറായ ഇളയമ്മ. മുത്തശ്ശൻ ജോൺ കുര്യൻ സ്ഥാപിച്ച സ്കൂളാണ് കോട്ടയത്തെ ആദ്യ സ്കൂളുകളിലൊന്നായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂൾ. അദ്ദേഹം ചീഫ് എൻജീനിയറായിരുന്നു. റിട്ടയർ ചെയ്തുകഴിഞ്ഞ്് പുരോഹിതനായി. അദ്ദേഹത്തിന്റെ മകളുടെ നാലുമക്കളിൽ ഇളയവളായ മേരി ഡൽഹി ജീസസ് മേരി കോൺവെന്റിലും ബിരുദത്തിന് ചെന്നൈ ക്വീൻ മേരീസിലുമാണ് പഠിച്ചത്. അപ്പോഴേക്കും ഓക്സ്‌ഫഡിൽനിന്ന് ബിരുദമെടുത്ത് ജ്യേഷ്ഠൻ ജോർജ് ഐസക്‌ മടങ്ങിയെത്തി െകാൽക്കത്തയിൽ ജോലിക്കു ചേർന്നു. മേരിയും സഹോദരന്റെ അടുത്തേക്കുപോയി.

രാജീബ് റോയി ജീവിതത്തിലേക്ക്...

കൊൽക്കത്തയിൽ ജോലിചെയ്യുമ്പോഴാണ് മേരി ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെ കണ്ടുമുട്ടുന്നത്. ഉയർന്ന ഉദ്യോഗസ്ഥനായ രാജീബ്, തന്നെ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോൾ മേരി സന്തോഷത്തോടെ സമ്മതം നൽകി. വീട്ടുകാർക്കും എതിർപ്പുണ്ടായില്ല. വിവാഹത്തെ തുടർന്ന് അസമിലെ തേയിലത്തോട്ടത്തിൽ മാനേജരായി അദ്ദേഹം ജോലിക്കു ചേർന്നു. രാജകീയ ജീവിതമായിരുന്നു അവിടെ. പക്ഷേ, വിവാഹശേഷമാണ് മേരി മനസ്സാലാക്കുന്നത് രാജീബ് കടുത്ത മദ്യപാനിയാണെന്ന്. നല്ല മനുഷ്യനായിരുന്നു അദ്ദേഹമെങ്കിലും മദ്യപാനസ്വഭാവം മൂലം ഒരു ജോലിയിലും സ്ഥിരമായി നിൽക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും രണ്ടു കുഞ്ഞുങ്ങളും ജനിച്ചു; ലളിതും അരുന്ധതിയും. ജീവിതം ദുസ്സഹമായതോടെ മേരി മക്കളെ കൂട്ടി നാട്ടിലേക്കു മടങ്ങി.

ഊട്ടിയിൽ പിതാവിന്റെ പൂട്ടിക്കിടന്ന കോട്ടേജിലേക്കാണ് മേരി റോയ്് കുഞ്ഞുങ്ങളുമായി പോയത്. അന്നവർക്ക് പ്രായം മുപ്പതു വയസ്സ് !. തരക്കേടില്ലാത്തൊരു ജോലിയും കിട്ടിയതോടെ ജീവിതം പച്ചപിടിച്ചതുടങ്ങി. അപ്പോഴാണ് അപ്പന്റെ വീട്ടിൽനിന്ന് ഇറങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ എത്തുന്നത്. മേരി റോയ് വീട് കൈവശമാക്കിയാലോ എന്നായിരുന്നു ഭയം. സഹോദരൻ ജോർജ് ഗുണ്ടകളുമായെത്തി കതകു ചവിട്ടിപ്പൊളിച്ച് മേരിയെയും പിഞ്ചു കുഞ്ഞുങ്ങളെയും പുറത്താക്കി. അതു മേരി റോയിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളുമായി പകച്ചുനിന്ന ആ നിമിഷമാണ് ക്രിസ്ത്യൻ സ്ത്രീകളുടെ ഗതികേടിന്റെ ആഴം മേരി റോയ് മനസ്സിലാക്കുന്നത്.

ഇതേത്തുടർന്നാണ് 1916-ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തെ ചോദ്യംചെയ്ത് മേരിറോയ് കോടതി കയറുന്നത്. പിൽകാലത്ത് 1966-ൽ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേർന്ന് മേരിക്കുനൽകി.

‘‘അത് ഇഷ്ടദാനം മാത്രമായിരുന്നു. പിതൃ സ്വത്തിന്റെ പങ്കല്ല. അതു വിറ്റുകിട്ടിയ പണത്തിൽ ഒരുഭാഗം കൊണ്ടാണ് കോട്ടയത്ത് പള്ളിക്കൂടം സ്കൂളിനായി സ്ഥലംവാങ്ങിയത്’’ -മേരി റോയ് പറഞ്ഞു.
ലാറി ബേക്കറുടെ കരവിരുതിൽ തീർത്ത മനോഹരമായ കെട്ടിടത്തിൽ 1967-ൽ ക്ളാസ് ആരംഭിച്ചത്. മക്കൾ ലളിതും അരുന്ധതിയും ലാറി ബേക്കറുടെ മകളും ഉൾപ്പെടെ വെറും ഏഴുപേരുമായി(അന്ന് സ്കൂളിന്റെ പേര്‌ കോർപസ്‌ ക്രിസ്റ്റി). മേരി റോയ്്, സ്കൂൾ കോമ്പൗണ്ടിനു നടുവിലെ കോട്ടേജിൽതന്നെ താമസിച്ചു. ആ സ്കൂൾ ഇത്രയും ഉയരങ്ങളിലെത്തുമെന്ന്് താൻ വിചാരിച്ചില്ലെന്ന് അവർ പിന്നീട് പറഞ്ഞു. വിദ്യാഭ്യാസവിചക്ഷണയായ മേരി റോയിയുടെ മേൽനോട്ടത്തിൽ, നിലവിലെ പഠനസമ്പ്രദായത്തിൽനിന്ന് തികച്ചും വിഭിന്നമായ ഒരു കാൽവയ്പായിരുന്നു അത്. ഇന്ന് ആയിരക്കണക്കിനു വിദ്യാർഥികൾ പഠിച്ചിറങ്ങിയ, ഇന്ത്യയിലെ മികച്ച സ്കൂളുകളിലൊന്നായി പള്ളിക്കൂടം സ്കൂൾ മാറിക്കഴിഞ്ഞു.

സ്കൂൾ നടത്തിപ്പിനിടയിലും കോടതിക്കാര്യങ്ങൾക്കു മുടക്കംവന്നില്ല. 1986-ലാണ് സുപ്രീംകോടതി, തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം അസാധുവാക്കിയത്. വിൽപ്പത്രമെഴുതാതെ മരിക്കുന്ന അപ്പന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്ന വിധിയുമുണ്ടായി. ക്രിസ്ത്യൻ പുരുഷസമൂഹത്തെ ഞെട്ടിച്ച വിധി! വിൽപ്പത്രമെഴുതി സുപ്രംകോടതി വിധിയെയും പെൺമക്കളെയും തോൽപ്പിക്കാൻ പുതിയ വഴി അപ്പന്മാർ കണ്ടുപിടിച്ചല്ലോ എന്ന ചോദ്യത്തിന് മേരി റോയിയുടെ മറുപടി ഇങ്ങനെ: ‘‘പുരുഷന്മാരെപ്പോലെതന്നെ തങ്ങളൊരു വ്യക്തിയാണെന്നും ഒരുവയറ്റിൽ പിറന്നവർ രണ്ടുതട്ടിലല്ലെന്നും സ്ത്രീകൾക്കു മനസ്സിലായി. അതൊരു വലിയ തിരിച്ചറിവല്ലേ...’’
സ്വന്തം കൂടപ്പിറപ്പിനെതിരേ സുപ്രീംകോടതിവരെ പോയവൾ എന്നൊരു പേരുദോഷം ഉണ്ടായോ..

‘‘ഞാൻ സഹോദരനെതിരേയല്ല, നീതി തേടിയാണ് കോടതിയിൽ പോയത്. അന്നത്തെ നിയമവാഴ്ചയ്ക്കെതിരേയുള്ള പോരാട്ടം. സ്വത്തിനുവേണ്ടിയുള്ള വാശിയല്ലായിരുന്നു. നമ്മളാരും ഇവിടെനിന്നും ഒന്നും കൊണ്ടുപോകുന്നില്ല. പക്ഷേ, മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അത്.’’
സ്ത്രീയുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരമായ പോരാട്ടത്തിലായിരുന്നു എന്നും മേരി റോയ്. സുപ്രീംകോടതി വിധി വന്നിട്ടും വിധിപ്രകാരം തന്റെ അവകാശം സ്ഥാപിച്ചുകിട്ടാൻ പിന്നെയും കീഴ്‌ക്കോടതി, സബ് കോടതി, ഹൈക്കോടതി എന്നിങ്ങനെ നീണ്ടപോരാട്ടം. പതിറ്റാണ്ടുകൾക്കൊടുവിലാണ് അവകാശം സ്ഥാപിച്ചുകിട്ടിയത്. നാട്ടകത്തെ തന്റെ അവകാശഭൂമിയിൽ നെല്ലും മീനും കപ്പയും വിളയിച്ച് നല്ലൊരു കർഷകയായും അവർ ജീവിതം ആസ്വദിച്ചു.

കേസ് പറഞ്ഞു കിട്ടിയ ഭൂമി തങ്ങൾക്കു വേണ്ടെന്ന അഭിപ്രായമായിരുന്നു മകൻ ലളിത് റോയിക്കും മകൾ അരുന്ധതിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ, അത് സഹോദരനുതന്നെ നൽകിയേക്കാമെന്ന ചിന്ത മേരി റോയിക്കുണ്ടായി...പിന്നെ വൈകിയില്ല, മടിച്ചുമില്ല. മേരി റോയ്, ജോർജിനെ വിളിച്ചു. ആ വിളിയിൽ അൻപതാണ്ടിന്റെ മഞ്ഞുരുകി... പിന്നെ വക്കീലിനെ വിളിച്ചു, പിതൃസ്വത്തായി കോടതി വിധിപ്രകാരം കിട്ടിയ ഷെയർ സഹോദരനു നൽകുന്നതായി രേഖകൾ ഒപ്പിട്ടുനൽകി. കാലം എല്ലാ മുറിവുകളെയും ഉണക്കുന്ന നല്ല വൈദ്യനായി. സന്തോഷവും സമാധാനവും കൂടപ്പിറപ്പുകൾക്കിടയിൽ പ്രകാശംപരത്തി...നിത്യതയിലേക്ക്‌

Content Highlights: Mary Roy’s Legal Battle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented