സ്നേഹമാണ് സ്വത്ത്... പിണക്കങ്ങളില്ലാത്തിടത്തേക്ക്‌ മേരി റോയിയെ യാത്രയാക്കാൻ സഹോദരനെത്തി


മേരി റോയിക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയ സഹോദരൻ ജോർജ് ഐസക്കും ഭാര്യ സൂസിയും ആരാധനഗീതം ആലപിക്കുന്നത് അരുന്ധതി റോയ്‌ മൊബൈലിൽ പകർത്തുന്നു. സ്വത്തവകാശം ലഭിക്കുന്നതിന് മേരി റോയ് ഏറെക്കാലം ജോർജുമായി കേസ് നടത്തിയിരുന്നു. ഈ കേസിലാണ്, ക്രൈസ്തവസ്ത്രീകൾക്കും പൈതൃകസ്വത്തിൽ അവകാശമുണ്ടെന്ന വിധി വന്നത്. സ്വത്തിൽ ഒരുഭാഗം സഹോദരന് തിരിച്ചുനൽകിയ മേരി റോയ്‌ പിന്നീട് അദ്ദേഹവുമായി യോജിപ്പിലെത്തിയിരുന്നു | ഫോട്ടോ-ഇ.വി.രാഗേഷ്

കോട്ടയം: സഹോദരിക്കുസമീപം അദ്ദേഹം ഇരുന്നു. പ്രത്യാശയുടെ ഗീതം ആ ചുണ്ടില്‍നിന്ന് വിറയാര്‍ന്ന ശബ്ദത്തില്‍ ഉയര്‍ന്നു. മേരി റോയിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ സഹോദരന്‍ ജോര്‍ജ് ഐസക്കിന്റെ ഗീതത്തില്‍ പള്ളിക്കൂടത്തിന്റെ കണ്ണും നിറഞ്ഞു.

പോരാട്ടങ്ങളില്ലാത്ത ലോകത്തേക്ക് സഹോദരിയെ യാത്രയാക്കാനെത്തിയ ജോര്‍ജ് പ്രാര്‍ഥിക്കവേ, അന്ത്യയാത്രയ്ക്കുള്ള വാഹനവുമെത്തി.കഴിഞ്ഞദിവസം അന്തരിച്ച സാമൂഹികപ്രവര്‍ത്തക മേരി റോയിയുടെ(89) സംസ്‌കാരം, അവര്‍ സ്ഥാപിച്ച പള്ളിക്കൂടം സ്‌കൂളിന്റെ വളപ്പിലാണ് മതാചാരമില്ലാതെ നടന്നത്. മകളും ബുക്കര്‍ പുരസ്‌കാരജേത്രിയുമായ അരുന്ധതി റോയ് തലയ്ക്കലും, മകന്‍ ലളിത് റോയ് കാല്‍ക്കലും ചിതയ്ക്ക് തീപകര്‍ന്നു. മേരി റോയ് എന്നും വിശ്രമിച്ചിരുന്ന സ്ഥലത്തിരുന്ന് ജോര്‍ജും ഇതിനെല്ലാം സാക്ഷിയായി.

അപ്പന്റെ സ്വത്തിന്റെ പകുതി ലഭിക്കാന്‍വേണ്ടിയാണ് മേരി റോയ് സഹോദരനുമായി കേസ് നടത്തിയത്. എന്നാല്‍, നാലുവര്‍ഷംമുമ്പ് ജോര്‍ജിനെ മേരി റോയ് ഫോണില്‍ വിളിച്ചതോടെ കാലുഷ്യത്തിന്റെ മഞ്ഞുരുകിയിരുന്നു. ജോര്‍ജിനെതിരേയല്ല, മറിച്ച് സ്ത്രീകളെ രണ്ടാമതാക്കുന്ന നിയമത്തിനെതിരേയാണ് താന്‍ പോരാടിയതെന്ന് മേരി വിശദീകരിക്കുകയും ചെയ്തു. രാവിലെ 11 മണിയോടെ സ്‌കൂളിലേക്ക് ഭാര്യ സൂസിയുടെ കൈപിടിച്ചാണ്, പ്രായത്തിന്റെ അവശതകള്‍ മാറ്റിവെച്ച് ജോര്‍ജ് എത്തിയത്. അരുന്ധതി മുറ്റത്തേക്ക് ഓടിയെത്തി അമ്മാവനെ വരവേറ്റു.

''അമ്മയുടെ വലിയ ശത്രുവായി ലോകം കണ്ടത് ഈ അമ്മാവനെയാണ്. വലിയ ശത്രു ഏറ്റവും വലിയ മിത്രവുമാണ്. ആശയങ്ങള്‍ക്കുവേണ്ടി നടത്തിയ പോരിനപ്പുറം, സ്‌നേഹത്തിന്റെ വലിയൊരിടം ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു. അത് അവര്‍ക്കും ഞങ്ങള്‍ക്കും അറിയാം.'' അരുന്ധതിയുടെ വാക്കുകള്‍ ഹാളില്‍ നിറഞ്ഞു. അമ്മയ്ക്കുവേണ്ടി അദ്ദേഹം ഇപ്പോള്‍ ഗീതമാലപിക്കുമെന്നറിയിച്ച് അരുന്ധതിതന്നെ മൈക്ക് അദ്ദേഹത്തിന് കൈമാറി.

12 മണിക്ക് പോലീസ്സംഘം അഭിവാദ്യമര്‍പ്പിച്ചതോടെ മേരി റോയിയുടെ ഭൗതികശരീരം അവര്‍ക്കേറെ പ്രിയപ്പെട്ട പള്ളിക്കൂടംകുന്നില്‍ എരിഞ്ഞടങ്ങി.

Content Highlights: mary roy funeral-brother


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented